ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയുടെ ‘കല്ലു പിഴുതുമാറ്റാൻ’ സർക്കാർ തന്നെ തയാറായത് ശക്തമായ രാഷ്ട്രീയ സമ്മർദം കാരണം. സിപിഎമ്മിന്റെ വിവിധ കമ്മിറ്റികളിൽ ഉയർന്ന ആശങ്കകൾ, കേന്ദ്ര നേതൃത്വം പങ്കുവച്ച മുന്നറിയിപ്പുകൾ എന്നിവ നിർണായകമായി. ശാസ്ത്രസാഹിത്യ പരിഷത് ഉൾപ്പെടെയുള്ള ഇടതു സമൂഹത്തിന്റെ വികാരവും അവഗണിക്കാനാവുമായിരുന്നില്ല.

കണ്ണൂർ പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചു സിൽവർലൈൻ ചർച്ച ചെയ്യപ്പെടുകയും പദ്ധതി വേണമെന്ന അഭിപ്രായം ഉയരുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ രണ്ട് ആശയങ്ങൾ ഉണ്ടായി. എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം ഒരു വശത്ത്. പദ്ധതി വേണം, അതു ജനങ്ങളെ ശത്രുപക്ഷത്താക്കി ആകരുത് എന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉൾപ്പെടെയുള്ളവരുടെ വാദം മറുവശത്ത്.

സമ്മേളനത്തിരക്കു കഴിഞ്ഞതോടെ കേരള നേതൃത്വം ഈ രണ്ടു വാദഗതികളും വിശകലനം ചെയ്തു. കൊച്ചി സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസനരേഖ താഴെത്തട്ടിൽ റിപ്പോർട്ട് ചെയ്തപ്പോഴുണ്ടായ ചർച്ചകളിലും നിറഞ്ഞു നിന്നതു സിൽവർലൈൻ തന്നെയായിരുന്നു. 

പ്രതിഷേധക്കാരെ പൊലീസ് കൈകാര്യം ചെയ്തതിനെതിരെ സിപിഐ നേതൃയോഗങ്ങളിൽ ഉയർന്ന എതിർപ്പ് അവർ സിപിഎമ്മിനെ അറിയിച്ചു. കല്ലിടലിനു റവന്യു വകുപ്പ് കാർമികരാകുന്നതിലെ പ്രതിഷേധം സിപിഐയിലും ഉണ്ടായി. രാഷ്ട്രീയ ഭവിഷ്യത്തുകൾ ആലോചിക്കാതെയുള്ള നടപടികൾ കെ–റെയിലിന്റെ ഭാഗത്തു നിന്നു നടക്കുന്നുവെന്ന വിലയിരുത്തൽ സിപിഎമ്മിലും സിപിഐയിലും ശക്തമായി. ഇതോടെയാണു മണ്ണിലെ സർവേ തൽക്കാലം മാനത്തേക്കാക്കാൻ തീരുമാനിച്ചത്. ജനങ്ങളുമായി യുദ്ധം ചെയ്തല്ല, പദ്ധതി നടപ്പാക്കുകയെന്ന് അമേരിക്കയിൽ നിന്നു തിരിച്ചെത്തിയ ഉടൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു വിശദീകരിക്കേണ്ടിയും വന്നു.

പ്രതിപക്ഷ പ്രതിഷേധത്തിന്റെ പേരിൽ മുട്ടുമടക്കാനോ പദ്ധതിയിൽ നിന്നു പിൻവാങ്ങാനോ തയാറല്ലെന്നും നേതാക്കൾ വ്യക്തമാക്കുന്നു. കേരളത്തിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കണമെങ്കിൽ സഞ്ചാരസൗകര്യം കൂടിയേ തീരൂവെന്നാണു പാർട്ടി ഉന്നതർ ചൂണ്ടിക്കാട്ടുന്നത്. അത് ഉണ്ടാക്കുന്ന കടക്കെണിയെക്കുറിച്ചു ചോദിച്ചാൽ സാമ്പത്തികാഭിവൃദ്ധിക്കു വേണ്ടിയാണ് സിൽവർലൈൻ എന്ന വിശദീകരണവും വരും.

സാമൂഹികാഘാത പഠനത്തിനു വേണ്ടിയുള്ള അതിരടയാളങ്ങൾ ജിയോടാഗിങ് വഴി നിർണയിച്ചു കഴിഞ്ഞാൽ അടുത്ത ഘട്ടം ജനങ്ങളിൽ നിന്നുള്ള തെളിവെടുപ്പ് (പബ്ലിക് ഹിയറിങ്) ആണ്. ഇതു കൂടി പൂർ‍ത്തിയായാലേ റിപ്പോർട്ട് തയാറാക്കാൻ കഴിയൂ. തെളിവെടുപ്പു ഘട്ടത്തിലും എതിർപ്പിന്റെ ദൃശ്യങ്ങൾ കേരളമാകെ ഉയരുമെന്ന കാര്യം സിപിഎം കണക്കിലെടുക്കുന്നു. കല്ലുകൾക്കു പകരം ജിപിഎസ് തീരുമാനിച്ചെങ്കിലും ഭൂമി ഏറ്റെടുക്കലിന്റെ ഘട്ടത്തിൽ അതിനു കഴിയില്ല. കല്ലിട്ടു മാത്രമേ ഭൂമി ഏറ്റെടുക്കാൻ സാധിക്കൂ. അതു നടക്കണമെങ്കിൽ ഡിപിആറിന് അന്തിമാനുമതി ലഭിക്കുകയും വേണം.

ഭൂമി വിട്ടുനൽകേണ്ട ഓരോരുത്തരെയും നേരിൽ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തി അപ്പോഴേക്കും അന്തരീക്ഷത്തിന് അയവുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണു സിപിഎമ്മിന്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പദ്ധതിക്കായുള്ള വ്യാപക ബോധവൽക്കരണ പരിപാടി ആരംഭിക്കും. എൽഡിഎഫ് അതു സംഘടിപ്പിക്കണമെന്ന അഭിപ്രായം സിപിഎമ്മിന് ഉണ്ടെങ്കിലും സമ്മേളനങ്ങളുടെ തിരക്കിലാണ് തങ്ങളെന്ന നിലപാടാണ് സിപിഐക്ക്.

Content Highlight: Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com