ADVERTISEMENT

തിരുവനന്തപുരം∙ മദ്യക്കടകൾക്കു മുൻപിലെ തിരക്കു കുറയ്ക്കുന്നതിനു പുതിയതായി ആരംഭിക്കാൻ ബവ്കോ ശുപാർശ ചെയ്ത 175 മദ്യക്കടകളിൽ ഏറ്റവുമധികം തൃശൂർ ജില്ലയിൽ. ഇവിടെ 23 എണ്ണവും തിരുവനന്തപുരത്ത് 22 എണ്ണവും ആലപ്പുഴയിൽ 21 എണ്ണവും തുടങ്ങാനാണു ശുപാർശ. ടൂറിസം കേന്ദ്രങ്ങൾ എന്ന പരിഗണനയിൽ ആലപ്പുഴ ബീച്ച്, കോവളം, നെയ്യാർ ഡാം, മൺറോ തുരുത്ത്, മാരാരി ബീച്ച്, വീഗാലാൻഡ്, അതിരപ്പിള്ളി, മലമ്പുഴ, വൈത്തിരി എന്നിവിടങ്ങളിലും മദ്യക്കട വേണം.

ജനസാന്ദ്രത അടിസ്ഥാനപ്പെടുത്തി നഗരങ്ങളിലാകെ 91 മദ്യക്കടകളും ഗ്രാമങ്ങളിൽ 84 ഉം തുടങ്ങാനുള്ള പട്ടികയാണു ബവ്കോ സർക്കാരിനു കൈമാറിയിരുന്നത്. എത്രയെണ്ണം തുടങ്ങുമെന്നോ, പട്ടികയിലെ ഏതെല്ലാം സ്ഥലങ്ങളിലാണെന്നോ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച നിർദേശം എക്സൈസ് വകുപ്പിനും ബവ്കോയ്ക്കും ലഭിക്കുന്ന മുറയ്ക്ക് കടകൾ തുറക്കാനുള്ള നടപടി തുടങ്ങും.

കോർപറേഷനുകളിൽ തിരുവനന്തപുരം (10), കൊല്ലം (3), തൃശൂർ (2), കണ്ണൂർ (2) എന്നിവിടങ്ങളിലാണ് ഒന്നിലധികം വേണ്ടത്. മുനിസിപ്പാലിറ്റികളിൽ കാസർകോട് (2), പഞ്ചായത്തുകളിൽ തിരുവനന്തപുരത്തെ കുന്നത്തുകാൽ (2) എന്നിവിടങ്ങളിലും ഒന്നിലധികം വേണമെന്നു ശുപാർശയുണ്ട്. പട്ടികയിലുള്ള പല സ്ഥലങ്ങളിലും നിലവിൽ മദ്യക്കടയുണ്ട്. തിരക്കു കണക്കിലെടുത്താണ് ഇവിടെത്തന്നെ പുതിയതിനുള്ള ശുപാർശ. എന്നാൽ ബവ്കോ സമർപ്പിച്ച പട്ടികയിലെ മുഴുവൻ മദ്യക്കടകളും തുടങ്ങാൻ തീരുമാനിച്ചാൽ പോലും അതു പ്രാവർത്തികമാകാൻ വർഷങ്ങൾ വേണ്ടിവരും.

വരിയിൽ നിൽക്കാതെ, ഉപയോക്താവിനു സ്വന്തമായി കുപ്പി എടുത്ത് ബിൽ കൗണ്ടറിലെത്താൻ കഴിയുന്ന വാക്ക് ഇൻ കടകൾ തുറക്കാനാണു നിർദേശം. ഇതിനു ചുരുങ്ങിയത് 2500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടം വേണ്ടിവരും. സ്കൂൾ, ആരാധനാലയം എന്നിവിടങ്ങളിൽനിന്ന് 200 മീറ്റർ ദൂരമിട്ട് ഇത്രയും സ്ഥലസൗകര്യമുള്ള കെട്ടിടം കണ്ടെത്തുകയാണു വലിയ കടമ്പ. അസൗകര്യം ചൂണ്ടിക്കാട്ടി അടിയന്തരമായി മാറ്റിസ്ഥാപിക്കാൻ ഹൈക്കോടതി നിർദേശിച്ച 32 മദ്യക്കടകളിൽ 23 എണ്ണം മാത്രമേ എട്ടുമാസം പിന്നിട്ടിട്ടും മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 

നിലവിലുള്ള 270 മദ്യക്കടകളും ഈ ഡിസംബറിനകം വാക്ക് ഇൻ കടകളായി പരിഷ്കരിക്കാൻ ബവ്കോ തീരുമാനിച്ചിരുന്നു. എന്നാൽ 120 എണ്ണം മാത്രമാണു പരിഷ്കരിക്കാനായത്. അനുയോജ്യമായ കെട്ടിടം കിട്ടാത്തതാണു തടസ്സം. ഈ സാഹചര്യത്തിൽ പുതിയ മദ്യക്കടകൾ തുടങ്ങാൻ ഏറെ സമയമെടുക്കും. പല ഘട്ടങ്ങളിലായി പൂട്ടിപ്പോയ 68 മദ്യക്കടകൾ പുനഃരാരംഭിക്കാനുള്ള നിർദേശമാകും ആദ്യം നടപ്പാക്കുക.

∙ പുതിയതായി ആരംഭിക്കാൻ ശുപാർശ ചെയ്ത മദ്യക്കടകൾ മുനിസിപ്പാലിറ്റി/കോർപറേഷൻ, ഗ്രാമപ്പഞ്ചായത്ത് ക്രമത്തിൽ.

തിരുവനന്തപുരം– 13, 9 

കൊല്ലം– 7, 11

പത്തനംതിട്ട– 3, 3

ആലപ്പുഴ– 5, 16

കോട്ടയം– 6, 3

ഇടുക്കി– 1, 5

എറണാകുളം– 10, 1

തൃശൂർ– 7, 16

പാലക്കാട്– 6, 8

മലപ്പുറം– 11, 1

കോഴിക്കോട്– 6, 6

വയനാട്– 2, 3

കണ്ണൂർ– 10, 1

കാസർകോട്– 4, 1 

Content Highlight: Liquor shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com