ADVERTISEMENT

കൊച്ചി ∙ കാക്കനാട് കലക്ടറേറ്റ് ജംക്‌ഷനിലെ മുനിസിപ്പൽ ഓപ്പൺ എയർ സ്റ്റേജ്. സമയം രാത്രി 7. നിറഞ്ഞ സദസ്സിനു മുന്നിൽ എ.കെ.ആന്റണി പ്രസംഗിക്കുകയാണ്. അപ്പോൾ അതുവഴി കടന്നുപോയ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്ന് ഉച്ചത്തിൽ വോട്ടഭ്യർഥന. ആന്റണി പ്രസംഗം നിർത്തി ചെവിയോർത്തു. ‘‘അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വികസനത്തിന്റെ വർണക്കുട മാറ്റം സൃഷ്ടിച്ച ഇടതുപക്ഷത്തിന്റെ ....’’ വാഹനം കടന്നുപോയതിനു പിന്നാലെ ആന്റണിയുടെ കമന്റ്: ‘‘എന്റെ പൊന്നേ, ഇങ്ങനെയൊക്കെ പറയാമോ! കേരളത്തിൽ വികസന വിരോധത്തിന്റെ ട്രോഫി ആർക്കെങ്കിലും കൊടുക്കണമെങ്കിൽ‌ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമാണ് അതിനർഹത. കേരളത്തിന്റെ വികസനം തകർത്ത പാർട്ടിയാണു സിപിഎം.’’ അതോടെ കാണികളുടെ നിലയ്ക്കാത്ത കരഘോഷം. 

പതിഞ്ഞ താളത്തിലാണ് ആന്റണിയുടെ സംസാരം. പക്ഷേ, എൽഡിഎഫ് സർക്കാരിനെ വിമർശിക്കുമ്പോൾ ആ സ്വരം മുറുകും, ശബ്ദം ഉയരും! ‘‘ഭരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന നിങ്ങൾ അർഹിക്കുന്നതു പിറന്നാൾ സമ്മാനമല്ല. ശക്തമായ താക്കീതാണ്. 99 സീറ്റ് കിട്ടിയതു പോരേ, നന്നായി ഭരിക്കാൻ? അതിനു പകരം ഉത്തരവാദിത്തം വലിച്ചെറിഞ്ഞ്, ഭരണം ചീഫ് സെക്രട്ടറിയെയും കലക്ടർമാരെയും ഏൽപിച്ച്, മന്ത്രിസഭ ഒന്നടങ്കം തൃക്കാക്കരയിൽ തമ്പടിച്ചിരിക്കുന്നതു തെറ്റാണ്. ക്രിമിനൽ കുറ്റമാണ്. നിങ്ങൾ അർഹിക്കുന്നതു ദുർഭരണത്തിനുള്ള താക്കീതാണ്. ഷോക്ക് ട്രീറ്റ്മെന്റാണ്’’– ആന്റണിയുടെ വാക്കുകൾ. 

നീട്ടാമായിരുന്നില്ലേ, മെട്രോ കാക്കനാടു വരെ? 

ak-antony-2
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കുന്ന എ.കെ ആന്റണി. സമീപം പി.കെ. കുഞ്ഞാലിക്കുട്ടിയും വി.ഡി. സതീശനും. ചിത്രം∙ ഇ.വി. ശ്രീകുമാർ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പു വിജയത്തിനായി കൈമെയ് മറന്നു പോരാടുന്ന യുഡിഎഫ് അണികളിൽ ആവേശം വിതറിയാണു കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൂടിയായ ആന്റണി കളത്തിലിറങ്ങിയത്. ഇന്നലെയാണ് അദ്ദേഹം ആദ്യമായി തൃക്കാക്കരയിൽ പൊതുപരിപാടികളിൽ പങ്കെടുത്തത്. രാവിലെ മാധ്യമ സമ്മേളനത്തിൽ ഇടതു സർക്കാരിനെ വിചാരണ ചെയ്ത അദ്ദേഹം സിപിഎം ഉയർത്തുന്ന വികസന വാദം പൊള്ളയാണെന്നു സ്ഥാപിക്കാൻ ഉദാഹരിച്ചതു മുൻ കോൺഗ്രസ് സർക്കാരുകളുടെ വികസന നേട്ടങ്ങൾ. 

ak-antony-1
വേദിയിൽ പി.കെ കുഞ്ഞാലിക്കുട്ടിയും എ.കെ. ആന്റണിയും. ചിത്രംം∙ ഇ.വി. ശ്രീകുമാർ

മാധ്യമ സമ്മേളനത്തിനു ശേഷം വയലാർ രവിയെ സന്ദർശിക്കാൻ വാഴക്കാലയിലെ വസതിയിയിലേക്ക്. എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനുമൊപ്പമാണ് ആന്റണി ചെന്നത്. പിന്നീട് ഇരുവരും കെഎസ്‌യു കാലം മുതലുള്ള പഴയ സ്മരണകൾ പങ്കുവച്ചു മേഴ്സിയെ വിവാഹം കഴിച്ചപ്പോൾ ആന്റണിയാണ് ഒന്നാം സാക്ഷിയെന്ന് രവി. പക്ഷേ, രണ്ടാം സാക്ഷിയായിരുന്ന എ.സി.ജോസിനാണ് ചീത്തവിളി കൂടുതൽ കേൾക്കേണ്ടി വന്നതെന്ന് എ.കെ.ആന്റണി. അച്ഛൻ വലിയ ദേഷ്യക്കാരനും കണിശക്കാരനുമായിരുന്നെന്ന് വയലാർ രവി പറഞ്ഞപ്പോൾ മകനും ഒട്ടും മോശമല്ലെന്ന് ആന്റണിയുടെ ഓർമപ്പെടുത്തൽ. 

ak-antony-3
പി.കെ കുഞ്ഞാലിക്കുട്ടി, എ.കെ.ആന്റണി, വി.ഡി. സതീശൻ. ചിത്രംം∙ ഇ.വി. ശ്രീകുമാർ

ഇപ്പോൾ കോൺഗ്രസും കമ്യൂണിസ്റ്റും കണ്ണൂർകാരുടെ കൈയിലാണെന്ന് വയലാർ രവി പറഞ്ഞു ചിരിച്ചപ്പോൾ പണ്ട് ഇതൊക്കെ ആലപ്പുഴക്കാരുടെയായിരുന്നെന്ന സൂചനയിൽ രണ്ട് ആലപ്പുഴക്കാരുടെ ഒപ്പം നിന്ന് ബെന്നിയും ഹൈബിയും ചിരിയിൽ പങ്കു ചേർന്നു രവിയെ സന്ദർശിച്ച ശേഷം ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ ഉച്ചഭക്ഷണത്തിനായി ഒത്തുചേർന്നതു മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷന്റെ വസതിയിൽ . 

‘ആഘോഷം രണ്ടിന് ആക്കിയതു നന്നായി’

പൊതുയോഗത്തിനായി ആന്റണി കാക്കനാട് എത്തും മുൻപേ വേദി നിറഞ്ഞിരുന്നു; സദസ്സും. യുഡിഎഫിന്റെ മുൻനിര നേതാക്കൾ ഒന്നായി എത്തിയ സമ്പന്ന വേദി. പി.െക.കുഞ്ഞാലിക്കുട്ടിയും പി.ജെ.ജോസഫും എൻ.കെ.പ്രേമചന്ദ്രനും സി.പി.ജോണുമൊക്കെ എൽഡിഎഫിനെ വിമർശന വാൾ മുനയാൽ കീറി മുറിച്ച ശേഷമായിരുന്നു ആന്റണിയുടെ പ്രസംഗം. എൽഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയവും വിദ്വേഷ രാഷ്ട്രീയവും വിഷയമാക്കി ആളിക്കത്തിയപ്പോൾ സദസ്സിനൊപ്പം നേതാക്കളും ആവേശം കൊണ്ടു. 

AK Antony
കാക്കനാട് കലക്ടറേറ്റ് ജംക്‌ഷനിലെ മുനിസിപ്പൽ ഓപ്പൺ എയർ സ്റ്റേജിലേക്ക് എത്തുന്ന എ.കെ ആന്റണി. ചിത്രം. ഇ.വി. ശ്രീകുമാർ

‘‘ഒരു കാര്യത്തിൽ പിണറായിയുടെ ബുദ്ധിയെ നമിയ്ക്കുകയാണ്. സർക്കാരിന്റെ വാർഷികാഘോഷ സമാപനം ജൂൺ 2 നു നടത്താൻ നിശ്ചയിച്ചതു നന്നായി. വോട്ടെണ്ണുന്ന മൂന്നിന് ആയിരുന്നെങ്കിൽ എന്തായേനേ സ്ഥിതി? ആകെ കൂട്ടക്കരച്ചിലായി മാറിയേനെ!’’ – കയ്യടികൾക്കിടെ ആന്റണിയുടെ പ്രസംഗത്തിനു തിരശീല വീണതോടെ യോഗത്തിനും പര്യവസാനം. രാത്രി വൈകി വെണ്ണലയിലേക്ക്. അവിടെയും ആന്റണിയുടെ വാക്കുകൾക്കായി ജനം കാത്തിരുന്നു. 

ak antony
വേദിയിലേക്ക് കയറുന്ന എ.കെ. ആന്റണി. ചിത്രം∙ ഇ.വി. ശ്രീകുമാർ

Content Highlight: Thrikkakara by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com