ADVERTISEMENT

തിരുവനന്തപുരം ∙ വിപുലമായ ആഘോഷങ്ങൾ ഇല്ലാതെ രണ്ടാം പിണറായി സർക്കാർ രണ്ടാം വയസ്സിലേക്ക്. സെക്രട്ടേറിയറ്റിലെ ചേംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. വികസനത്തിന്റെ സ്വാദ് എല്ലാവരിലും എത്തിക്കുമെന്ന ദൃഢപ്രതിജ്ഞ ആവർത്തിക്കുന്ന മുഖ്യമന്ത്രി സ്റ്റാഫിലെ ഓരോരുത്തരെയും വിളിച്ച് കേക്കിന്റെ കഷണം കൊടുത്തു. ചീഫ് സെക്രട്ടറി വി.പി.ജോയി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജൂൺ രണ്ടിനാണ് സർക്കാരിന്റെ ഔദ്യോഗിക വാർഷികാഘോഷം.

സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പ്രതിപക്ഷം സംസ്ഥാനത്താകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപി പ്രതിഷേധം ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ധർണ ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെ ‘വിനാശവർഷാചാരണം’ 1300 കേന്ദ്രങ്ങളിൽ നടന്നു. സംസ്ഥാനതല ഉദ്ഘാടനം തൃക്കാക്കരയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിച്ചു.

അതേസമയം, സർക്കാരിന്റെ ഒരു വർഷം യുഡിഎഫിന്റെ വിനാശകാലമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല. തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ പൊതുവായ നിർദേശത്തിന്റെ ഭാഗമായി പൊലീസ് കേസെടുത്തതാകാം. സുധാകരന്റെ പ്രയോഗം നാട്ടുഭാഷയാണെന്ന പ്രതിപക്ഷ വിശദീകരണം മുഖ്യമന്ത്രി തള്ളി. മലബാറും തിരുവിതാംകൂറും തമ്മിൽ ‘പട്ടി’ യിൽ വ്യത്യാസമില്ല. സുധാകരനു തന്നോട് എന്തെങ്കിലും വിഷമം കാണുമായിരിക്കും. ജാതിയും മതവും നോക്കിയാണു മന്ത്രിമാർ വോട്ടഭ്യർഥന നടത്തുന്നതെന്ന പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി തള്ളി.  

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നത കോൺഗ്രസ് നേതാവും എസ്ഡിപിഐ നേതാവും തമ്മിൽ ചർച്ച നടത്തിയെന്ന വിവരം മുഖ്യമന്ത്രി എന്ന നിലയിൽ തനിക്കു ലഭിച്ചിട്ടില്ല. കെ.വി.തോമസിന്റെ വരവ് എൽഡിഎഫിനു ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കെഎസ്ആർടിസിയിലെ ശമ്പളക്കാര്യത്തിൽ മന്ത്രി ആന്റണി രാജുവിനെ മുഖ്യമന്ത്രി പിന്തുണച്ചു. ഏതെങ്കിലും സ്ഥാപനത്തിന് എല്ലാക്കാലവും പൂർണമായി ശമ്പളം കൊടുക്കാൻ സർക്കാരിനു പറ്റുമോ? പൊതുമേഖലാ സ്ഥാപനം ശക്തിപ്പെടുത്തുക എന്നാൽ കെടുകാര്യസ്ഥത ശക്തിപ്പെടുത്തലല്ല. കെഎസ്ആർടിസിയെ സംബന്ധിച്ച പഠന റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കണം. ഇതിനു ട്രേഡ് യൂണിയൻ തടസ്സം നിൽക്കുമെന്നു കരുതുന്നില്ല. 

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ജയിലിൽ കഴിയുന്ന മണിച്ചനെ മോചിപ്പിക്കാനുള്ള സർക്കാർ ശുപാർശ ഗവർണറുടെ മുൻപിലാണെന്നും ഐടി പാർക്ക് സിഇഒ രാജിവച്ചതു വ്യക്തിപരമായ കാരണങ്ങളാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Pinarayi Vijayan's second government completing one year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com