ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം: തെളിവു ഹാജരാക്കണമെന്ന് വിചാരണക്കോടതി

HIGHLIGHTS
  • കോടതിയെത്തന്നെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ
  • കോടതി ദിലീപിന് അനുകൂലമെന്ന മട്ടിലുള്ള വാദത്തിനെതിരെ ജഡ്ജി
dileep-1248-19
SHARE

കൊച്ചി∙ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായി എന്നത് നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ തക്ക കാരണമാണോ എന്നു വിചാരണക്കോടതി പ്രോസിക്യൂഷനോടു ചോദിച്ചു. ജാമ്യ കാലത്തു മറ്റു ക്രിമിനൽ കേസുകളിൽ പ്രതിയാകാൻ പാടില്ലെന്ന വ്യവസ്ഥ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദിലീപിനു ലഭിച്ച ജാമ്യ ഉത്തരവിൽ നിർദേശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ ചോദ്യം. ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നതിനുള്ള കാരണങ്ങൾ തെളിവുസഹിതം ഹാജരാക്കാൻ 26 വരെ കോടതി സമയം അനുവദിച്ചു.

ജാമ്യ ഹർജി തള്ളുന്നതും ജാമ്യം അനുവദിക്കുന്നതും പോലെയല്ല പ്രതിക്ക് ഒരിക്കൽ നൽകിയ ജാമ്യം റദ്ദാക്കുന്നത്, അതിനു തക്കതായ ഗൗരവമുള്ള കാരണം കോടതി മുൻപാകെ അവതരിപ്പിക്കാൻ പ്രോസിക്യൂഷനു കഴിയണമെന്നാണു കോടതിയുടെ നിലപാട്. പീഡനക്കേസിലെ പ്രതിയായ ദിലീപ് അതേ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് ദിലീപിനെതിരെ പ്രഥമദൃഷ്ടിയിൽ നിലനിൽക്കുമെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാര്യം പ്രോസിക്യൂഷൻ വിചാരണക്കോടതിയുടെ ശ്രദ്ധയിൽപെടുത്തി.

ഇതേസമയം കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികൾക്കു പുറമേ വിചാരണക്കോടതിയെ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ വാദവും അതേ വിചാരണക്കോടതി മുൻപാകെ പ്രോസിക്യൂഷൻ ഉന്നയിച്ചു. ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജിന്റെ ഫോണിൽ കണ്ടെത്തിയ 2 ശബ്ദ സന്ദേശങ്ങളാണു പ്രതിഭാഗം വിചാരണക്കോടതിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയതിന്റെ തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. പ്രതിഭാഗം അഭിഭാഷകനും സുരാജും തമ്മിലുള്ള സംസാരമാണ് ഇതിലുള്ളത്.

‘‘ആദ്യമൊക്കെ മസിൽ പിടിച്ചെങ്കിലും അവർ കുറച്ചൊക്കെ അങ്ങോട്ട് അയഞ്ഞില്ലേ, അവസാനമായപ്പോ നല്ല വ്യത്യാസമായി..’’ എന്നു തുടങ്ങുന്ന സംസാരത്തിൽ മുഴുവൻ വിചാരണക്കോടതിയെ എങ്ങനെയാണു തന്ത്രപരമായി വശത്താക്കേണ്ടതെന്നു പ്രതിഭാഗം അഭിഭാഷകൻ സുരാജിനെ പറഞ്ഞു പഠിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. വിചാരണക്കോടതിയെ ഉദ്ദേശിച്ചു ‘‘തേടിയ വള്ളി കാലിൽ ചുറ്റി...’’ എന്നു തുടങ്ങുന്ന നേരത്തെ പുറത്തുവന്ന ശബ്ദസന്ദേശവും പ്രോസിക്യൂഷൻ കോടതിക്കു കൈമാറി.

പ്രതിഭാഗം സ്വാധീനിച്ച സാക്ഷികളുടെ പട്ടികയും ഏതുവിധമാണ് ഇത്തരം സാക്ഷികളെ പ്രതികളും അവരുടെ അഭിഭാഷകരും ചേർന്നു വശത്താക്കിയതെന്നുമുള്ള റിപ്പോർട്ടും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ ‘‘ദിലീപിന്റെ ഭാഗം മുഴുവൻ ശരി, പ്രോസിക്യൂഷന്റെ ഭാഗം മുഴുവൻ തെറ്റ് എന്നാണു കോടതി കരുതുന്നത്’’ എന്നു പ്രോസിക്യൂട്ടർ പറഞ്ഞതു വിചാരണക്കോടതിയെ പ്രകോപിപ്പിച്ചു. ഇത്തരം പരാമർശത്തിനെതിരെ കോടതി മുന്നറിയിപ്പു നൽകി. ദിലീപിന്റെയോ പ്രോസിക്യൂഷന്റെയോ രക്ഷകയല്ലെന്നും നീതി ഉറപ്പാക്കുകയാണു കോടതിയുടെ കർത്തവ്യമെന്നും ജഡ്ജി ഹണി എം.വർഗീസ് തുറന്ന കോടതിയിൽ വ്യക്തമാക്കി. 

English Summary: Trial court on petition seeking cancellation of Dileep's bail

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS