ADVERTISEMENT

കൊച്ചി∙ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനു പിന്നാലെ കേരളത്തിൽ പെട്രോൾ വില 10.41 രൂപ കുറയേണ്ടതാണെങ്കിലും കുറഞ്ഞത് 9.48 രൂപ മാത്രം. ബാക്കി 93 പൈസ എവിടെപ്പോയി?

നിരക്കു വ്യത്യാസം വരുന്നതിനു മുൻപ് കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന് 115.20 രൂപയായിരുന്നെങ്കിൽ ഇന്നലെ 105.72 രൂപയായി കുറഞ്ഞു. എക്സൈസ് നികുതി കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിനു പിന്നാലെ സംസ്ഥാന ധനമന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത് കേന്ദ്രം കുറച്ചതിന് ആനുപാതികമായി സംസ്ഥാനത്ത് പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയുമെന്നാണ്. എന്നാൽ കേന്ദ്രം കുറച്ച 8 രൂപയ്ക്കു പുറമേ കേരളത്തിൽ പെട്രോളിന് കുറഞ്ഞത് 1.48 രൂപ മാത്രം. അതേസമയം ഡീസൽ വിലയിൽ കേന്ദ്രം കുറച്ച 6 രൂപയ്ക്കൊപ്പം കേരളത്തിന്റെ 1.36 രൂപയും ചേർത്ത് 7.36 രൂപയുടെ വ്യത്യാസം വന്നിട്ടുമുണ്ട്.

പെട്രോളിനു മേൽ കേരളം ഈടാക്കുന്ന വാറ്റ് 30.08 % ആണ്. ഡീസലിന് 22.76 ശതമാനവും. കേന്ദ്രം പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും നികുതി കുറയ്ക്കുമ്പോൾ അതിന് ആനുപാതികമായി സംസ്ഥാനത്ത് യഥാക്രമം 2.41 രൂപയും 1.36 രൂപയും കുറയേണ്ടതാണ്. എന്നാൽ പെട്രോളിന്റെ കാര്യത്തിൽ ഇതു പൂർണമായും പാലിക്കപ്പെട്ടില്ല. കേരളത്തിലേതിനു സമാനമായി തമിഴ്നാട്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിലും പെട്രോൾ വിലയിൽ വ്യത്യാസമുണ്ട്.

പെട്രോളിനു കുറയ്ക്കുന്നത് 2.41 രൂപ തന്നെ: മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം ∙ കേന്ദ്രം എക്സൈസ് നികുതി കുറച്ചതിനൊപ്പം കേരളം കുറയ്ക്കുന്നത് പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവർത്തിച്ചു. കേരളത്തിൽ വന്ന ഇന്ധന നികുതി കുറവിനെ വെറും ആനുപാതിക കുറവായി കാണരുതെന്നും കേരളവും നികുതി കുറച്ചു എന്നു തന്നെ പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ നവംബർ 4ന് ഡീസലിന് നികുതി 10 രൂപയും പെട്രോളിന് 5 രൂപയും കുറച്ചപ്പോൾ കേരളത്തിൽ ഡീസലിന് 12.30 രൂപയും പെട്രോളിന് 6.56 രൂപയും കുറഞ്ഞു. ഇതിൽ 2.30 രൂപ ഡീസലിനും 1.56 രൂപ പെട്രോളിനും അധികമായി കുറഞ്ഞതു കേരളത്തിന്റെ വകയായിട്ടാണ്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു 13 തവണയാണ് പെട്രോൾ നികുതി വർധിപ്പിച്ചത്. എൽഡിഎഫ് ഇന്നുവരെ നികുതി വർധിപ്പിച്ചില്ല. 2018ൽ ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

മഹാരാഷ്ട്ര വാറ്റ് കുറച്ചു

മുംബൈ ∙ കേന്ദ്രം നികുതി കുറച്ചതിനു പിന്നാലെ മഹാരാഷ്ട്രയിൽ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചു. പെട്രോളിന് 2.08 രൂപയും ‍ഡീസലിന് 1.44 രൂപയുമാണു കുറച്ചത്. ഇതോടെ പെട്രോൾ (111.35), ഡീസൽ (97.28) എന്നിങ്ങനെയാണു വില.

സംസ്ഥാനങ്ങൾക്ക് നഷ്ടമില്ല: മന്ത്രി നിർമല

ന്യൂഡൽഹി ∙ എക്സൈസ് നികുതി കുറച്ചതു വഴി സംസ്ഥാനങ്ങൾക്കു വരുമാന നഷ്ടമുണ്ടാവുന്നില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര എക്സൈസ് നികുതിയുടെ ഭാഗമായ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് (ആർഐസി) ആണ് കുറച്ചതെന്നും ഇതിന്റെ വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നതല്ലെന്നുമാണ് ധനമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

അടിസ്ഥാന എക്സൈസ് നികുതി, പ്രത്യേക അഡീഷനൽ എക്സൈസ് നികുതി, ആർഐസി, കൃഷി–അടിസ്ഥാന സൗകര്യ വികസന സെസ് എന്നിവ ചേർന്നതാണു പെട്രോളിയം ഉൽപന്നങ്ങൾക്കു മേലുള്ള കേന്ദ്ര എക്സൈസ് നികുതി. ഇതിൽ അടിസ്ഥാന എക്സൈസ് നികുതിയാണു സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നത്. 

സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന അടിസ്ഥാന നികുതിയിൽ ഒരു കുറവും വരുത്തിയിട്ടില്ല. അതിനാൽ സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കില്ല. നവംബറിൽ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചതും ആർഐസിയിൽനിന്നു തന്നെയായിരുന്നുവെന്നും നിർമല പറഞ്ഞു.

പുതുക്കിയ വിലയും നികുതിയും

പെട്രോൾ വില* 57.33

എക്സൈസ് നികുതി 19.90

ഡീലർ കമ്മിഷൻ 3.78

സംസ്ഥാന നികുതി 24.36

പെട്രോൾ വില 105.37

 

ഡീസൽ വില* 58.14

എക്സൈസ് നികുതി 15.80

ഡീലർ കമ്മിഷൻ 2.57

സംസ്ഥാന നികുതി 17.59

ഡീസൽ വില 94.10

English Summary: Petrol diesel price reduction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com