ADVERTISEMENT

കൊച്ചി ∙ ആലുവ ദേശത്താണ് വീടെങ്കിലും ഏറെ നാളുകളായി വി.ഡി.സതീശന്റെ കർമമണ്ഡലം തൃക്കാക്കര മാത്രമാണ്. തൃക്കാക്കര വിട്ടൊരു ചിന്തയില്ല. യുഡിഎഫ് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമ്പോൾ അതിന്റെ അണിയറയിൽ പ്രതിപക്ഷനേതാവിന്റെ അക്ഷീണപ്രയത്നമുണ്ട്. പുലർച്ചെ ഇറങ്ങിയാൽ വോട്ടർമാരെ നേരിൽക്കണ്ടും സംസാരിച്ചും അവരുടെ മനസ്സിൽ യുഡിഎഫിന് ഒരിടം ഉറപ്പാക്കുന്ന തിരക്കിൽ നേരം ഏറെ വൈകും.

തൃക്കാക്കര ‘കൈ’പ്പിടിയിൽ നിലനിർത്താനുള്ള പോരിൽ യുഡിഎഫിന്റെ തന്ത്രങ്ങൾ മെനയുന്നവരിൽ പ്രമുഖനാണ്  സതീശൻ. പൊതുപരിപാടികളെക്കാൾ സതീശൻ പ്രാധാന്യം നൽകുന്നതു പ്രസ്ഥാനങ്ങളുടെയും കൂട്ടായ്മകളുടെയും അമരക്കാരുമായി കൂടിക്കാഴ്ച നടത്തുന്നതിനും കുടുംബ യോഗങ്ങളിൽ പങ്കെടുക്കുന്നതിനും ആണ്. ഫ്ലാറ്റ്, വീട് സന്ദർശനങ്ങൾ ഇതിനു പുറമെ. 

രാവിലെ, പാലാരിവട്ടത്തെ യുഡിഎഫ് സെൻട്രൽ ഇലക്‌ഷൻ കമ്മിറ്റി ഓഫിസിൽ നേതാക്കളുമായി ഹ്രസ്വ കൂടിക്കാഴ്ചയും അത്യാവശ്യം ഫോൺ വിളികളും കഴിഞ്ഞതോടെ മാധ്യമപ്രവർത്തകർക്കു മുന്നിലേക്കാണ് അദ്ദേഹം എത്തിയത്. ആലപ്പുഴയിൽ കൊച്ചു കുട്ടിയെക്കൊണ്ടു വർഗീയ ചുവയുള്ള മുദ്രാവാക്യങ്ങൾ വിളിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ നിശിത വിമർശനങ്ങളാണ് തുടർന്നുണ്ടായത്.

മുഖ്യമന്ത്രിക്ക് എതിരെ ഒരു മയവുമില്ലാതെയായിരുന്നു ആക്രമണം. ‘വർഗീയ ശക്തികളുടെ മുന്നിൽ എത്തുമ്പോൾ മുഖ്യമന്ത്രി എന്തിനാണ് ഇത്ര ദുർബലനാകുന്നത്? വർഗീയ ശക്തികൾക്കു മുന്നിൽ മുട്ടുവിറയ്ക്കുന്ന ഈ മുഖ്യമന്ത്രിയെ ആണോ സിപിഎമ്മുകാർ ക്യാപ്റ്റൻ എന്നു വിളിക്കുന്നത്’? സിപിഎം പ്രവർത്തകരെ ഉദ്ദേശിച്ചായിരുന്നു അടുത്ത പ്രയോഗം– ‘ഈ ക്യാപ്റ്റന്റെ നേതൃത്വത്തിലാണു യുദ്ധം ചെയ്യുന്നതെങ്കിൽ തിരിഞ്ഞോടേണ്ട വഴി കൂടി നിങ്ങൾ നേരത്തേ കണ്ടുവയ്ക്കണം’.

വ്യക്തമായ നിലപാടുകളുടെ ആളായ സതീശൻ ഈ വിഷയത്തിലും നയം വ്യക്തമാക്കി–  ‘‘വിഷലിപ്തമായ മുദ്രാവാക്യം കുട്ടിയെക്കൊണ്ടു വിളിപ്പിച്ചത് ആരാണെന്നു കണ്ടെത്തണം. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിലേക്കു കുന്തമുന പോലെ വന്ന ആ മുദ്രാവാക്യത്തോട് ഒരിക്കലും സന്ധി ചെയ്യാനാകില്ല. വർഗീയ ശക്തികളുമായി യുഡിഎഫ് സന്ധി ചെയ്യില്ല; ഒരിക്കലും’’. സമാനമായ വിമർശനം തന്നെയാണ് നടിയെ പീഡിപ്പിച്ച കേസ് സർക്കാർ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെയും ഉയർത്തിയത്. 

മാധ്യമസമ്മേളനത്തിനു ശേഷം പ്രതിപക്ഷ നേതാവ് വീണ്ടും കൂടിക്കാഴ്ചകളുടെ തിരക്കിലേക്കു പോയി. വൈകിട്ട് 5.45 ആയപ്പോഴാണ് ചളിക്കവട്ടം കണിയാവേലി ജംക്‌ഷനിൽ സ്ഥാനാർഥിയുടെ പ്രചാരണ സ്ഥലത്തെത്തിയത്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ വാഹന പര്യടനം അവിടേക്ക് എത്തുന്നതേയുള്ളൂ. പൈലറ്റ് നേതാക്കളുടെ പ്രസംഗങ്ങൾ ഉഷാർ. സതീശൻ എത്തിയതോടെ ആൾക്കൂട്ടമായി. പാർട്ടി പ്രവർത്തകരോടു സൗഹൃദം പുതുക്കിയും പരിസരവാസികളോട് കുശലം പങ്കുവച്ചും കുട്ടികൾക്കൊപ്പം സെൽഫിക്കു നിന്നു കൊടുത്തും വളരെ വേഗം അവരിലൊരാളായി. ചുറ്റം കൂടിയവർക്കൊപ്പം സ്ഥാനാർഥിയെ കാത്തുനിന്നു. ഇടറോഡിൽ ആൾത്തിരക്കായപ്പോൾ വാഹനങ്ങൾക്കു തടസ്സമില്ലാതെ കടന്നുപോകാൻ വഴിയൊരുക്കാനും പ്രതിപക്ഷ നേതാവു സമയം കണ്ടെത്തി. 

സ്ഥാനാർഥിയുടെ വാഹനവ്യൂഹമെത്തി. സ്ഥാനാർഥിയോട് ചെറുവാക്കുകളിൽ പര്യടന വിശേഷം തിരക്കിയ ശേഷം മടക്കം. രാത്രി വൈകിയും കുടുംബ സംഗമങ്ങളിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തു. ഒടുവിൽ പാർട്ടി ഓഫിസിൽ പ്രചാരണ പരിപാടികളുടെ അവലോകനം. അഭിപ്രായങ്ങൾ, നിർദേശങ്ങൾ, അഴിച്ചു പണികൾ. തിരക്കേറിയ ഒരു ദിനത്തിനു തിരശീല....

English Summary: Thrikkakara by-election V.D. Satheesan campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com