ADVERTISEMENT

പത്തനാപുരം (കൊല്ലം) ∙ പത്തനാപുരത്തു സ്വകാര്യ ബാങ്കിൽ  മദ്യവും മുറുക്കാനും വച്ചു പൂജ നടത്തി  വൻകവർച്ച. ലോക്കർ കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ സ്വർണവും 4 ലക്ഷം രൂപയും അപഹരിച്ചു. ജനതാ ജംക്‌ഷനിലെ പത്തനാപുരം ബാങ്കേഴ്സ് എന്ന സ്ഥാപനത്തിലാണു സംഭവം. രണ്ട് ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 100 പവനോളം സ്വർണവും 4 ലക്ഷം രൂപയുമാണു മോഷണം പോയതെന്നു ബാങ്ക് ഉടമ രാമചന്ദ്രൻ നായർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 

പൊലീസ് പറയുന്നത്: ശനി ഉച്ചവരെ ബാങ്ക് പ്രവർത്തിച്ചിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ സ്ഥാപനത്തിലെത്തിയ ഉടമയും ജീവനക്കാരുമാണു മോഷണവിവരം ആദ്യം അറിയുന്നത്. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ മുകൾനിലയിലൂടെ രണ്ടാം നിലയിലേക്ക് എത്തിയ മോഷ്ടാക്കൾ ബാങ്കിന്റെ മുൻവശത്തെ ഇരുമ്പ് ഗ്രിൽ പൊളിച്ച്, കതക് കുത്തിത്തുറന്ന് അകത്തു കയറിയതെന്നാണു നിഗമനം.

ലോക്കറിന്റെ പൂട്ട് കട്ടർ ഉപയോഗിച്ചു മുറിച്ചുനീക്കിയ ശേഷം ഉള്ളിലൂടെ കയ്യിട്ട് ലോക്ക് തുറന്നു സ്വർണം മോഷ്ടിച്ചെന്നും പൊലീസ് പറയുന്നു. പുനലൂർ ഡിവൈഎസ്പി ബി.വിനോദ്, പത്തനാപുരം എസ്ഐ അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. 

30 ലക്ഷം രൂപയുടെ സ്വർണവും പണവും അപഹരിച്ച പത്തനാപുരത്തെ സ്വകാര്യ ബാങ്കിൽ അടിമുടി ദുരൂഹതകളും കൗതുകവും. ബാങ്കിന്റെ ഓഫിസ് മുറിയുടെ ഭാഗത്ത് മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം. നാരങ്ങയിൽ കുത്തിയ ശൂലത്തിൽ മഞ്ഞച്ചരട്,  മദ്യവും മുറുക്കാനും വച്ച് കാണിക്ക. പൂജ ചെയ്തതിന്റെ ലക്ഷണങ്ങൾ വ്യക്തം. മുറി നിറയെ തലമുടി വിതറിയിട്ടിരിക്കുന്നു. ഡോഗ് സ്ക്വാഡ് മണം പിടിക്കുന്നത് ഒഴിവാക്കുകയാണു മുടി വിതറിയതിലൂടെ ലക്ഷ്യമിട്ടതെന്നു പൊലീസ് അനുമാനിക്കുന്നു. 

‘ഞാൻ അപകടകാരി, പിന്തുടരരുത്’; പൊലീസിന് മുന്നറിയിപ്പ്

മോഷണം നടന്ന ബാങ്കിൽ ഇംഗ്ലിഷിൽ എഴുതി ഒട്ടിച്ച പോസ്റ്ററിലെ വാചകമാണിത്. പൊലീസിനും മുന്നറിയിപ്പ് എന്ന രീതിയിൽ എഴുതിയ ഈ പോസ്റ്റർ പൊലീസ് ഗൗനിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്നതിനായി എഴുതി വച്ചതാണെന്ന നിഗമനത്തിലാണ്.

English Summary: Robbery in Pathanapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com