ADVERTISEMENT

കോഴിക്കോട് ∙ അടുത്ത സാമ്പത്തിക വർഷം അവശ്യമരുന്നു സംഭരണത്തിനു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ 30 കോടി രൂപയെങ്കിലും അധികം ചെലവഴിക്കേണ്ടിവരും. ടെൻഡർ നേടിയ കമ്പനികൾ വില കുറയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 35 ഇനം മരുന്നുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടെൻഡർ അന്തിമമാക്കിയെങ്കിലും, നാൽപതിലേറെ മരുന്നുകളുടെ ടെൻഡറിൽ ഒന്നാം സ്ഥാനത്തെത്തിയ 3 കമ്പനികൾക്ക് ഓർഡർ നൽകുന്നത് കോടതി ഉത്തരവുകൾക്കു വിധേയമായിരിക്കുമെന്നു കോർപറേഷൻ വ്യക്തമാക്കി.

ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണം കുറഞ്ഞതും മരുന്നുസംയുക്തങ്ങളുടെ വിലയും നികുതിയും വർധിപ്പിച്ചതും തിരിച്ചടിയാവുമെന്നു ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ഐവി ഫ്ളൂയിഡിനാണ് വലിയ വില വ്യത്യാസം വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം 18 കോടി രൂപയ്ക്കു സംഭരിച്ച ഐവി ഫ്ളൂയിഡിന് ഇത്തവണ 27 കോടി വേണ്ടിവരും. കാൻസർ മരുന്നുകൾക്കു വില കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റു മരുന്നുകളുടെ വില 25–35% വരെ ഉയർന്നു. 35 ഇനം മരുന്നുകൾക്ക് പൊതുവിപണിയെക്കാൾ വില കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടർന്നാണു ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെ അവ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

ടെൻഡറിൽ പങ്കെടുക്കാനുള്ള സാമ്പത്തിക യോഗ്യത 50 കോടിയുടെ വിറ്റു വരവ് എന്നു നിശ്ചയിച്ചതോടെ പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണം കുറ‍ഞ്ഞിരുന്നു. ഇതോടെ  കാര്യമായ മത്സരവും ഉണ്ടായില്ല. ഈ ടെൻഡറിനു ശേഷം കാൻസർ മരുന്നുകൾക്കു ടെൻഡർ വിളിച്ചപ്പോൾ യോഗ്യതാ മാനദണ്ഡം 30 കോടിയാക്കി കുറച്ചു. തുടർന്നാണു റീജനൽ കാൻസർ സെന്ററിലേതിനെക്കാൾ വിലക്കുറവിൽ മരുന്നു ലഭ്യമായത്.

74 ഇനം മരുന്നുകളുടെ വിതരണത്തിന് അർഹത നേടിയിട്ടുള്ള യുണിക്യുവർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയ കേസ് ഛത്തീസ്ഗഡ് കോടതിയിൽ നടക്കുന്നുണ്ട്. ഇരുപതോളം ഇനങ്ങൾക്ക് യുണിക്യുവർ മാത്രമേ അർഹത നേടിയിട്ടുള്ളൂ. കമ്പനിക്കെതിരെ കോടതിവിധി വന്നാൽ ഈ മരുന്നുകൾക്കെല്ലാം റീ ടെൻഡർ വേണ്ടി വരും. ഭാരത് സെറംസ്, ഹെൽത്ത് ബയോടെക് എന്നീ കമ്പനികൾക്ക് ഓർഡർ നൽകുന്നതും കോടതി വിധിയെ ആശ്രയിച്ചിരിക്കും.

Content Highlight: Medicine procurement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com