ADVERTISEMENT

കോഴിക്കോട് ∙ പൊതുമേഖലാ സ്ഥാപനമായ സി– ആപ്റ്റിൽ നേതാക്കളുടെ സ്വന്തക്കാർക്കു വേണ്ടി വിരമിക്കൽ പ്രായം സർക്കാർ നീട്ടിക്കൊടുക്കുന്നു. ധന, നിയമ വകുപ്പുകളുടെ എതിർപ്പു മറികടന്നു നടപ്പാക്കുന്ന തീരുമാനം കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകരിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ച ശേഷം ഉത്തരവിറക്കും.

സമാന സ്വഭാവമുള്ള പല സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 60 ആണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ജീവനക്കാർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണു തീരുമാനമെന്നും സി– ആപ്റ്റ് ചെയർപഴ്സൻ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു.

മേയ് 31നു വിരമിക്കേണ്ട 35 പേർക്ക് ഇതോടെ 2 വർഷം കൂടി സർവീസ് ലഭിക്കും. പുതിയ തീരുമാനത്തിന്റെ ഗുണഭോക്താക്കളിൽ ഒരു മന്ത്രിയുടെ സഹോദരൻ, സിപിഎം പ്രാദേശിക നേതാവിന്റെ ഭാര്യ എന്നിവരുണ്ട്. മന്ത്രിയുടെ സഹോദരൻ അടുത്ത വർഷം വിരമിക്കേണ്ടയാളാണ്.

കേരള സർക്കാരിനു കീഴിലെ പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ എന്നിവയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, സെക്രട്ടറി, എംഡി എന്നീ തസ്തികകളിലെ വിരമിക്കൽ പ്രായം ഉയർത്തി കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുടവു പിടിച്ചുള്ള നീക്കത്തിൽ സി–ആപ്റ്റിൽ പക്ഷേ, മുഴുവൻ ജോലിക്കാരുടെയും വിരമിക്കൽ പ്രായം ഉയർത്തും.

ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1200 പേരെ സി–ആപ്റ്റിൽ നിയമിച്ചിരുന്നു. പിന്നീടു വന്ന യുഡിഎഫ് സർക്കാർ ഇവരിൽ 413 പേരെ പിരിച്ചുവിട്ടു. ഇവർ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഒഴിവു വരുമ്പോൾ ഇവർക്കു നിയമനം നൽകണമെന്നു കോടതി ഉത്തരവിട്ടു. ഇവർ വർഷങ്ങളായി ജോലിക്കായി കാത്തുനിൽക്കുകയാണ്. ഇതിനിടെയാണ് പുതിയ തീരുമാനം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു മന്ത്രി ബിന്ദു പറഞ്ഞു.

English Summary: Pension age to be hiked in C apt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com