ADVERTISEMENT

ചങ്ങനാശേരി ∙ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും വീട്ടുകാര്യങ്ങളും കടയിലെ തിരക്കും ആയിരുന്നു മുൻപ് മാടപ്പള്ളി ഈയ്യാലിൽ തെക്കേതിൽ റോസ്‌ലിൻ ഫിലിപ്പിന്റെ ജീവിതം. ശാന്തമായി നീങ്ങിയ ഈ ജീവിതത്തെ സമരങ്ങളുടെ നടുവിലേക്ക് എത്തിച്ച മുണ്ടുകുഴിയിലെ സിൽവർലൈൻ വിരുദ്ധ പ്രതിഷേധം നടന്നിട്ട് ഇന്ന് 2 മാസം. മാർച്ച് 17നാണ് സമരത്തിനിടയിൽ പൊലീസ് റോസ്‌ലിനെ (50) വലിച്ചിഴച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. ഇതുകണ്ട് മകൾ സോമിയ  നിലവിളിക്കുന്ന കാഴ്ചയും അമ്മയുടെ മടങ്ങി വരവിനായുള്ള കാത്തിരിപ്പും നാടെങ്ങും ചർച്ചയായിരുന്നു.

മുണ്ടുകുഴിയിൽ കഴിഞ്ഞ മാസം 20 മുതൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതി സ്ഥിരം സമരപ്പന്തൽ കെട്ടി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. റോസ്‌ലിൻ മുടങ്ങാതെ സമരപ്പന്തലിൽ എത്തുന്നുണ്ട്. തൃശൂർ, എറണാകുളം, കൊല്ലം ജില്ലകളിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും സിൽവർലൈൻ വിരുദ്ധ പരിപാടികളിൽ ഇതിനിടെ പങ്കെടുത്തു. പിന്തുണ അറിയിച്ചും മറ്റും ഒട്ടേറെ ആളുകൾ വിളിക്കുന്നുമുണ്ട്. സമരം ചെയ്തവർക്കെതിരെ കേസ് എടുത്തതായി അറിഞ്ഞെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. പൊലീസ് അതിക്രമത്തിനെതിരെ താൻ നൽകിയ പരാതിയിൽ ഹിയറിങ്ങിനായി വിളിപ്പിച്ചതിൽ കവിഞ്ഞ് ഒന്നും ചെയ്തിട്ടില്ലെന്നും റോസ്‍ലിൻ പറഞ്ഞു.

‘അന്നത്തെ പൊലീസ് അതിക്രമത്തിന്റെ ഫലം ഇപ്പോഴും അനുഭവിക്കുന്നുണ്ട്. തോളിനും കാൽമുട്ടിനും വേദനയുണ്ട്. കല്ലിടൽ നടപടി നിർത്തിവച്ചത് കണ്ണിൽ പൊടിയിടാനുള്ള വേലയാണ്. സാമൂഹികാഘാത പഠനം നടത്താനുള്ള തട്ടിക്കൂട്ട് പരിപാടിയാണ് സാറ്റലൈറ്റ് സർവേ. സമരത്തിൽ നിന്ന് പിന്നോട്ടില്ല, ഒരടി കൂടി മുൻപോട്ട് വയ്ക്കാനാണ് ആഗ്രഹിക്കുന്നത്. പൊലീസ് സ്റ്റേഷൻ എന്നു കേൾക്കുമ്പോൾ പേടിയായിരുന്നു. അന്നത്തെ സംഭവം ഉള്ളിലെ ഭയം മാറ്റി. അന്നത്തെ സംഭവങ്ങളുടെ വിഡിയോ എല്ലാ ദിവസവും കാണും. ഉള്ളിലെ കനൽ കെട്ടുപോകാതെ ഓരോ ദിവസവും ആളിക്കത്തിക്കുകയാണ്. ഈ പദ്ധതിയിൽ നിന്ന് സർക്കാർ പൂർണമായി പിൻമാറുന്നതു വരെ സമര മുഖത്തുണ്ടാകും’ – അവർ പറഞ്ഞു.

Content Highlight: Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com