മുഖ്യമന്ത്രിക്ക് ഇന്ന് ജന്മദിനം; വികസനത്തിലേക്ക് സൂം ചെയ്ത് ക്യാപ്റ്റൻ തൃക്കാക്കരയിൽ

thrikkakara-election-campaign
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പൂണിത്തുറയിൽ നടത്തിയ എൽഡിഎഫ് പൊതുയോഗത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു. ചിത്രം: മനോരമ
SHARE

കൊച്ചി ∙ വിപ്ലവ ഗാനങ്ങൾ ചുവപ്പിച്ച വേദിയിലേക്ക് ‘ക്യാപ്റ്റൻ’ കടന്നുവരുമ്പോൾ തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ ഇൻക്വിലാബ് വിളികൾ. റെഡ് വൊളന്റിയർ അകമ്പടിയിൽ വേദിയിലേക്കു കയറുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നൂറുകണക്കിനു മൊബൈൽ ക്യാമറകൾ സൂം ചെയ്യുന്നു. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയിൽ സമൂഹ മാധ്യമങ്ങളിൽ ചെറു വിഡിയോകളായി അവയൊക്കെ നിറയുന്നു.

തൃക്കാക്കര തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള മൂന്നാം വരവിൽ ആദ്യ പൊതുയോഗത്തിനു പൂണിത്തുറയിലെ വേദിയിലാണു മുഖ്യമന്ത്രി. ടീം ലൈനപ്പ് ഒരുക്കി, തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്തു പോയശേഷം കൊച്ചിയിലെത്തി ഒരാഴ്ച തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളും വിലയിരുത്തി. മൂന്നാം വരവിൽ ടീമിനെ നയിക്കാൻ നേരിട്ടു കളത്തിലിറങ്ങിയിരിക്കുന്നു. കാരണം, തൃക്കാക്കരയിലേതു പിണറായിയുടെ അഭിമാനപ്പോപോരാട്ടമാണ്.

5 ദിവസങ്ങൾ, അത്രയും പൊതുയോഗങ്ങൾ. പകൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഇഴകീറി പരിശോധിക്കുന്ന യോഗങ്ങൾ. നിർദേശങ്ങൾ നൽകുന്നു, വീഴ്ചകൾ പരിഹരിക്കുന്നു. കരുതലോടെയാണു പ്രസംഗത്തിലെ ഓരോ വാക്കും. വികസനം മാത്രം. 

അതു വിശദമാക്കാൻ ആരെ തല്ലണമെന്നു നല്ല നിശ്ചയം. വികസനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന നിലയിൽ മത്സരത്തെ രണ്ടായി വകഞ്ഞുമാറ്റി 45 മിനിറ്റ് നീണ്ട പ്രസംഗം അവസാനിപ്പിക്കുമ്പോഴേക്കും, കേരളത്തിന്റെ കരുത്തും കരുതലുമെന്ന സ്വാഗത പ്രാസംഗികന്റെ വാക്കുകളാവും മുഖ്യമന്ത്രിയെക്കുറിച്ച് അനുയായികളുടെ മനസ്സിൽ.

കോൺഗ്രസിനെ കടന്നാക്രമിച്ച് പിണറായി പറഞ്ഞു: ‘കോൺഗ്രസ് വികസനം മുടക്കികളാണ്. ദേശീയപാതാ വികസനത്തിനു സമയത്തു പ്രവർത്തിക്കാതെ, ഒടുവിൽ സ്ഥലമെടുപ്പിന്റെ പകുതി സംസ്ഥാനം വഹിക്കേണ്ട സാഹചര്യമുണ്ടാക്കിയതു യുഡിഎഫ് സർക്കാരാണ്. അതിന്റെ പേരിൽ സംസ്ഥാനത്തിന് 5000 കോടി രൂപയാണ് അധികച്ചെലവു വന്നത്.’

മെട്രോ, വാട്ടർ മെട്രോ, ഇൻഫോപാർക്ക്, നഗരത്തിലെ 6 കനാലുകളുടെ വികസനം, സിറ്റി ഗ്യാസ്, കൊച്ചി–ഇടമൺ പവർ ഹൈവേ, വെള്ളക്കെട്ട് നിവാരണം തുടങ്ങി കൊച്ചിയുമായി ബന്ധപ്പെട്ടു സർക്കാർ നടപ്പാക്കിയ പദ്ധതികൾ എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, ഓരോ പ്രദേശത്തെയും വികസന പ്രവർത്തനങ്ങൾ കരുതലോടെയാണു സർക്കാർ നടപ്പാക്കുന്നതെന്നും പറഞ്ഞു

നാടിന്റെ വികസനത്തിനു വേണ്ടി ഡോ. ജോ ജോസഫിനു വോട്ടുതേടി പ്രസംഗം അവസാനിപ്പിക്കുമ്പോഴേക്കും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ അടുത്ത പ്രസംഗത്തിനെഴുന്നേറ്റു. മുഖ്യമന്ത്രിയുടെ വാഹനം വേദിക്കരികിലേക്കടുപ്പിച്ചെങ്കിലും കാനത്തിന്റെ പ്രസംഗം തീരും വരെ കാത്തിരുന്നു. 

ക്യാപ്റ്റൻ പ്രസംഗിച്ചിറങ്ങിയ വേദിയിൽ ഫോർവേഡുകളായി ജോസ് കെ. മാണിയും കെ.ബി.ഗണേഷ്കുമാറും തിരഞ്ഞെടുപ്പു രാഷ്ട്രീയം വിശദീകരിച്ചു തുടങ്ങിയപ്പോഴേക്കും മുഖ്യമന്ത്രി മടങ്ങി. പ്രചാരണത്തിന്റെ തിരക്കിട്ടൊരു ദിവസത്തിന് അവസാനം.

മുഖ്യമന്ത്രിക്ക് ഇന്നു പിറന്നാൾ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77–ാം ജന്മദിനം. തൃക്കാക്കരയിലെ പ്രചാരണത്തിരക്കിലാകും പിറന്നാളാഘോഷം. ഞായറാഴ്ച കൊച്ചിയിലെത്തിയ മുഖ്യമന്ത്രി 27 വരെ പ്രചാരണം നയിച്ചു രംഗത്തുണ്ടാകും. ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിനു തലേന്നാണ് തന്റെ യഥാർഥ ജന്മദിനം 1945 മേയ് 24നാണെന്നു പിണറായി വെളിപ്പെടുത്തിയത്. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് ജന്മദിനമായി രേഖപ്പെടുത്തിയിരിക്കുന്നത്.

തൃക്കാക്കരയോട്ടം, വി‍ഡിയോ സ്റ്റോറി കാണാൻ ക്ലിക്ക് ചെയ്യൂ

English Summary: Thrikkakara by-election ldf campaign

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA