700 സിഎൻജി ബസുകൾ വാങ്ങാനുള്ള തീരുമാനം: പിന്നോട്ടില്ലെന്ന് മന്ത്രി

HIGHLIGHTS
  • വിമർശനങ്ങൾ കാര്യങ്ങൾ പഠിക്കാതെയാണെന്ന് മന്ത്രി ആന്റണി രാജു
Antony Raju (Photo - FB/Antony Raju)
ആന്റണി രാജു (Photo - FB/Antony Raju)
SHARE

തിരുവനന്തപുരം∙ കെ സ്വിഫ്റ്റ് കമ്പനിക്കായി 700 സിഎൻജി ബസുകൾ വാങ്ങാനുള്ള തീരുമാനവുമായി കെഎസ്ആർടിസി മുന്നോട്ട്. ജീവനക്കാരുടെ സംഘടനകൾ തീരുമാനത്തിനെതിരെ രംഗത്തുണ്ടെങ്കിലും ബസുകൾ എത്രയും വേഗം നിരത്തിലിറക്കാനാണു തീരുമാനമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. സിഎൻജിക്കെതിരായ വിമർശനങ്ങൾ കാര്യങ്ങൾ നല്ലവണ്ണം പഠിക്കാതെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു 

സിഎൻജിയുടെ പണച്ചെലവും ലഭ്യതക്കുറവും കണക്കിലെടുക്കുമ്പോൾ ഡീസൽ ബസുകളാണ് അഭികാമ്യമെന്നാണു സംഘടനകൾ ചൂണ്ടിക്കാട്ടിയത്. ഇതര സംസ്ഥാനങ്ങൾ ഇലക്ട്രിക് ബസുകളിലേക്കു കടക്കുന്ന വേളയിലാണ് കേരളം ചെലവേറിയ സംരംഭത്തിനു മുതിരുന്നതെന്നും വിമർശനമുയർന്നു. ഡീസലിനെക്കാൾ സിഎൻജിക്കു വില കൂടുതലാണെന്നും പെട്രോളിനും ഡീസലിനും വില കുറഞ്ഞപ്പോൾ സിഎൻജിക്ക് രണ്ടു രൂപയോളം വർധിക്കുകയായിരുന്നുവെന്നും ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ ചൂണ്ടിക്കാട്ടി. മൈലേജിലും വ്യത്യാസമുണ്ട്. 

സിഎൻജിയുടെ ലഭ്യതക്കുറവ് സർവീസുകൾക്കു തടസ്സമാകില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ വിലയിരുത്തൽ. ഡിപ്പോയും വർക്‌ഷോപ്പും ഉള്ള സ്ഥലങ്ങളിൽ സിഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് ബസുകൾ പരിസ്ഥിതി സൗഹൃദപരമാണെങ്കിലും അതിനു സിഎൻജിയേക്കാൾ ചെലവു കൂടുമെന്നും കെഎസ്ആർടിസി അറിയിച്ചു. 

ഇരട്ടിയിലധികം വില; വാർത്തകൾ തെറ്റെന്ന് കെഎസ്ആർടിസി

∙ 1300 ഡീസൽ ബസുകളുടെ വിലയ്ക്കു തുല്യമായി 700 സിഎൻജി ബസുകൾ ഇരട്ടിയിലധികം വില നൽകി വാങ്ങുന്നുവെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് കെഎസ്ആർടിസി. ഡീസൽ ബസുകൾ വാങ്ങാനുള്ള തുക നൽകാൻ കിഫ്ബി തയാറാകുന്നില്ല. എൽഎൻജി, സിഎൻജി, ഇലക്ട്രിക് തുടങ്ങിയ ക്ലീൻ ഫ്യൂവൽ ബസുകൾക്കു മാത്രമാണ് തുക നൽകുന്നത്. സർക്കാർ ​ഗ്രാന്റ് ഉപയോ​ഗിച്ച് ഡീസൽ ബസ് വാങ്ങുന്നുണ്ട്. എന്നാൽ അതു ദീർഘദൂര സർവീസുകൾക്ക് വേണ്ടിയാണ്. നിലവിൽ 2300 ഓർഡിനറി സർവീസ് ഉണ്ട്. സിഎൻജി ബസുകൾക്ക് റേഞ്ച് (ഒരു പ്രാവശ്യം ഇന്ധനം നിറച്ച ശേഷം ഓടാവുന്ന പരമാവധി ദൂരം) കുറവാണ്. ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ 400 കിലോ മീറ്റർ വരെയേ പരമാവധി ഓടുകയുള്ളൂ. 

ഓർഡിനറി ബസുകൾ സിഎൻജിയിലേക്ക് മാറിയാൽ ഇന്ധന ചെലവ് ലാഭിക്കാനാകും. ഭാവിയിൽ സിബിജിയിൽ ( കംപ്രസ്ഡ് ബയോ​ഗ്യാസ് ) നിന്നുള്ള ശുദ്ധീകരിച്ച ഇന്ധനം ഇതിൽ ഉപയോ​ഗിക്കാനുമാകും. . സിബിജി പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ ആനുകൂല്യമുണ്ട്. കഴിഞ്ഞ വർഷത്തെ ടെൻഡർ പ്രകാരം കെഎസ്ആർടിസിയിൽ ഡീസൽ ബസ് വാങ്ങിയത് 33,78,800 രൂപയ്ക്കും 310 സിഎൻജി ബസുകൾക്കുള്ള ദർഘാസിൽ ഒരു ബസിന് 37,99,685 രൂപയുമാണു കണക്കാക്കിയിരുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം കേവലം 4,20,885 രൂപയാണ്. 

ഇപ്പോഴത്തെ കുറച്ച വില അനുസരിച്ച് ഒരു ലീറ്റർ ഡീസലിന്റെ വില 96.52 രൂപയും ഒരു കിലോ സിഎൻജിയുടെ വില 83 രൂപയുമാണ്. ഏകദേശം 13.52 രൂപയോളം വില വ്യത്യാസമുണ്ട്. ഡീസൽ വില ഏത് സമയവും ഉയരാവുന്ന സാഹചര്യമായതിനാൽ ഇനി ഡീസലിലേക്കു പോകുക പ്രായോ​ഗികമല്ലെന്നും കെഎസ്ആർടിസി അറിയിച്ചു. 

സിഎൻജി എന്നാലെന്ത്?

കംപ്രസ്ഡ് നാച്വറൽ ഗ്യാസ് എന്നതാണ് പൂർണരൂപം. പരിസ്ഥിതി സൗഹൃദപരമായ ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ച് ഓടുന്ന ബസുകൾ അന്തരീക്ഷ മലിനീകരണം കുറയ്ക്കും. വായുവിൽ ഭാരം കുറവ്. ഇന്ധന ചോർച്ച ഉണ്ടായാൽ പെട്ടെന്ന് വായുവിൽ ലയിച്ചു ചേരുന്നതിനാൽ അപകട സാധ്യതയും കുറവാണ്. 

പണം എങ്ങനെ?

455 കോടിയുടെ കിഫ്ബി വായ്പയെടുത്താണ് ബസുകൾ വാങ്ങുന്നത് 

കെഎസ്ആർടിസി:ഏപ്രിലിലെ ശമ്പള വിതരണം പൂർത്തിയായി

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ ഏപ്രിലിലെ  ശമ്പള വിതരണം പൂർത്തിയായി. ഏപ്രിലിൽ ശമ്പളം ലഭിക്കാതിരുന്ന 750 പേർക്കു കൂടി ഇന്നലെ ശമ്പളം നൽകി. ഇതിനാവശ്യമായ 2.5 കോടി രൂപ ബസുകളിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സൂപ്രണ്ട് മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർമാർ, കരാർ ജീവനക്കാർ തുടങ്ങി 750 പേർക്കാണ് ശമ്പളം നൽകിയത്.

English Summary: Transport minister about buying 700 cng buses

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA