നടി ഹൈക്കോടതിയിൽ: ‘അന്വേഷണം അട്ടിമറിച്ചു; വിചാരണക്കോടതി പ്രതികൾക്കൊപ്പം’

HIGHLIGHTS
  • ‘അന്വേഷണം ഒഴിവാക്കാൻ രാഷ്ടീയ–ഭരണ നീക്കം’
  • െഹെക്കോടതിയിൽ കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്നും ആവശ്യം
1248-actor-dileep
ദിലീപ് (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു സർക്കാരിനും വിചാരണക്കോടതിക്കുമെതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. ആദ്യഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ഹർജിയിൽ ആരോപിച്ചു.

അന്വേഷണം തടസ്സപ്പെടുത്തി, പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ ഭാഗത്തു നിന്നുണ്ടെന്നും ഹർജിയിലുണ്ട്. ഹർജി ഇന്നു ജസ്റ്റിസ് കൗസർ ഇടപ്പഗത്തിന്റെ ബെഞ്ചിൽ എത്തും. ഇതിനിടെ, ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ടു നടി മറ്റൊരു അപേക്ഷയും നൽകി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ, ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഉള്ളടക്കം അനധികൃതമായി പരിശോധിച്ച് കൃത്രിമം കാണിക്കുകയും പകർത്തുകയും ചെയ്തതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണു ഹർജി. 

പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം? 

എട്ടാം പ്രതിയായ നടൻ ദിലീപും ഭരണമുന്നണിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടു സംശയിക്കുന്നതായി ഹർജിയിൽ ആരോപിക്കുന്നു. തുടരന്വേഷണം പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചിരുന്നെങ്കിലും ഇപ്പോൾ അന്വേഷണം അവസാനിപ്പിക്കാൻ രാഷ്ട്രീയ ഉന്നതരുടെ ഭീഷണിയുണ്ടെന്നാണു മനസ്സിലാകുന്നത്. പ്രതിയുടെ അഭിഭാഷകർ സാക്ഷികളെ സ്വാധീനിച്ചുവെന്നും തെളിവുകളിൽ തിരിമറി കാട്ടിയെന്നും ആക്ഷേപമുണ്ട്. എന്നാൽ തുടരന്വേഷണം അവരിലേക്ക് എത്താതിരിക്കാൻ രാഷ്ട്രീയ തലത്തിൽനിന്ന് ഉറപ്പു കിട്ടിയെന്നാണ് അറിയുന്നതെന്നു ഹർജിയിൽ പറയുന്നു. ‌ 

കോടതിക്കെതിരെയും പരാതി

കേസിലെ പ്രധാന ഡിജിറ്റൽ തെളിവായ മെമ്മറി കാർഡിൽ കൃത്രിമം കാട്ടിയെന്നു വിചാരണക്കോടതിക്കു റിപ്പോർട്ട് കിട്ടിയെങ്കിലും അക്കാര്യം ഹൈക്കോടതിയെ അറിയിക്കാതിരുന്നതു ഗുരുതര വീഴ്ചയാണെന്നു ഹർജിയിൽ ആരോപിക്കുന്നു. റിപ്പോർട്ട് കിട്ടിയത് കോടതി രേഖകളിൽ ഉൾപ്പെടുത്തിയില്ല. 

മെമ്മറി കാർഡിൽ കൃത്രിമം കാട്ടിയത് ആരാണ്, കാർഡിലെ വിവരങ്ങൾ എത്ര തവണ പരിശോധിച്ചു, പകർപ്പ് എടുത്തിട്ടുണ്ടോ എന്നെല്ലാം കണ്ടെത്താൻ വിചാരണക്കോടതിയുടെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായില്ല. മെമ്മറി കാർഡ് ഫൊറൻസിക് ലാബിൽ അയയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനും അനുമതി ലഭിച്ചിട്ടില്ല. 

ഹർജിയിലെ മറ്റ് ആവശ്യങ്ങൾ

മെമ്മറി കാർഡിൽ കൃത്രിമം നടത്തി പകർപ്പ് എടുത്തതിനെക്കുറിച്ചു തുടരന്വേഷണത്തിന്റെ ഭാഗമായോ പുതിയ കേസ് റജിസ്റ്റർ ചെയ്തോ അന്വേഷിക്കണം. ദിലീപ് സറണ്ടർ ചെയ്ത ഫോണുകളിൽ നടന്ന തിരിമറി അന്വേഷിക്കണം. മെമ്മറി കാർഡ് കൂടുതൽ പരിശോധനയ്ക്കു ഫൊറൻസിക് ലാബിൽ അയയ്ക്കുകയും റിപ്പോർട്ട് വരുന്നതു വരെ അന്തിമ റിപ്പോർട്ട് നൽകുന്നതു തടയുകയും വേണം. അന്വേഷണത്തിനു ഹൈക്കോടതിയുടെ നിരീക്ഷണം ഏർപ്പെടുത്തണം. 

English Summary: Actress assault case: Survivor approaches High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS