ADVERTISEMENT

കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പ്രചാരണം അവസാന ലാപ്പിലേക്ക്. ഇന്നേക്കു പത്താം നാൾ, 31ന് ആണു വോട്ടെടുപ്പ്. ജൂൺ 3നു ഫലം അറിയാം. പരസ്യ പ്രചാരണത്തിന് 7 ദിവസങ്ങൾ കൂടി. തൃക്കാക്കര മണ്ഡലത്തിന്റെ ചരിത്രത്തിലെ നാലാം തിരഞ്ഞെടുപ്പ്. പി.ടി.തോമസിന്റെ നിര്യാണത്തെത്തുടർന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി പി.ടിയുടെ ഭാര്യ ഉമ തോമസ്, എൽഡിഎഫ് സ്ഥാനാർഥിയായി ഡോ. ജോ ജോസഫ്, എൻഡിഎ സ്ഥാനാർഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ എന്നിവരാണു ഗോദയിലെ പ്രധാനികൾ.

2021ലെ തിരഞ്ഞെടുപ്പിൽ 10% വോട്ട് നേടിയ ട്വന്റി20ക്ക് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയില്ല. വോട്ട് ആർക്കെന്നു പ്രഖ്യാപിച്ചിട്ടുമില്ല. ഉറച്ച കോട്ടയെന്നു യുഡിഎഫും 100 സീറ്റ് തികയ്ക്കാനുള്ള മണ്ഡലമെന്ന് എൽഡിഎഫും തൃക്കാക്കരയെ വിലയിരുത്തുന്നു. സ്ഥാനാർഥിയുടെ സ്വീകാര്യത, സഭയ്ക്കു സ്ഥാനാർഥിയില്ലെന്ന പ്രഖ്യാപനം, പതിവില്ലാത്ത വിധം യുഡിഎഫ് പ്രവർത്തകരുടെ ഒന്നിച്ചുള്ള പ്രവർത്തനം, മണ്ഡലത്തിൽ യുഡിഎഫിനും പി.ടി.തോമസിനുമുള്ള സ്വാധീനം, ട്വന്റി20 മത്സരരംഗത്തില്ലാത്തതിനാൽ ആ വോട്ടുകളിലേറെയും കിട്ടുമെന്ന വിശ്വാസം തുടങ്ങിയവ യുഡിഎഫ് പ്ലസ് പോയിന്റുകളായി പറയുന്നു.

ഉപതിരഞ്ഞടുപ്പുകളിൽ പൊതുവേ എൽഡിഎഫ് കാട്ടാറുള്ള സമഗ്ര പ്രചാരണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിരന്തര സാന്നിധ്യം,  വീടുകയറിയിറങ്ങി ഉന്നതനേതാക്കളുടെ വോട്ടുതേടൽ, ഡോക്ടറായ സ്ഥാനാർഥിയുടെ രോഗികളുടെയും കുടുംബങ്ങളുടെയും പിന്തുണ, ട്വന്റി20 ആർക്കും പരസ്യ പിന്തുണ പ്രഖ്യാപിക്കാത്തത് തുടങ്ങിയവ ഇടതുമുന്നണിക്കും പ്രതീക്ഷ പകരുന്നു.

ജയപരാജയങ്ങളുടെ ടെൻഷൻ കുറവ്, സ്ഥാനാർഥിയായി പാർട്ടി സംസ്ഥാന ഭാരവാഹി, മണ്ഡലത്തിനു സമീപത്തെ കൊച്ചിയിലും തൃപ്പൂണിത്തുറയിലും നഗരസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയം നേടിയതിന്റെ ആത്മവിശ്വാസം തുടങ്ങിയവ എൻഡിഎയുടെ ബലമാകുന്നു. യുഡിഎഫ് പ്രചാരണത്തിനു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നേതൃത്വം നൽകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയാണ് ഇടതു ക്യാംപിലെ തയാറെടുപ്പുകൾ.

മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാർ, അൻപതോളം എംഎൽഎമാർ എന്നിവർ ഇടതുപക്ഷത്തിനുവേണ്ടി വീടുകൾതോറും കയറി വോട്ട് അഭ്യർഥിക്കുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സുധാകരൻ, പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളും എംഎൽഎമാരും യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി വീടുകൾ കയറുന്നു. എ.കെ.ആന്റണി 27നു പ്രചാരണത്തിനെത്തും. കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപി പ്രചാരണ നിരയിലുണ്ട്.  അവസാനഘട്ടത്തിൽ മുന്നണികളുടെ ദേശീയ നേതാക്കളും എത്തിയേക്കാം.

Content Highlight: Thrikkakara by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com