ADVERTISEMENT

തിരുവനന്തപുരം ∙ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുമെങ്കിലും അതു പ്രയോഗിക്കുന്നതു സംബന്ധിച്ചു വനം വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തും. ഇതിനായി ചീഫ് വൈൽഡ്‌ ലൈഫ് വാർഡ‍ൻ പ്രത്യേക മാർഗരേഖ തയാറാക്കും. മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങിയ ശേഷമാകും ഇത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപഴ്സൻ, കോർപറേഷൻ മേയർ എന്നിവരെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഓണററി വൈൽഡ്‌ലൈഫ് വാർഡൻ‍മാരായി പ്രഖ്യാപിച്ച ശേഷം കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള അധികാരം കൈമാറാനാണു സർക്കാർ തീരുമാനം. എന്നാൽ, ഇവരുടെ അധികാരപ്രയോഗത്തിൽ പൂർണ നിയന്ത്രണം തങ്ങൾക്ക് ഉണ്ടാകണമെന്നാണു വകുപ്പിന്റെ നിലപാട്.

കാട്ടുപന്നികളെ കൊല്ലുന്ന‍തിനും ജഡം സംസ്കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ചും വ്യവസ്ഥയുണ്ടാക്കും. നിലവിൽ തോക്ക് ലൈസൻസുള്ള തദ്ദേശ സ്ഥാപന പ്രതിനിധികളുടെ വിവരങ്ങൾ വനം വകുപ്പു ശേഖരിക്കും. മൃഗവേട്ട സംബന്ധിച്ച കേസുകൾ ഇവർക്കെതിരെ ഉണ്ടോ എന്നു പ്രത്യേകം അന്വേഷിക്കും. തോക്ക് ലൈസൻസ് ഉള്ള‍വരെ പഞ്ചായത്ത് എംപാനൽ ചെയ്യുമ്പോൾ സമാന്തര അന്വേഷണം നടത്തിയ ശേഷമാകും അംഗീകാരം നൽകുക.

കാട്ടുപന്നിയുടെ ജഡം മറവു ചെയ്യുന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ജഡം കത്തി‍ക്കാനോ മണ്ണെണ്ണയൊഴിച്ചു മറവു ചെയ്യാനോ പാടില്ലെന്നും ശാസ്ത്രീയ മാർഗം മാത്രം അവലംബിക്കണം എന്നുമാണു തീരുമാനം. ഇത് എങ്ങനെയാണെന്നു വ്യക്തമല്ല. പരിസ്ഥിതിക്കു ദോഷം വരുത്താത്ത രീതിയിൽ കുഴിച്ചു മൂടുന്നതും പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയേക്കും.

പഞ്ചായത്ത് ജീവനക്കാർ ഉട‍ക്കിൽ

കാട്ടുപന്നിയെ വെടി‍വയ്ക്കാനുള്ള ചുമതല ത‍ദ്ദേശ സ്ഥാപനങ്ങളെ ഏ‍ൽപിച്ചതിൽ വകുപ്പിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഇത് അധികഭാരം ഉണ്ടാക്കുമെന്നതിനാൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പഞ്ചായത്ത് എംപ്ലോ‍യീസ് ഓർഗനൈസേഷൻ മന്ത്രി എം.വി.ഗോവിന്ദനു നിവേദനം നൽകി.

Content Highlights: Wild Boar, Forest Department, Government of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com