തിരുവനന്തപുരം ∙ കേന്ദ്രം ഇന്ധന വില കുറച്ചതിനു പിന്നാലെ കേരളത്തിൽ കുറയേണ്ടിയിരുന്ന തുകയിൽ 93 പൈസ എവിടെപ്പോയെന്ന് ഒടുവിൽ കണ്ടെത്തി.
ധനമന്ത്രിയുടെ ഓഫിസ് പെട്രോളിയം കമ്പനികളോട് ഇതേക്കുറിച്ചു വിശദീകരണം തേടിയപ്പോഴാണ് ആകെ പെട്രോൾ വിലയിൽ കേന്ദ്രം 8 രൂപ കുറച്ചതിനു പിന്നാലെ കമ്പനികൾ അടിസ്ഥാന വിലയിൽ 79 പൈസ വർധിപ്പിച്ചതായി കണ്ടെത്തിയത്. ഇതിനു മേൽ നികുതി കൂടി വന്നതോടെ ആകെ വ്യത്യാസം 93 പൈസയായി.
ഡീസലിന്റെ അടിസ്ഥാന വിലയിലും 2 പൈസയുടെ വർധനയുണ്ടായി. എന്നാൽ, തുച്ഛമായ വർധനയായതിനാൽ ഇതു ശ്രദ്ധിക്കപ്പെട്ടില്ല. എണ്ണക്കമ്പനികൾ ഇതു സംബന്ധിച്ചു പ്രതികരിച്ചിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ അനുമതിയോടു കൂടിയല്ലാതെ പെട്രോളിയം കമ്പനികൾ ഇങ്ങനെ വില വർധിപ്പിക്കില്ല. വില കുറയ്ക്കുകയും മറുവശത്ത് എണ്ണക്കമ്പനികളെക്കൊണ്ടു കൂട്ടിക്കുകയും ചെയ്താൽ വില ഒരിക്കലും കുറയാൻ പോകുന്നില്ല
ധനമന്ത്രി കെ.എൻ.ബാലഗോപാൽ
English Summary: Confusion over petrol price reduction amount