ADVERTISEMENT

കോഴിക്കോട് ∙ ടെൻഡർ നടപടികൾ 3 മാസത്തോളം വൈകുകയും മരുന്നിന് 30 കോടിയോളം രൂപ അധികം നൽകേണ്ടിവരികയും ചെയ്യുന്നതോടെ സർക്കാർ ആശുപത്രികളെ കാത്തിരിക്കുന്നത് കടുത്ത മരുന്നുക്ഷാമം. 3 ആഴ്ചത്തേക്കുള്ള മരുന്നു മാത്രമാണ് സ്റ്റോക്കുള്ളത്.

പഞ്ഞി, പിപിഇ കിറ്റ്, ഗ്ലൗസ്, കുട്ടികളുടെ പോഷകാഹാരം എന്നിവയാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വെയർഹൗസിൽ ശേഷിക്കുന്നത്. സുലഭമായി മരുന്നു ലഭിക്കുന്ന സാഹചര്യമല്ലെന്നും സ്റ്റോക്ക് കൂടുതലുള്ള സ്ഥലങ്ങളിൽനിന്ന് കുറവുള്ളിടത്തേക്കു നൽകി തൽക്കാലം പിടിച്ചുനിൽക്കണമെന്നുമാണ് കെഎംഎസ്‌സിഎൽ നിർദേശം നൽകിയിരിക്കുന്നത്.

നവംബറിൽ തുടങ്ങുന്ന ടെൻഡർ നടപടികൾ മാർച്ചിൽ പൂർത്തിയാക്കി ഏപ്രിൽ ആദ്യപാദത്തിൽ മരുന്നു വിതരണം ആരംഭിക്കുന്നതാണ് കെഎംഎസ്‌സിഎലിലെ പതിവ്. എന്നാൽ, 2022–23 ലേക്കുള്ള 754 അവശ്യമരുന്നുകളുടെയും 85 സ്പെഷ്യൽറ്റി മരുന്നുകളുടെയും ടെൻഡർ അന്തിമമാക്കിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.

30 കോടിയോളം രൂപ സർക്കാർ അധികം ചെലവഴിക്കണം എന്നതിനു പുറമേ ഒട്ടേറെ സാങ്കേതികപ്രശ്നങ്ങളും ടെൻഡറിലുണ്ട്. ഇതെല്ലാം തരണം ചെയ്ത് ഓർഡർ നൽകിയാലും ജൂലൈ പകുതിയോടെ മാത്രമേ വിതരണം നടക്കുകയുള്ളൂ. കമ്പനികൾക്ക് കഴിഞ്ഞ വർഷത്തെ പണം നൽകിയിട്ടില്ല എന്നതാണു മറ്റൊരു പ്രശ്നം. ക്ഷാമം വരുമ്പോൾ ‘കാരുണ്യ കമ്യൂണിറ്റി ഫാർമസി’ വഴി ഉയർന്ന വിലയ്ക്ക് മരുന്നു വാങ്ങാനുള്ള നീക്കവും നടക്കുന്നുണ്ട്. 

ഗുരുതരം സ്റ്റോക്ക് നില

ആന്റിബയോട്ടിക് ഇൻജക്‌ഷൻ, ഗുളിക, രക്തസമ്മർദ, പ്രമേഹ, ഹൃദ്രോഗ മരുന്നുകൾ എന്നിവയുടെ സ്റ്റോക്ക് ശുഷ്കമാണ്. പേവിഷ വാക്സീൻ തീർന്നു. നോർമൽ സലൈൻ 3 ലക്ഷം കുപ്പി മാത്രമാണുള്ളത്. ഓരോ മാസവും 5 ലക്ഷം കുപ്പിയാണു വേണ്ടത്. ലാക്ടേറ്റ് 1.5 ലക്ഷവും ഡിഎൻഎസ് ഒരു ലക്ഷവും മാത്രം ബാക്കി. കുട്ടികൾക്കുള്ള സിറപ്പും ഗുളികയും ഇല്ല. ശസ്ത്രക്രിയാ നൂലും ശസ്ത്രക്രിയയ്ക്കു ശേഷം കഴിക്കേണ്ട വേദനസംഹാരിയും കുറവ്.

English Summary: Medicine shortage in government hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com