ADVERTISEMENT

തൊടുപുഴ ∙ തൊണ്ടിമുതലെന്ന് ആരോപിച്ച് പൊലീസ് കണ്ടെടുത്ത സ്വർണം 33 വർഷത്തിനുശേഷം ജ്വല്ലറി ഉടമയ്ക്കു തിരിച്ചുകിട്ടി. തൊടുപുഴ കണ്ടിരിക്കൽ ജ്വല്ലറിയിൽ നിന്നു പൊലീസ് കൊണ്ടുപോയ 10 ഗ്രാം സ്വർണമാണ് ‘എടുത്തയിടത്തു തിരികെ എത്തിക്കാൻ’ കോടതി ഉത്തരവിട്ടത്. കേസ് തെളിയിക്കാൻ പൊലീസ് പരാജയപ്പെട്ടതോടെയാണു വിധി. ഈ സ്വർണം വിറ്റുകിട്ടുന്ന പണം ഡയാലിസിസ് രോഗികളെ സഹായിക്കാൻ നീക്കിവയ്ക്കുമെന്നു ജ്വല്ലറി ഉടമ മാത്യു (കുട്ടിയച്ചൻ കണ്ടിരിക്കൽ) പറഞ്ഞു.

1989 ഒക്ടോബറിലാണു സംഭവം. മുട്ടത്ത് ഒരു സ്ത്രീയുടെ മാല മോഷണം പോയ കേസിൽ അറസ്റ്റിലായ പ്രതിയുമായി കാഞ്ഞാർ പൊലീസ് ജ്വല്ലറിയിലെത്തി. മോഷ്ടിച്ച 10 ഗ്രാമിന്റെ മാല മാത്യുവിനു വിറ്റെന്നായിരുന്നു പ്രതിയുടെ മൊഴി. ഒന്നുകിൽ  സ്വർണം നൽകുക അല്ലെങ്കിൽ പ്രതിക്കൊപ്പം  സ്റ്റേഷനിലേക്കു പോകുക എന്നതു മാത്രമായിരുന്നു പൊലീസ് നിർദേശം. ജ്വല്ലറിയിൽ ഇരുന്ന പുതിയ ഒരു മാലയെടുത്ത് ഉരുക്കി കട്ടിയാക്കി പൊലീസിനു നൽകിയെങ്കിലും സ്വർണം തന്റേതാണെന്നു രേഖകൾ സഹിതം മാത്യു പിറ്റേന്നു തന്നെ പരാതി നൽകി. 10 വർഷത്തിനുശേഷം വിചാരണ തുടങ്ങിയപ്പോൾ ഒരു തവണ മാത്യുവിനെ കോടതിയിൽ വിളിപ്പിച്ചെങ്കിലും പ്രതിക്കു തിരിച്ചറിയാൻ സാധിച്ചില്ല. ഒടുവിൽ, പ്രതിയെ കോടതി വിട്ടയച്ചു. ആറുമാസം മുൻപ‍ു കാഞ്ഞാർ സ്റ്റേഷനിൽ നിന്ന് ഒരു വിളി വന്നു. സ്വർണം തൊടുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്ന് ഏറ്റുവാങ്ങാമെന്നായിരുന്നു അറിയിപ്പ്. 1980ൽ മാത്യുവിന്റെ പിതാവ് കട നടത്തുമ്പോഴും സമാനരീതിയിൽ സംഭവമുണ്ടായിട്ടുണ്ട്. 4 വർഷത്തിനു ശേഷമാണ് അന്നു തിരികെ ലഭിച്ചത്. 

English Summary: Gold given back after 33 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com