ADVERTISEMENT

കൊച്ചി∙ നടിയെ പീഡിപ്പിച്ചെന്ന കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ആലപ്പുഴ സ്വദേശി സാഗർ വിൻസന്റിന്റെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ബന്ധുക്കളും ചേർന്നു നടത്തുന്ന വസ്ത്രാലങ്കാര ശാലയായ ‘ലക്ഷ്യ’യിലെ മുൻജീവനക്കാരനാണു സാഗർ വിൻസന്റ്. 2017 ഫെബ്രുവരി 17നു നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന സംഭവത്തിനു ശേഷം ഒളിവിൽ കഴിയുന്ന ഘട്ടത്തിൽ മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) ഒരു കൂട്ടാളിക്കൊപ്പം ലക്ഷ്യയിലെത്തിയതായി സാഗർ അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. എന്നാൽ വിസ്താരത്തിനിടയിൽ കൂറുമാറിയ സാഗർ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റി.

പ്രതിഭാഗം അഭിഭാഷകൻ പണം നൽകിയാണു സാഗർ വിൻസന്റിന്റെ മൊഴിമാറ്റിയതെന്ന സൂചനയുള്ള ടെലിഫോൺ സംഭാഷണങ്ങൾ പിന്നീടു പൊലീസിനു ലഭിച്ചതോടെയാണു മജിസ്ട്രേട്ട് കോടതി മുൻപാകെ സാഗർ വിൻസന്റിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം അപേക്ഷ നൽകിയത്. കേസിലെ നിർണായക തൊണ്ടി മുതലായ മെമ്മറി കാർഡ് വീണ്ടും സൈബർ പരിശോധനകൾക്കു വിധേയമാക്കാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജി കഴിഞ്ഞ 9നു തള്ളിയതായി കോടതി ഇന്നലെ പ്രോസിക്യൂഷനെ അറിയിച്ചിരുന്നു.

9നു ശേഷം 13, 19 തീയതികളിൽ കേസിന്റെ ആവശ്യങ്ങൾക്കു വേണ്ടി അന്വേഷണ സംഘം വിചാരണക്കോടതിയിൽ എത്തിയെങ്കിലും ഹർജി തള്ളിയ ഉത്തരവ് കണ്ടിരുന്നില്ല. എന്നാൽ ഈ കേസ് റജിസ്റ്റർ ചെയ്ത നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലേക്ക് ഉത്തരവ് 17–ാം തീയതി സാധാരണ പോസ്റ്റായി കോടതിയിൽ നിന്ന് അയച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് 9–ാം തീയതിയിലെ ഉത്തരവ് പ്രോസിക്യൂഷനും അന്വേഷണ സംഘവും അതിനു ശേഷം 2 തവണ കോടതിയിൽ നേരിട്ട് എത്തിയിട്ടും അറിയാതെ പോയതെന്നു കണ്ടെത്താൻ പൊലീസ് സമാന്തര അന്വേഷണം ആരംഭിച്ചു. 

English Summary: Investigation team takes statement from Sagar Vincent in Dileep case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com