ADVERTISEMENT

കായംകുളം ∙ കുടിശികയുടെ പേരിൽ കെഎസ്ഇബി വൈദ്യുതി കണക്‌ഷൻ വിഛേദിക്കുകയും ഇതു ചോദ്യം ചെയ്ത അയൽവാസിയായ സിപിഎം നേതാവിനെതിരെ പാർട്ടി നടപടിയെടുക്കുകയും ചെയ്തതിനു പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി. എരുവ ഉണ്ണിയേഴത്ത് നാരായണനെയാണ് (ബാബു–60) ഇന്നലെ പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ബാബുവിന്റെ വീട്ടിലെ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചത്. ഇക്കാര്യം ബാബുവിന്റെ അയൽവാസിയും സിപിഎം എരുവ ലോക്കൽ കമ്മിറ്റി അംഗവുമായ ആർ.ഹരികുമാർ കെഎസ്ഇബി ഓഫിസിൽ വിളിച്ചു ചോദിച്ചതു ബഹളത്തിൽ കലാശിച്ചിരുന്നു. ഇതിനു പിന്നാലെ കുടിശികയുടെ പേരിൽ ഹരികുമാറിന്റെ വൈദ്യുതി കണക്‌ഷനും കെഎസ്ഇബി വിഛേദിച്ചു. ഇതറിഞ്ഞ് ഓഫിസിലെത്തിയ ഹരികുമാർ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം വിവാദമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഹരികുമാറിനൊപ്പം ബാബുവും നിൽക്കുന്നതു ദൃശ്യങ്ങളിലുണ്ട്. ലോക്കൽ കമ്മിറ്റി അംഗം കെഎസ്ഇബിയിലെ സിഐടിയു നേതാവിനെ ഭീഷണിപ്പെടുത്തിയത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.

സംഭവത്തെ തുടർന്നു ഹരികുമാറിനെ സിപിഎം പാർട്ടി അംഗത്വത്തിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. തനിക്ക് വേണ്ടി ഇടപെട്ട ഹരികുമാറിന് പാർട്ടി നടപടി നേരിടേണ്ടി വന്നതിലുള്ള മനോവിഷമത്തിലാണ് നാരായണൻ ജീവനൊടുക്കിയതെന്ന് ഭാര്യ ഓമന പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മക്കൾ: മിഥുൻ, ദിവ്യ.

 

English Summary: Kayamkulam suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com