ADVERTISEMENT

കൊച്ചി/തിരുവനന്തപുരം/കോട്ടയം ∙ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മുൻ എംഎൽഎ പി.സി.ജോർജ് ജയിൽമോചിതനായി. ജാമ്യവ്യവസ്ഥ ലംഘിച്ച ജോർജിനെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കഴിഞ്ഞ ദിവസം 14 ദിവസത്തേക്കു റിമാൻഡ് ചെയ്തെങ്കിലും ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് ഒരു ദിവസത്തെ സെൻട്രൽ ജയിൽ വാസത്തിനുശേഷം മോചനം ലഭിച്ചത്.

എറണാകുളം വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. 2 ഹർജികളും ജസ്റ്റിസ് പി.ഗോപിനാഥാണു പരിഗണിച്ചത്. പ്രായവും രോഗവും കണക്കിലെടുത്ത കോടതി പി.സി.ജോർജ് 33 വർഷം നിയമസഭാംഗമായിരുന്നു എന്നതും പരിഗണിച്ചു. 

അന്വേഷണത്തിൽ ഇടപെടരുതെന്നും സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും ഉൾപ്പെടെ കർശന ഉപാധികളോടെയാണു ജാമ്യം. മതവിദ്വേഷം വളർത്തുന്നതോ മതവികാരം വ്രണപ്പെടുത്തുന്നതോ ആയ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്നു വിധിയിൽ പറയുന്നു.

ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോർജ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. 

ജയിൽ കവാടത്തിൽ ബിജെപി പ്രവർത്തകർ വൻസ്വീകരണം നൽകി. ഇതിനിടെ മാധ്യമപ്രവർത്തകരെ ചില ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു. ക്യാമറകൾ തകർത്തു. തന്നെ ജയിലിൽ ഇട്ട പിണറായി വിജയനു നാളെ തൃക്കാക്കരയിൽ മറുപടി പറയുമെന്നു ജോർജ് പറഞ്ഞു.‌

കോട്ടയത്ത് പി.സി.ജോർജിന് കേരള ജനപക്ഷം സെക്കുലർ പ്രവർത്തകർ സ്വീകരണം നൽകി. രാത്രി പത്തോടെ തിരുനക്കരയിൽ എത്തിയ ജോർജിനെ മാലയിട്ടും പുഷ്പവൃഷ്ടി നടത്തിയും മധുരം നൽകിയും സ്വീകരിച്ചു. രാത്രി 11.20ന് അദ്ദേഹം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി.‌ 

English Summary: PC George released from jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com