ADVERTISEMENT

കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണ നൽകേണ്ടതില്ലെന്നു ട്വന്റി20–എഎപി ജനക്ഷേമ സഖ്യത്തിന്റെ തീരുമാനം. മൂന്നു മുന്നണികളുടെയും നേതാക്കൾ പിന്തുണ അഭ്യർഥിച്ചു സമീപിച്ചെങ്കിലും ആർക്കും പിന്തുണയില്ലെന്നു ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബ്, എഎപി സംസ്ഥാന കൺവീനർ പി. സി. സിറിയക് എന്നിവർ അറിയിച്ചു.

ഏതു മുന്നണി ജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക, സാമൂഹിക, വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാവുന്നില്ല. ഇതാണു സ്ഥാനാർഥിയെ മത്സരിപ്പിക്കേണ്ട എന്നു ജനക്ഷേമ സഖ്യം തീരുമാനിക്കാൻ കാരണം. മണ്ഡലത്തിൽ ട്വന്റി20–എഎപി സഖ്യത്തിനു വലിയ ‌‌‌പിന്തുണയുണ്ട്. പ്രലോഭനങ്ങൾക്കും സമ്മർദങ്ങൾക്കും സ്വാധീനങ്ങൾക്കും വഴങ്ങാതെ ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തണമെന്നാണ് അഭ്യർഥനയെന്ന് ഇരുവരും പറഞ്ഞു.

ജനക്ഷേമ സഖ്യത്തിന്റെ നിലപാട് പുറത്തുവന്ന ഉടനെ, തീരുമാനം തങ്ങൾക്ക് അനുകൂലമാണെന്ന വ്യാഖ്യാനവുമായി മുന്നണി നേതാക്കൾ രംഗത്തുവന്നു. ജനക്ഷേമ സഖ്യത്തിന്റെ പിന്തുണയ്ക്കായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും നിലപാട് സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. ട്വന്റി20 പ്രവർത്തകനെ മർദിച്ചു കൊന്നതും കിറ്റെക്സ് പൂട്ടിക്കാൻ ശ്രമിച്ചതും പ്രവർത്തകരുടെ മനസ്സിലുണ്ടാവുമെന്നു അദ്ദേഹം ഓർമിപ്പിച്ചു.

ജനക്ഷേമ സഖ്യത്തിന്റെ നിലപാട് എൽഡിഎഫിന് അനുകൂലമാണെന്നു ഇടതുമുന്നണി കൺവീനർ ഇ. പി. ജയരാജൻ പറഞ്ഞു. കോൺഗ്രസിനെ തകർത്താണു ഡൽഹിയിലും പഞ്ചാബിലും എഎപി അധികാരത്തിൽ വന്നത്. കേരളത്തിലും ആ നിലപാടിനു മാറ്റമുണ്ടാവില്ലെന്നു ജയരാജൻ പറഞ്ഞു. 2021 ലെ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ട്വന്റി20 സ്ഥാനാർഥി 13897 വോട്ട് നേടിയിരുന്നു. 14329 വോട്ട് ആയിരുന്നു പി. ടി. തോമസിന്റെ ഭൂരിപക്ഷം.

English Summary: AAP-Twenty20 not to support any front in Thrikkakara bypoll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com