ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ, സ്വിഫ്റ്റിനുവേണ്ടി 700 സിഎൻജി ബസുകൾ വാങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഇതിനായി കിഫ്ബിയിൽ നിന്നു 4% പലിശ നിരക്കിൽ 455 കോടി രൂപ അനുവദിക്കും. 

ഇതേസമയം, ശമ്പളപ്രതിസന്ധി പരിഹരിക്കാൻ ധന, ഗതാഗത മന്ത്രിമാരെ മന്ത്രിസഭ ചുമതലപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി സ്ഥിരമായി പരിഹരിക്കാനുള്ള മാർഗങ്ങൾ ആരായാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തി. ജോലി ചെയ്യിച്ച ശേഷം ജീവനക്കാർക്കു ശമ്പളം നൽകാത്തതു ശരിയായ കീഴ്‌വഴക്കമല്ലെന്ന് ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ ചില മന്ത്രിമാർ അഭിപ്രായപ്പെട്ടു. 

വിവിധ ഡിപ്പോകളിലായി 2800 ബസുകൾ തുരുമ്പെടുത്തു നശിക്കുമ്പോഴാണ് സ്വിഫ്റ്റിന് പുതിയ ബസ് വാങ്ങാൻ അനുമതി നൽകിയത്. ബസ് നശിപ്പിക്കുന്ന സർക്കാർ നടപടിയെ ഹൈക്കോടതി ഈയിടെ വിമർശിച്ചിരുന്നു. സിഎൻജി ബസ് വാങ്ങാൻ തീരുമാനിച്ചെങ്കിലും സംസ്ഥാനത്ത് ഏതാനും നഗരങ്ങളിൽ ഒഴികെ സിഎൻജി നിറയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. സിഎൻജി ഫില്ലിങ് സംവിധാനമില്ലെങ്കിൽ ബസ് വാങ്ങിയാലും വെറുതേ ഇടേണ്ടി വരും. പുതിയ ബസുകൾ എത്തുന്നതോടെ ബസുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധനച്ചെലവും കുറയുമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. 

പണം കിട്ടിയ ശേഷം വ്യവസ്ഥ തീരുമാനിക്കും

തിരുവനന്തപുരം ∙ സിഎൻജി ബസുകൾ വാങ്ങുന്നത് ഏതു വ്യവസ്ഥപ്രകാരമാണെന്നു പണം കിട്ടിയശേഷം തീരുമാനിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധി അറിയിച്ചു. കമ്പനികളുമായി നേരിട്ടു ചർച്ച നടത്തി ധാരണയിലെത്തിയോ ടെൻഡർ വിളിച്ചോ ആകും ബസുകൾ വാങ്ങുക. പണം നൽകുന്ന കിഫ്ബി ഇതിൽ വ്യവസ്ഥകൾ മുന്നോട്ടു വച്ചിട്ടില്ല. വിദേശത്തുള്ള സിഎംഡി മടങ്ങിയെത്തിയ ശേഷം വേഗത്തിൽ നടപടികളുണ്ടാകും. നിലവിൽ 700 ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ റൂട്ട് സ്വിഫ്റ്റിനു വഴി മാറുമെന്നും സൂചനയുണ്ട്. ഈ ബസുകൾ പുതിയ ബസ് വരുന്ന മുറയ്ക്ക് ഓർഡിനറി ആയി മാറ്റും. 

English Summary: KSRTC to buy 700 CNG buses, cabinet sanctioned rs 455 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com