ADVERTISEMENT

കൊച്ചി∙ അഫ്ഗാനിസ്ഥാനിൽ നിന്നു കടൽമാർഗം 1,526 കോടി രൂപ വിലവരുന്ന ലഹരിമരുന്നു കടത്തിയ കേസിലെ പ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്തു. 218 കിലോഗ്രാം ലഹരി മരുന്നു കടത്തിയതു ഇന്ത്യയിലേക്കു തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. രാജ്യാന്തര ലഹരി കടത്തു റാക്കറ്റിന്റെ പങ്കാളിത്തം വ്യക്തമായ സാഹചര്യത്തിലാണ് എൻഐഎ സംഘം പ്രതികളെ ചോദ്യം ചെയ്തത്. ആർക്കു വേണ്ടിയാണു വൻതോതിൽ ലഹരിയെത്തിയതെന്നും ഇവരുടെ വിദേശബന്ധവും കണ്ടെത്തേണ്ടതുണ്ട്.

ഓരോ കിലോഗ്രാം വീതമുള്ള പൊതികളായാണു ബോട്ടുകളിൽ ഹെറോയിൻ സൂക്ഷിച്ചിരുന്നത്. രാജ്യത്തെ ലഹരി വിൽപന സംഘങ്ങൾക്കു കൈമാറാനുള്ള സൗകര്യത്തിനു വേണ്ടിയാണ് ഉൽപാദന കേന്ദ്രത്തിൽ തന്നെ ഓരോ കിലോഗ്രാം വീതമുള്ള പൊതികളാക്കിയതെന്നാണ് അനുമാനം. ഇതേ കടൽപ്പാതയിലൂടെ ശ്രീലങ്കയിലേക്കു വൻതോതിൽ ലഹരി കടത്താറുണ്ടെങ്കിലും കസ്റ്റഡിയിലുള്ളവരുടെ കൂട്ടത്തിൽ ശ്രീലങ്കൻ സ്വദേശികളില്ല.

വൈദ്യപരിശോധന പൂർത്തിയാക്കിയ പ്രതികളെ രാത്രി 8ന് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രഹസ്യവിവരത്തെത്തുടർന്നു തീരസംരക്ഷണ സേനയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) സംയുക്തമായി നടത്തിയ പരിശോധനയിലാണു വൻതോതിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയ 2 ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്.

തമിഴ്നാട് കന്യാകുമാരി സ്വദേശികളായ എഫ്.പ്രജിൻ (31), എം.എസ്.പ്രേംകുമാർ (28), വി.ജിംസൺ (25), ജോൺ കെന്നഡി കെനി (31), ടി.റെന്നി (39), തിമോത്തിയോസ് (70), പി.പ്രിത്യ (28), പി.പ്രശാന്ത് (29), എസ്.ഷിബുക്കുട്ടൻ (35), സുബിൻരാജ് (28), എഫ്. സ്റ്റീഫൻ (44), എം.വിഷ്ണുരാജ് (23), എസ്.സോബിൻ (36), എസ്.റൂബൻ (42), ഡി.ടൈറ്റസ് (53) എസ്.ജോൺ ബോസ്കോ (50) വി.ഡെയ്സൺ (29), മാർത്താണ്ഡം സ്വദേശി ആർ.സമിൽഖാൻ (37), തിരുവനന്തപുരം സ്വദേശി ഡി.ഫ്രാൻസിസ് (56), ടി.സുജൻ (28) എന്നിവരെയാണു രണ്ടു ബോട്ടുകളിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ലഹരികടത്തിന്റെ രാജ്യാന്തര ബന്ധം വ്യക്തമായതോടെ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. 

English Summary: Heroin seized off Lakshadweep coast, NIA likely to probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com