സിൽവർലൈൻ: കല്ലിട്ടും അല്ലാതെയും സർവേ തുടരുമെന്നു മുഖ്യമന്ത്രി

HIGHLIGHTS
  • അടിസ്ഥാന സൗകര്യ വികസനത്തിൽ വിട്ടുവീഴ്ചയില്ല
pinarayi-vijayan-1
പിണറായി വിജയൻ
SHARE

തിരുവനന്തപുരം∙ കല്ലിട്ടും അല്ലാതെയും സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തി നിർണയത്തിന്റെ കാര്യത്തിൽ കുറച്ചുകൂടി വ്യക്തത വരുത്തുകയാണു റവന്യു വകുപ്പ് ചെയ്തതെന്നും കല്ലിടൽ തന്നെ വേണമെന്നു നിർബന്ധമില്ലെന്നാണ് ഉത്തരവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുപ്രചാരണം തുറന്നുകാട്ടി ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും. അടിസ്ഥാന സൗകര്യ വികസനത്തിൽ വിട്ടുവീഴ്ചയില്ലെന്നും സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ പിണറായി പറഞ്ഞു. 

സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്ത പ്രതിപക്ഷം കല്ലിനോടുള്ള പ്രതിഷേധം കൊണ്ടല്ല, പദ്ധതി നടപ്പാക്കാതിരിക്കാനാണു സമരം ചെയ്തത്. ഏത് എതിർപ്പിനെയും മറികടക്കാനുള്ള കരുത്ത് ജനം തരുന്നുണ്ട്. പദ്ധതിക്കെതിരെ സമരം നടന്ന തദ്ദേശസ്ഥാപന വാർഡുകളിലും എൽഡിഎഫിനു മികച്ച വിജയം നേടാനായി. 

അതേസമയം, ഭരണത്തിന്റെയും സിൽവർലൈൻ പദ്ധതിയുടെയും വിലയിരുത്തലാകുമോ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന ചോദ്യത്തിന് മുഖ്യമന്ത്രി അതേ നിലയിൽ ഉത്തരം പറയാതെ ഒഴിഞ്ഞു. ഓരോ തലത്തിലും തിരഞ്ഞെടുപ്പ് നടക്കുന്നത് ഓരോ സാഹചര്യം വച്ചാണെന്നും ഓരോ തിരഞ്ഞെടുപ്പിനും ഓരോ പ്രത്യേകതയുണ്ടല്ലോ എന്നുമായിരുന്നു മറുപടി. സിൽവർലൈനുമായി ബന്ധപ്പെട്ടാണ് എല്ലാ വിധിയുമെന്നു കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അപകടകരമാണ്. അതിന്റെ അർഥം ഒരു വികസനവും നടക്കേണ്ട എന്നല്ല. വികസനം നടക്കുമ്പോൾ സാമ്പത്തിക സ്ഥിതിയും പുരോഗമിക്കും. സംസ്ഥാനത്തു ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്ല. പക്ഷേ കേന്ദ്രം ആവശ്യമായ സഹകരണം നൽകണം– മുഖ്യമന്ത്രി പറഞ്ഞു. 

English Summary: Silverline project to be continued says Pinarayi Vijayan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA