ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ ദൃശ്യങ്ങൾ കോടതിയിൽ നിന്നു ചോർന്നതായുള്ള സംശയം തീർക്കാൻ വിചാരണക്കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളി. മെമ്മറി കാർഡ് ഒരിക്കൽ പരിശോധിച്ച ഫൊറൻസിക് സയൻസ് ലാബിലെ വിദഗ്ധന്റെ മൊഴി വിചാരണക്കോടതി വിശദമായി രേഖപ്പെടുത്തിയതാണെന്നു ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘത്തിന്റെ ആവശ്യം തള്ളിയത്. 

പ്രോസിക്യൂഷന്റെ ആവശ്യം തള്ളി കഴിഞ്ഞ 9നു വിചാരണക്കോടതി വിധി പറഞ്ഞതാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഇത്തരമൊരു വിധി വന്നകാര്യം പ്രോസിക്യൂഷൻ അറിഞ്ഞിട്ടില്ലെന്നു പ്രോസിക്യൂട്ടർ കോ‍ടതിയെ അറിയിച്ചു. കേസന്വേഷിച്ച നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ പേരിൽ ഉത്തരവിന്റെ കോപ്പി അയച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ കേസിൽ ലാബ് വിദഗ്ധനെ പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിച്ചതിനു ശേഷമാണ് കോടതിയുടെ കസ്റ്റഡിയിലുള്ള ദൃശ്യങ്ങൾ പ്രതിഭാഗം ചോർത്തിയതായും ഇത് എട്ടാം പ്രതി ദിലീപ് അടക്കമുള്ളവർ കണ്ടതായുമുള്ള സംവിധായകൻ പി.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുണ്ടായത്.

പൊലീസ് നടത്തിയ തുടരന്വേഷണത്തിൽ ബാലചന്ദ്രകുമാറിന്റെ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. പ്രതികൾ നടിയെ പീ‍ഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നു ചോർന്നതായുള്ള ആരോപണം ശരിവയ്ക്കുന്ന സാഹചര്യ തെളിവുകളും പൊലീസിനു ലഭിച്ചു. ഈ സാഹചര്യത്തിലാണു കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്. മെമ്മറി കാർഡ് വീണ്ടും പരിശോധനയ്ക്കു വിധേയമാക്കണമെന്ന വസ്തുത വിചാരണക്കോടതിയെ ബോധിപ്പിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതോടെ ഇക്കാര്യം ആവശ്യപ്പെട്ട് അതിക്രമത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കാനും വിചാരണക്കോടതിയെ സ്വാധീനിക്കാനും ശ്രമിക്കുന്നതിന്റെ തെളിവായി ശേഖരിച്ച ശബ്ദരേഖകൾ പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ ദിലീപ്, സഹോദരൻ പി.അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ് എന്നിവരുടെ ശബ്ദരേഖകൾ കോടതി പരിശോധിച്ചു. എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി 31നു വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രതിഭാഗത്തിന്റെ വാദവും കോടതി അന്നു കേൾക്കും. ഇപ്പോൾ നടക്കുന്ന തുടരന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണക്കോടതി നിർദേശിച്ചിട്ടുള്ള ദിവസവും അന്നാണ്. 

English Summary: Demand to send memory card in actress attack case for examination denied

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com