കോട്ടയം ∙ ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരച്ചടങ്ങിനു ബ്യൂഗിൾ വായിക്കാൻ പൊലീസ് സേനയിൽ ആളില്ല; പകരം ഹോം ഗാർഡിനെ തേടി പൊലീസ്. സിവിൽ പൊലീസ് ഓഫിസർമാരുടെ നിയമനം പിഎസ്‌സി വഴിയായതോടെയാണ് ബ്യൂഗിൾ വായിക്കുന്നവരുടെ (ബ്യൂഗ്ലർമാർ) നിയമനം നിലച്ചത്. നിയമനം പ്രത്യേക റിക്രൂട്മെന്റ് ബോർഡ് വഴിയാക്കണമെന്ന പൊലീസ് നിയമിച്ച സമിതിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് അംഗീകരിച്ചുമില്ല. കേരള പൊലീസിന്റെ ബാൻഡ് ടീമിൽ 1984 ലും 86 ലും ചേർന്നവരിലാണ് ബ്യൂഗിൾ വായിക്കുന്നവർ കൂടുതൽ ഉണ്ടായിരുന്നത്. ഇവർ വിരമിച്ച ഒഴിവിൽ പുതിയ നിയമനം നടത്തുന്നില്ല.
സേനയിൽ നിയമനം ലഭിച്ച ശേഷം വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്കു പ്രത്യേക പരിശീലനം നൽകിയാണു ബാൻഡ് രൂപീകരിച്ചിരുന്നത്. കൂടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും നിയമനം നടത്തിയിരുന്നു. ഇതിനു വാദ്യോപകരണങ്ങളിലുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയായിരുന്നു. നിയമനം പിഎസ്‌സി ഏറ്റെടുത്തതോടെ അംഗീകൃത സർവകലാശാലകളോ ബോർഡ് സ്ഥാപനങ്ങളോ നൽകുന്ന കോഴ്സ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.സർവീസിൽ നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ മരിക്കുമ്പോഴും ഫ്യൂണറൽ പരേഡ് നൽകണമെന്നുണ്ട്.
English Summary: Kerala Police have shortage of people who play bugle