ADVERTISEMENT

തിരുവനന്തപുരം ∙ മഴക്കെടുതികളിൽ സംസ്ഥാനത്ത് 3 കുട്ടികൾ ഉൾപ്പെടെ 4 പേർ മരിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ പെരുംകുനി തോട്ടിൽ വീണ് പുളിയഞ്ചേരി പാലോളി വീട്ടിൽ ഷാജിറിന്റെ മകൻ മുഹമ്മദ് മുസമ്മിൽ (9) മരിച്ചു. ആലുവ മുപ്പത്തടം എടയാറ്റു ചാലിൽ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി എരമം വെട്ടുകാട് നാലോടിപ്പറമ്പിൽ സജീവന്റെ മകൻ ആദിത്യൻ (17) മരിച്ചു. ആന്ധ്രയിൽനിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ ദേവികുളം ഗ്യാപ് റോഡിൽ കൊക്കയിലേക്കു മറിഞ്ഞ് അണ്ണാമയ്യ ജില്ല സ്വദേശികളായ നൗഷാദും (32), മകൾ നൈസയും (8 മാസം) കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു.

സംസ്ഥാനത്ത് 21 വീടുകൾക്കു കേടുപാട് ഉണ്ടായി. 12 ദുരിതാശ്വാസ ക്യാംപുകളിലായി 99 കുടുംബങ്ങളിലെ 330 പേരെ മാറ്റിപ്പാർപ്പിച്ചു. ആകെ 4,23,080 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന 3071 ക്യാംപുകൾ സജ്ജമാക്കി. അവധിയിൽ പ്രവേശിച്ചിട്ടുള്ള റവന്യൂ ജീവനക്കാരോട് അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ മന്ത്രി കെ.രാജൻ നിർദേശം നൽകി. റവന്യു മന്ത്രിയുടെ ഓഫിസിലും കൺട്രോൾ റൂം തുറന്നു. നമ്പർ 80785 48538. റവന്യു വകുപ്പിലെ സംസ്ഥാന കൺട്രോൾ റൂം നമ്പർ: 0471 2333198.

തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത ഉണ്ടെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടു പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ഇന്നു കേരള തീരത്തു മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത ഉണ്ട്. കുമളി - മൂന്നാർ സംസ്ഥാന പാതയിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയിൽ കൊച്ചി നഗര മേഖലയിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായി. കളമശേരിയിൽ അറുപതോളം വീടുകളിൽ വെള്ളം കയറി. ഭൂതത്താൻകെട്ട് ബാരേജിന്റെ 15 ഷട്ടറും ഉയർത്തി.

English Summary: Rain to continue till monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com