ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു ബവ്റിജസ് കോർപറേഷന്റെ (ബവ്കോ) കൂടുതൽ മദ്യവിൽപനശാലകൾ വരുന്നു. തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയവ തുടങ്ങാനും മുൻപു പൂട്ടിപ്പോയവ പുനരാരംഭിക്കാനുമാണു സർക്കാർ ഉത്തരവ്. 68 മദ്യവിൽപനശാലകളാണു മുൻപു പൂട്ടിയത്. ഇതിനു പുറമേ തിരക്കു കുറയ്ക്കാൻ ആവശ്യാനുസരണം പുതിയ മദ്യശാലകൾ തുടങ്ങാമെന്നും നികുതി സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെ ഉത്തരവിൽ പറയുന്നു.

തിരക്കു കുറയ്ക്കാൻ 175 പുതിയ മദ്യശാലകൾ കൂടി ആരംഭിക്കണമെന്നായിരുന്നു ബവ്കോ എംഡിയുടെ ശുപാർശ. ഇതു പരാമർശിച്ചാണ് ഉത്തരവെങ്കിലും പുതുതായി തുടങ്ങുന്നവയുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ശുപാർശ പൂർണമായി അംഗീകരിച്ചാൽ ഇപ്പോഴുള്ളതിനു പുറമേ, 243 മദ്യശാലകൾ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 552 മദ്യവിൽപന ശാലകളാകും. നിലവിൽ ബവ്കോയ്ക്കും കൺസ്യൂമർഫെഡിനുമായി 306 മദ്യശാലകളാണുള്ളത്. കൺസ്യൂമർഫെഡിന് 3 ബീയർ വിൽപന കേന്ദ്രങ്ങളുമുണ്ട്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു ഘട്ടംഘട്ടമായ മദ്യനിരോധനത്തിന്റെ ഭാഗമായി ഓരോ വർഷവും 10% മദ്യവിൽപനശാലകൾ പൂട്ടാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് 68 എണ്ണം പൂട്ടിയത്. മദ്യനയത്തിലെ പ്രഖ്യാപനത്തിന്റെയും മദ്യശാലകൾക്കു മുൻപിലെ തിരക്കു കുറയ്ക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണു തീരുമാനമെന്നാണു വിശദീകരണം.

മറ്റു സംസ്ഥാനങ്ങളിൽ 20 ചതുരശ്ര കിലോമീറ്ററിനും 25,000 ജനങ്ങൾക്കും ഒരു മദ്യശാലയുള്ളപ്പോൾ, കേരളത്തിൽ 100 ചതുരശ്ര കിലോമീറ്ററിനും ഒന്നേകാൽ ലക്ഷം ജനങ്ങൾക്കുമാണ് ഒരു മദ്യശാലയെന്നായിരുന്നു ബവ്കോ എംഡിയുടെ റിപ്പോർട്ട്.

വേണമെങ്കിൽ അടുത്ത താലൂക്കിലും

പൂട്ടിപ്പോയതിനു പകരമുള്ളവ ആ താലൂക്കിലോ തൊട്ടടുത്ത താലൂക്കിലോ തുടങ്ങാമെന്ന് ഉത്തരവിൽ പറയുന്നു. നേരത്തേ ഒരു താലൂക്കിലെ ലൈസൻസിന് ആ താലൂക്കിൽ മാത്രമായിരുന്നു പ്രവർത്തനപരിധി. പുതിയവ വോക്–ഇൻ സൗകര്യമുള്ളതാകണം. പുതിയ മദ്യശാലകൾ ബവ്കോ എംഡി സമർപ്പിച്ചിരിക്കുന്ന പട്ടികയിലെ സ്ഥലങ്ങളിലോ, എക്സൈസ് വകുപ്പ് പരിശോധിച്ച് അംഗീകരിക്കുന്ന സ്ഥലങ്ങളിലോ തുടങ്ങാം.

പുനരാരംഭിക്കുന്നവ ജില്ല തിരിച്ച്

തിരുവനന്തപുരം– 5, 

കൊല്ലം– 6, 

പത്തനംതിട്ട– 1, 

ആലപ്പുഴ– 4, 

കോട്ടയം– 6, 

ഇടുക്കി– 8, 

എറണാകുളം– 8, 

തൃശൂർ– 5, 

പാലക്കാട്– 6, 

മലപ്പുറം– 3, 

കോഴിക്കോട്– 6, 

വയനാട്– 4, 

കണ്ണൂർ– 4, 

കാസർകോട്– 2

English Summary: New liquor shops to be opened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com