ജിഎസ്ടി വിധി: വേണ്ടിവന്നാൽ ലോട്ടറി നികുതി മാറ്റാൻ കേരളം

HIGHLIGHTS
  • സുപ്രീംകോടതി വിധി സംസ്ഥാനങ്ങൾക്ക് ആശ്വാസം
GST-1
SHARE

തിരുവനന്തപുരം∙ ജിഎസ്ടി കൗൺസിൽ തീരുമാനങ്ങൾ അതേപടി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കു ബാധ്യതയില്ലെന്ന സുപ്രീം കോടതി വിധി, ആവശ്യം വന്നാൽ ലോട്ടറിയുടെ ജിഎസ്ടി നിരക്കു നിർണയത്തിൽ പ്രയോഗിക്കാൻ കഴിയുമെന്ന വിലയിരുത്തലിൽ കേരളം. 

സംസ്ഥാന സർക്കാരുകൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്ക് 12 ശതമാനവും മറ്റ് ഏജൻസികൾ വഴി നടത്തുന്ന ലോട്ടറികൾക്ക് 28 ശതമാനവുമായിരുന്നു നേരത്തേ ജിഎസ്ടി. ഏജൻസികൾ വഴിയുള്ള ലോട്ടറികൾ കേരളത്തിലേക്കു കടന്നുവരാതിരിക്കാനായി ഇൗ നികുതി നിരക്കു തന്നെ തുടരണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് 2019 ഡിസംബറിൽ ചേർന്ന ജിഎസ്ടി കൗൺസിൽ എല്ലാ ലോട്ടറികൾക്കും ജിഎസ്ടി 28 ശതമാനമാക്കിയത്. കൗൺസിലിൽ വോട്ടെടുപ്പിലൂടെ തീരുമാനമെടുത്ത ഏക വിഷയവും അതായിരുന്നു.

അന്ന് 21 സംസ്ഥാനങ്ങൾ കേരളത്തിനെതിരെ വോട്ടു ചെയ്തതാണ് തിരിച്ചടിയായത്. ഇൗ തീരുമാനം കാരണം, സ്വകാര്യ ഏജൻസികൾ നടത്തുന്ന ലോട്ടറികൾ കേരളത്തിലേക്കു കടന്നു വരുമോയെന്ന ആശങ്ക ഇപ്പോഴും സംസ്ഥാന സർക്കാരിനുണ്ട്. വന്നാൽ കേരളത്തിൽ ലോട്ടറിയുടെ എസ്ജിഎസ്ടി നിരക്ക് ചട്ട ഭേദഗതിയിലൂടെ വർധിപ്പിച്ച് സ്വകാര്യ ലോട്ടറികളെ പിന്തിരിപ്പിക്കാൻ പുതിയ സുപ്രീം കോടതി വിധി വഴിയൊരുക്കിയെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാൻ അവകാശം വരുന്നതോടെ ജിഎസ്ടി കൗൺസിലിലെ ചർച്ചകളുടെ സ്വഭാവം തന്നെ മാറുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

അരുൺ ജെയ്റ്റ്ലി കേന്ദ്ര മന്ത്രിയായിരിക്കെ ജിഎസ്ടി കൗൺസിൽ തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കണമെന്ന നിർബന്ധം പുലർത്തിയിരുന്നു. സമന്വയത്തിന്റെ പാതയൊരുക്കാൻ അദ്ദേഹം അന്നു മന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക്കിനെയും മുന്നിൽ നിർത്തി. എന്നാൽ, ഇപ്പോൾ പലപ്പോഴും സംസ്ഥാനങ്ങൾക്കു മേൽ തീരുമാനങ്ങൾ അടിച്ചേൽ‌പിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ കൊക്കൊള്ളുന്നതെന്ന പരാതി പല സംസ്ഥാനങ്ങൾക്കുമുണ്ട്. 

മൂന്നിലൊന്ന് അംഗങ്ങൾക്കു തുല്യമായ വോട്ടവകാശം കേന്ദ്ര സർക്കാരിനുള്ളതിനാൽ തീരുമാനങ്ങൾ സ്വന്തം വഴിക്കു കൊണ്ടുവരാൻ കേന്ദ്രത്തിനു കഴിയും. എന്നാൽ വോട്ടെടുപ്പിൽ തീരുമാനിക്കുന്ന കാര്യങ്ങൾ പോലും നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കു ബാധ്യതയില്ലാത്തതിനാൽ വോട്ടെടുപ്പിന്റെ തന്നെ പ്രസക്തി നഷ്ടപ്പെടുകയാണ്.

ജനങ്ങളിൽ നിന്നു പിരിക്കുന്ന ജിഎസ്ടിയുടെ പകുതി സംസ്ഥാനവും ബാക്കി കേന്ദ്രവുമാണ് എടുക്കുന്നത്. ഇതിൽ സംസ്ഥാനങ്ങളുടെ നികുതി വിഹിതം കൂട്ടാനോ കുറയ്ക്കാനോ ഉള്ള അവകാശം പോലും സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന തരത്തിലേക്കു വരെ സുപ്രീംകോടതി വിധി വ്യാഖ്യാനിച്ചെടുക്കാം. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള ഇന്ധനം, മദ്യം, ഭൂമി, റോഡ് എന്നിവയുടെ നികുതി കേന്ദ്രം ഏറ്റെടുക്കാൻ ശ്രമിക്കില്ലെന്ന ആശ്വാസവും ഇൗ കോടതി വിധി സംസ്ഥാനങ്ങൾക്കു സമ്മാനിക്കുന്നുണ്ട്.

ഇനി അടിച്ചേൽപിക്കൽ നടക്കില്ല

‘ഇനി സംസ്ഥാനങ്ങൾക്കു മേൽ ഒരു തീരുമാനവും അടിച്ചേൽപിക്കാൻ ജിഎസ്ടി കൗൺസിലിനു കഴിയില്ല. ജിഎസ്ടി കൗൺസിൽ തീരുമാനങ്ങൾ കേരളത്തിൽ നടപ്പാക്കുന്നത് ഇവിടെ ചട്ടം പരിഷ്കരിച്ചു കൊണ്ടാണ്. ഇനി ചട്ടം പരിഷ്കരിക്കാതിരുന്നാൽ കൗൺസിൽ തീരുമാനം ഇവിടെ പ്രാബല്യത്തിലാകില്ല.’ – മന്ത്രി കെ.എൻ. ബാലഗോപാൽ

English Summary: Kerala may change lottery tax

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA