ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 56 വയസ്സു പിന്നിട്ട പതിനാലായിരത്തിലേറെപ്പേർ സ്ഥിരവരുമാനമുള്ള ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേർക്കു തൊഴിൽ ലഭ്യമാക്കാൻ നടത്തിയ സർവേയിലാണ് 56 പിന്നിട്ട 14,304 പേർ ജോലിക്കു താൽപര്യം അറിയിച്ചത്. സർക്കാർ സർവീസിൽ വിരമിക്കൽ പ്രായം 56 വയസ്സ് ആണ്. 18– 59 പ്രായമുള്ളവരിൽ കുടുംബശ്രീ പ്രവർത്തകർ നടത്തിയ വിവരശേഖരണത്തിൽ 50 പിന്നിട്ട 90,900 പേർ ജോലി വേണമെന്ന താൽപര്യം പ്രകടിപ്പിച്ചു. ഇവർക്കു നിലവിൽ സ്ഥിരവരുമാനമില്ല.

ഒരാഴ്ച കൊണ്ട് 68,43,742 വീടുകൾ സന്ദർശിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ അടിസ്ഥാനമാക്കി നടത്തിയ സർവേയിൽ 45,94,543 തൊഴിലന്വേഷകരെയാണു കണ്ടെത്തിയത്. പ്ലസ്ടു മുതൽ മുകളിലേക്കു യോഗ്യതയുള്ളവരുടെ കണക്കെടുപ്പാണു നടത്തിയത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിലവിൽ റജിസ്ട്രേഷൻ 37.14 ലക്ഷമാണ്. ഇവിടെ 40 വയസ്സു വരെയുള്ളവർക്കാണു റജിസ്ട്രേഷൻ. കുടുംബശ്രീ സർവേയിൽ 59 വയസ്സു വരെയുള്ളവരെ പരിഗണിച്ചു. അതേസമയം, എക്സ്ചേഞ്ചിലേതുപോലെ എസ്എസ്എൽസി മാത്രം യോഗ്യതയുള്ളവരെ ഉൾപ്പെടുത്തിയുമില്ല.

സർവേ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കമ്യൂണിറ്റി അംബാസഡർമാർ തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ വിശദമായ വിവരശേഖരണം നടത്തും. ഇപ്പോൾ കണ്ടെത്തിയതിൽ 30 ലക്ഷം പേർക്കെങ്കിലും തൊഴിൽ നൈപുണ്യ പരിശീലനം നൽകേണ്ടിവരും. കേരളത്തിൽ കോഴ്സ് പൂർത്തിയാക്കിയ ഉടൻ അതുമായി ബന്ധപ്പെട്ട തൊഴിൽ ലഭിക്കുന്നവർ കുറവാണെന്നു സർവേ വ്യക്തമാക്കുന്നു. തൊഴിലന്വേഷകരിൽ 58% (26,82,949 പേർ) സ്ത്രീകളാണ്.

ഉപതിരഞ്ഞെടുപ്പു നടക്കുന്ന തദ്ദേശസ്ഥാപന വാർഡുകളിൽ ഇന്നലെയാണു സർവേ നടത്തിയത് എന്നതിനാൽ ഈ വിവരങ്ങൾ കൂടി ചേർക്കുമ്പോൾ തൊഴിലന്വേഷകരുടെ ആകെ എണ്ണം ഇനിയും വർധിക്കും. എറണാകുളം ജില്ലയിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു ശേഷമാകും സർവേ. ഏതെങ്കിലും വീടുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ തൊഴിലന്വേഷകർക്കു കെ ഡിസ്ക് ഹെൽപ്‌ലൈൻ നമ്പറിൽ (0471 2737881) ബന്ധപ്പെട്ട് വിവരങ്ങൾ നൽകാം.

Content Highlight: Kudumbasree survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com