ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാരിൽ ഡ്രൈവർ, കണ്ടക്ടർ തസ്തികയിലുള്ളവർക്ക് ഇന്നലെ ശമ്പളം വിതരണം ചെയ്തു. ബാക്കി ജീവനക്കാർക്ക് ഇന്നും നാളെയുമായി നൽകും. ധനവകുപ്പ് 20 കോടി രൂപ കൂടി കൈമാറിയതോടെയാണു പ്രതിസന്ധിക്കു താൽക്കാലിക പരിഹാരമായത്. ആദ്യം നൽകിയ 30 കോടി രൂപ കഴി‍ഞ്ഞ തവണ ബാങ്കിൽനിന്നെടുത്ത അധികപ്പറ്റിൽ (ഓവർ ഡ്രാഫ്റ്റ്) തിരിച്ചടച്ചശേഷം 50 കോടി കൂടി ഓവർഡ്രാഫ്റ്റ് എടുത്തു. 82 കോടിയാണു ശമ്പള വിതരണത്തിനു വേണ്ടത്. ഇന്നലെ ധനമന്ത്രി കെ.എൻ.ബാലഗോപാലും ആന്റണി രാജുവുമായി ചർച്ച നടത്തിയശേഷമാണു 20 കോടി കൂടി അനുവദിച്ചത്.

ഇതേസമയം സിഐടിയു നടത്തിയ പ്രതിഷേധ സംഗമത്തിൽ ഗതാഗത മന്ത്രിയുടെ മുൻനിലപാടിനെതിരെ സംസ്ഥാന പ്രസിഡ‍ന്റ് ആനത്തലവട്ടം ആനന്ദൻ കടുത്ത വിമർശനമുയർത്തി. ശമ്പളം നൽകേണ്ടതു മാനേജ്മെന്റിന്റെ മാത്രം ഉത്തരവാദിത്തം എന്ന മന്ത്രിയുടെ പ്രസ്താവന തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയെന്ന് ആനത്തലവട്ടം പറഞ്ഞു. സിറ്റി സർക്കുലർ, സിഎൻജി ബസുകൾ പോലുള്ള തീരുമാനങ്ങളെയും രൂക്ഷമായി വിമർശിച്ചു. അടുത്ത മാസം 6നു കെഎസ്ആർടിസിയെ സംരക്ഷിക്കാനുള്ള ബദൽ നയം സിഐടിയു പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

എന്നാൽ തന്നെ സിഐടിയു വിമർശിച്ചില്ലെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. പ്രതിസന്ധിക്കു മാസങ്ങൾക്കകം പരിഹാരമാകുമെന്നും കെ.ബി. ഗണേഷ്കുമാറിന്റെ വിലകുറഞ്ഞ പരാമർശങ്ങൾക്കു മറുപടി പറയുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു. ഗതാഗതവകുപ്പ് സിപിഎമ്മിനു കൈമാറണമെന്ന ആവശ്യമായിരുന്നു ഗണേഷിന്റേത്. ശമ്പളപ്രശ്നത്തിൽ മന്ത്രിമന്ദിരങ്ങളിലേക്കു ബിഎംഎസിന്റെ പട്ടിണി മാർച്ച് ഇന്നു നടക്കും.

English Summary: KSRTC employees salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com