ADVERTISEMENT

തിരുവനന്തപുരം ∙ പൊതുജനാരോഗ്യ മേഖലയിലെ സമാനതകളില്ലാത്ത സേവനങ്ങൾക്ക് ആശാവർക്കർ‌മാരെ ലോകാരോഗ്യ സംഘടന തന്നെ ആദരിച്ചെങ്കിലും കേരളത്തിൽ അവരുടെ ജീവിതം ദുരിതപൂർണം. ഓണറേറിയം എന്ന പേരിലുള്ള 6000 രൂപ പ്രതിമാസ വേതനം മുടങ്ങിയിട്ടു 2 മാസമായി. 

ഇപ്പോൾ മാത്രമല്ല, വനിതകൾ മാത്രമുള്ള ഈ മേഖലയിൽ ഒരു മാസവും തുച്ഛമായ ഈ വേതനം കൃത്യമായി നൽകാറില്ല. കടം വാങ്ങിയും മറ്റും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഇവർക്ക് കുടിശികവേതനം ഒരുമിച്ചു കൊടുക്കാറുമില്ല. 

പ്രത്യേക ജോലികൾക്കുള്ള തുച്ഛമായ ഇൻസെന്റീവ് ഒഴിച്ചാൽ മറ്റ് ആനുകൂല്യങ്ങളുമില്ല. കോവിഡ് പ്രതിരോധം ഉൾപ്പെടെ വീടുകൾ കയറിയിറങ്ങി സർക്കാരിന്റെ പൊതുജനാരോഗ്യ–പ്രതിരോധ പദ്ധതികൾ വിജയിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നവരോടാണ് ഈ അവഗണന.

ജോലിയേറെ, ജോലിക്കാരല്ല

സന്നദ്ധസേവകരായി പരിഗണിച്ചാണ് ഓണറേറിയം നൽകുന്നതെങ്കിലും കൃത്യമായ ജോലികൾ ഇവരെക്കൊണ്ട് ആരോഗ്യ വകുപ്പ് ചെയ്യിക്കാറുണ്ട്. വീട്ടിൽ കഴിയുന്ന രോഗികൾക്ക് മരുന്ന് എത്തിക്കലും വിവര ശേഖരണവും റിപ്പോർട്ട് തയാറാക്കലും മുതൽ നിശ്ചിത ദിവസം സർക്കാർ ആശുപത്രികളിലെ സേവനം വരെ ഉത്തരവാദിത്തമായുണ്ട്. 

ഏറ്റവും ഒടുവിൽ 30 വയസ്സിനു മുകളിലുള്ള എല്ലാവരുടെയും ജീവിത ശൈലി രോഗങ്ങൾ സംബന്ധിച്ച വിവരശേഖരണം നടത്തുന്നതും ഇവർ വഴിയാണ്. 1000 പേർക്ക് ഒരു ആശാവർക്കർ എന്നായിരുന്നു ആദ്യ സങ്കൽപമെങ്കിലും നിലവിൽ ഒരു തദ്ദേശ വാർഡിന് ഒരു ആശാവർക്കർ എന്നാണ് കണക്ക്. 

ഭൂരിപക്ഷം പേരും നടന്നാണ് വീടുകൾ സന്ദർശിക്കുന്നത്. യാത്രപ്പടി ഇല്ല. മിക്ക വിവരശേഖരണവും മൊബൈൽ ഫോൺ വഴിയാണെങ്കിലും അതിനുള്ള അലവൻസുമില്ല. ജോലിക്കൊപ്പം പല സർക്കാർ പരിപാടികളും വിജയിപ്പിക്കാൻ ആളെക്കൂട്ടുന്നതും ഇവരെ ഉപയോഗിച്ചാണ്. ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കണമെന്നും സർക്കുലർ ഇറങ്ങിയിട്ടുണ്ട്.

കാൽ ലക്ഷത്തിലേറെ വനിതകൾ

14 വർഷം മുൻപ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ആശ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) പദ്ധതിയിൽ സംസ്ഥാനത്ത് 26,448 വനിതകളുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻഎച്ച്എം) കീഴിൽ സംസ്ഥാന–കേന്ദ്ര സർക്കാരുകൾ സംയുക്തമായാണ് ഓണറേറിയവും ഇൻസെന്റീവും നൽകുന്നത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ് ഓണറേറിയം 6000 ആയി വർധിപ്പിച്ചത്. 

ഗർഭിണികളെ ആരോഗ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യിക്കുന്നതടക്കമുള്ള ജോലികൾക്കാണ് ഇൻസെന്റീവ്. ഇത് ശരാശരി 2000–3000 രൂപ മാത്രമാണ്. ഇതുൾപ്പെടെ 10,000 രൂപയിൽ താഴെയാണ് ആകെ ലഭിക്കുക. ഒരു മാസത്തെ ഇൻസെന്റീവും കുടിശികയാണ്. കോവിഡ് രൂക്ഷമായ ഘട്ടത്തിൽ 1000 രൂപ അലവൻസ് മാത്രമായിരുന്നു അധിക പ്രതിഫലം. അതിപ്പോൾ അവസാനിപ്പിക്കുകയും ചെയ്തു. 

English Summary: Honorarium of Asha workers pending

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com