പണി തീരാത്ത പദ്ധതികൾ; ഒന്നാം പിണറായി സർക്കാർ ആരംഭിച്ച പദ്ധതികൾ പലതും പാതിവഴിയിൽ

pinarayi-vijayan-6
പിണറായി വിജയൻ
SHARE

തിരുവനന്തപുരം∙ ഒട്ടേറെ നേട്ടങ്ങൾ അവകാശപ്പെട്ട് രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികമാഘോഷിക്കുമ്പോഴും ജനങ്ങൾക്കു നൽകിയ വാക്കു പാലിക്കാനാകാതെ പാതിവഴിയിൽ കിടക്കുന്ന പദ്ധതികളുടെ എണ്ണത്തിനും കുറവില്ല. ഒന്നാം പിണറായി സർക്കാർ തുടക്കമിട്ട പദ്ധതികൾ രണ്ടാം പിണറായി സർക്കാരിനും പൂർത്തിയാക്കാൻ കഴിയാത്തതിനു കാരണം പ്രളയവും കോവിഡും ഒക്കെയാണെന്ന പതിവു പല്ലവിയാണ് ഉദ്യോഗസ്ഥർ നിരത്തുന്നത്. എന്നാൽ, സർക്കാരിന്റെ സമയോചിതമായ ഇടപെടൽ ഇല്ലാതിരുന്നതും ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയുമാണ് മിക്ക പദ്ധതികളെയും പാതിവഴിയിലാക്കിയത്. നേട്ടങ്ങൾ പ്രചരിപ്പിക്കുകയും നേടാനാകാത്തതിനെക്കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്യുന്ന പതിവു തന്ത്രമാണ് പിണറായി സർക്കാരും പയറ്റുന്നത്. കാലമേറെ കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിയാത്ത ചില വൻകിട പദ്ധതികളിലേക്ക്...

കരയ്ക്കടുക്കാതെ നവകേരളം

2019ൽ തുടക്കമിട്ട നവകേരള നിർമാണം ഇതുവരെ പകുതി പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പ്രളയത്തിൽ മുങ്ങിയ കേരളത്തെ പിടിച്ചുയർത്താൻ ലോകത്തെങ്ങും നിന്നു സഹായമൊഴുകി. സാലറി ചാലഞ്ച് വഴി പണം പിരിച്ചു. ലോകബാങ്കിൽ നിന്നും പണമെത്തി. തദ്ദേശ റോഡുകളുടെ നവീകരണം, പൊതുമരാമത്ത് റോഡുകളുടെ നിർമാണം, ജീവനോപാധികൾ ലഭ്യമാക്കൽ, പൊതു കെട്ടിടങ്ങളുടെ പുനർനിർമാണം, ശുദ്ധജല വിതരണ പദ്ധതികൾ, ദുരന്ത പ്രതിരോധ സൗകര്യങ്ങൾ തുടങ്ങി 9 മേഖലകളിൽ സുസ്ഥിരമായ മാറ്റം വരുത്തുക എന്നതായിരുന്നു നവകേരള നിർമാണത്തിന്റെ ലക്ഷ്യം. എന്നാൽ ഇതിനായി സമാഹരിച്ച പണം മറ്റാവശ്യങ്ങൾക്കു ചെലവിട്ടു. പകരം തത്തുല്യമായ തുകയ്ക്കുള്ള പദ്ധതികൾ ഖജനാവിൽ നിന്നു പണമെടുത്തു പൂർത്തിയാക്കുമെന്നായിരുന്നു ഇൗ വകമാറ്റൽ ആരോപണത്തിനു സർക്കാർ നൽകിയ വിശദീകരണം. ആദ്യ 2 വർഷം പദ്ധതികൾ ഒന്നും തയാറാകാത്തതിനാൽ പണം ചെലവിട്ടില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് നവകേരള നിർമാണത്തിനായി 2021–22ലെ ബജറ്റിൽ നീക്കിവച്ച 1,830 കോടി രൂപയിൽ 762 കോടി രൂപ മാത്രമേ ഇതുവരെ ചെലവിട്ടിട്ടുള്ളൂ.

നീണ്ടുനീണ്ട് ഉൾനാടൻ ജലപാത

ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ ആർജവത്തോടെ ഏറ്റെടുത്ത പദ്ധതിയായിരുന്നു ഉൾനാടൻ ജല ഗതാഗത പാത. എന്നാൽ പദ്ധതിക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കൽ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 6,000 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 2451.24 കോടി രൂപ കിഫ്ബി അനുവദിച്ചു. മൂന്നു ഘട്ടങ്ങളിലായി 616 കിലോമീറ്റർ ദൂരത്തിലാണു ജലപാത പൂർത്തിയാകുന്നത്. ഇതിൽ 238 കിലോമീറ്റർ അടുത്ത സാമ്പത്തിക വർഷം (2023–24) പൂർത്തീകരിക്കാനാകുമെന്നാണ് സർക്കാർ വാഗ്ദാനം. 2024–25ൽ 80 കിലോമീറ്ററും 2025–26ൽ 61 കിലോമീറ്ററും പൂർത്തീകരിക്കുമത്രെ.

കെ–ഫോൺ എന്നെത്തും?

കേരളത്തിലെ ഡിജിറ്റൽ ശൃംഖല ശക്തമാക്കാൻ 2017ൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക് (കെ–ഫോൺ). പദ്ധതി ജൂൺ 30നു പൂർത്തിയാകുമെന്നാണ് പുതിയ പ്രഖ്യാപനം. അപ്പോഴും 5,218 കിലോമീറ്റർ ഇൗ ശൃംഖലയിൽ ഉൾപ്പെടാതെ ബാക്കി കിടക്കും. 12 ജില്ലകളിൽ റോഡ് വികസനം നടക്കുന്നതിനാലാണ് ഇത്രയും ദൂരത്തിൽ കേബിൾ സ്ഥാപിക്കാനാകാത്തതെന്നാണ് വിശദീകരണം. റോഡ് വികസനം തീരുന്ന മുറയ്ക്കു മാത്രമേ ഇവിടെ കേബിൾ ഇടാൻ കഴിയൂ. അയ്യായിരത്തിലേറെ ഓഫിസുകളിലും ഇക്കാരണത്താൽ ഇപ്പോൾ കേബിൾ എത്തില്ല. ഇതൊഴികെയുള്ളവയുടെ പൂർത്തീകരണം അതിവേഗത്തിൽ നീങ്ങുന്നുണ്ട്. സൗജന്യം ഇന്റർനെറ്റ് കണക്‌ഷൻ ബിപിഎൽ കുടുംബങ്ങളിലേക്ക് എത്തിക്കാൻ‍‌ ടെൻഡർ വിളിച്ചിട്ടേയുളളൂ.

മെഡിസെപ് ഇനി എന്ന്?

ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ തുടക്കമിട്ട പദ്ധതിയാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി. 10 ലക്ഷം പേർക്കും അവരുടെ ആശ്രിതർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയുടെ ടെൻഡർ ഒരിക്കൽ റദ്ദാക്കി. പുതിയ ടെൻഡർ വിളിക്കുകയും ഇൻഷുറൻസ് കമ്പനിക്കു കരാർ നൽകുകയും ചെയ്തു. എന്നാൽ, ആവശ്യത്തിന് ആശുപത്രികളെ ഉൾ‌പ്പെടുത്താൻ കഴിയാത്തതിനാൽ ഇതുവരെ പദ്ധതി ആരംഭിക്കാനായില്ല. മെഡിസെപ് വരുമെന്ന പ്രതീക്ഷയിൽ, മുൻപ് ചേർന്നിരുന്ന ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് ഒട്ടേറെ പെൻഷൻകാർ പുറത്തു പോയി. ഇപ്പോൾ രണ്ടുമില്ലാത്ത അവസ്ഥയിലാണ്. എന്ന് പദ്ധതി ആരംഭിക്കുമെന്ന ചോദ്യത്തിന് മൗനമാണ് ധനവകുപ്പിൽ നിന്നു കിട്ടുന്ന ഉത്തരം.

കപ്പൽ കാത്ത് വിഴിഞ്ഞം

യുഡിഎഫ് ഭരിക്കുമ്പോൾ 2015 ഓഗസ്റ്റ് 17നാണ് അദാനി കമ്പനിയുമായി 7,000 കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിക്കു കരാറായത്. ഇതനുസരിച്ച് പദ്ധതി പൂർത്തിയാകേണ്ടത് 2019 ഡിസംബറിലായിരുന്നു. ഇതുവരെ ബർത്ത്, ഡ്രജിങ്, യാഡ്, ഓപ്പറേഷൻ കെട്ടിടം, ഗേറ്റ് കോംപ്ലക്സ്, 220 കെവി വൈദ്യുതി സബ്സ്റ്റേഷൻ, 1700 മീറ്റർ പുലിമുട്ട് എന്നിവ പൂർത്തിയായി. അദാനി ഗ്രൂപ്പ് 3,500 കോടി രൂപയും സർക്കാർ 1,553 കോടി രൂപയും ഇതുവരെ ചെലവിട്ടു. 2023 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പുതിയ ഉറപ്പ്. 1400 മീറ്റർ പുലിമുട്ട് നിർമാണം, 10.7 കിലോമീറ്റർ റെയിൽപാത, ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ റോഡ് എന്നിവ ഇൗ സമയത്തിനുള്ളിൽ പൂർത്തിയാക്കുക എളുപ്പമല്ല. തുറമുഖത്തിനു വേണ്ടി ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ക്രെയിനുകൾ വഹിച്ചുകൊണ്ടുള്ള കപ്പൽ അടുത്ത മേയിൽ എത്തേണ്ടതാണ്. ഇതിനകം 2500 മീറ്റർ പുലിമുട്ടെങ്കിലും തീർക്കണം.

English Summary: Pinarayi Vijayan first government projects pending

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA