ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നടൻ ദിലീപിനെ പ്രതി ചേർക്കാതിരിക്കാൻ പൊലീസിലെ ഉന്നതൻ 50 ലക്ഷം രൂപ വാങ്ങിയെന്ന വിവരം പുറത്തുവന്നതോടെ തുടരന്വേഷണം പ്രതിസന്ധിയിലായി. പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ഉന്നതൻ സർവീസിൽ നിന്നു വിരമിച്ചിട്ടും അദ്ദേഹം നിയന്ത്രിച്ചിരുന്ന ലോബി പൊലീസിൽ ഇപ്പോഴും ശക്തമാണ്. ഇവർ നടത്തിയ ചരടുവലിയാണ് അന്വേഷണത്തിന്റെ ചുമതലയിൽ നിന്ന് എഡിജിപി: എസ്.ശ്രീജിത്തിനെ മാറ്റാൻ വഴിയൊരുക്കിയത്.

കേസിൽ ദിലീപ് അറസ്റ്റിലായതോടെ ‘50 ലക്ഷം കൊടുത്തതു വെറുതെയായെന്ന‌ു’ പറഞ്ഞ ആലപ്പുഴ സ്വദേശിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തയാറെടുക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തലവനെ നീക്കി പുതിയയാളെ നിയോഗിച്ചത്. പുതിയ ക്രൈംബ്രാഞ്ച് മേധാവി വിളിച്ചു ചേർന്ന അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിൽ നൽകിയ നിർദേശം കോടതിയെയും അഭിഭാഷകരെയും പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണ വിവരങ്ങൾ പുറത്തുവരരുതെന്നാണ്.

നടിയെ പീഡിപ്പിച്ചെന്ന കേസിൽ തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാനും തുടർച്ചയായി ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് എഡിജിപി: എസ്.ശ്രീജിത്തിനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: ബൈജു പൗലോസിനുമെതിരെ ഇതേ അഭിഭാഷകൻ സംസ്ഥാന അഭ്യന്തര സെക്രട്ടറിക്കു പരാതി നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ ശ്രീജിത്തിനെ സ്ഥലംമാറ്റി.

തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം കോടതിയോടു ചോദിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെ കണ്ടെത്തിയ തെളിവുകൾ കൂട്ടിയിണക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള തത്രപ്പാടിലാണ് അന്വേഷണ സംഘം.

English Summary: Actress attack case; Investigation slow down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com