ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരെപ്പോലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാൻ അവസരം നൽകണമെന്ന ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശ നടപ്പാക്കേണ്ടതില്ലെന്നു മന്ത്രിസഭായോഗം തീരുമാനിച്ചു.

കെഎസ്ആർടിസി, ജലഅതോറിറ്റി, വൈദ്യുതി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളെ ട്രൈബ്യൂണലിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും മേഖലാ തലത്തിൽ ട്രൈബ്യൂണലിനു സിറ്റിങ് വേണമെന്നും നിർദേശിച്ചിരുന്നു. ഇതു തൽക്കാലം നടപ്പാക്കില്ല.

വിവരാവകാശ നിയമ പ്രകാരം നൽകുന്ന രണ്ടാം അപ്പീൽ തീർപ്പാക്കാൻ സമയപരിധി നിശ്ചയിക്കണം എന്നായിരുന്നു മറ്റൊരു ശുപാർശ. ഇതു വിവരാവകാശ കമ്മിഷൻ നിശ്ചയിക്കട്ടെ എന്നാണ് സർക്കാർ നിലപാട്. മൊത്തം 51 ശുപാർശകളാണ് വി.എസ്.അച്യുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മിഷന്റെ റിപ്പോർട്ടിൽ ഉള്ളത്.

മന്ത്രിസഭ അം​ഗീകരിച്ച പ്രധാന ശുപാർശകൾ

∙ സർക്കാരിനു നഷ്ടം വരുത്തുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. നഷ്ടം അവരിൽ നിന്ന് ഈടാക്കും.

∙ വൈദ്യുതി ബോർഡിന്റെ എല്ലാ സേവനങ്ങളും തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരും. 

∙ സോഷ്യൽ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

∙ പരാതി പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയ പരിധി നിശ്ചയിക്കും. 

∙ വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും.

∙ സർക്കാർ കക്ഷിയായ കേസുകളിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ ഹിയറിങ്ങിന് ഹാജരാകുന്നത് ഉറപ്പാക്കണം.

∙ മതിയായ കാരണം ഇല്ലെങ്കിൽ വർഷത്തിൽ ഒന്നിലധികം തവണ ഒരേ സ്ഥാപനത്തിൽ ഓഡിറ്റ് നടത്തരുത്. തത്സമയ ഓഡിറ്റ് സാധ്യമാക്കുന്നതിന് ഇലക്ട്രോണിക് രീതി അവലംബിക്കും.

∙ എജി ഓഡിറ്റ് നടത്തിയ സ്ഥാപനത്തിൽ വീണ്ടും മറ്റൊരു ഏജൻസി ഓഡിറ്റ് നടത്തുമ്പോൾ എജിയുടെ അഭിപ്രായം തേടണം.

English Summary: Officials must pay money if done any lose to government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com