ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ എത്തിയ ശേഷം അതിൽ നിന്നു ദൃശ്യങ്ങൾ ചോർന്നതായി സൂചനയുള്ള ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് അന്വേഷണ സംഘത്തിനു ലഭിച്ചത് 2 വർഷത്തിനു ശേഷം. ദൃശ്യങ്ങൾ ചോർന്ന വിവരം രേഖപ്പെടുത്തിയ ഫൊറൻസിക് റിപ്പോർട്ട് 2020 ജനുവരി 21നാണു തയാറാക്കിയിട്ടുള്ളത്. ഈ വിവരം പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും അറിയുന്നത് 2022 ഫെബ്രുവരിയിലാണ്. 2020 ജനുവരിയിൽ തയാറാക്കിയ റിപ്പോർട്ട് എന്നാണു വിചാരണക്കോടതിയിൽ ലഭിച്ചതെന്ന വിവരം ഇപ്പോഴും വ്യക്തമല്ല.

മെമ്മറി കാർഡ് പരിശോധിച്ച ഫൊറൻസിക് വിദഗ്ധനെ പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിച്ച ഘട്ടത്തിൽ പോലും ഇത്തരമൊരു ഫൊറൻസിക് റിപ്പോർട്ട് നിലവിലുള്ള വിവരം അന്വേഷണ സംഘവും പ്രോസിക്യൂഷനും അറിയാതിരുന്നതു വലിയ വീഴ്ചയാണ്. ഇതെങ്ങനെയാണു സംഭവിച്ചതെന്നു പരിശോധിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപി നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് കോടതിക്കു കൈമാറാതെ ഫൊറൻസിക് ലാബിൽ പൂഴ്ത്തിയതാണോ, കോടതിയിൽ റിപ്പോർട്ട് എത്തിയ വിവരം അന്വേഷണ സംഘത്തെ അറിയിക്കാതിരുന്നതാണോയെന്നാണു പരിശോധിക്കുന്നത്.

നടിയെ പീഡിപ്പിച്ചതിന്റെ പിറ്റേന്നു 2017 ഫെബ്രുവരി 18നാണു മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയെന്നു കരുതുന്ന ദൃശ്യങ്ങൾ മെമ്മറി കാർഡിലേക്കു കോപ്പി ചെയ്തിട്ടുള്ളത്. 2017 ഫെബ്രുവരി 20നു പൾസർ സുനിയുടെ അഭിഭാഷകൻ തൊണ്ടി മുതലായ മെമ്മറി കാർഡ് അങ്കമാലി മജിസ്ട്രേട്ട് മുൻപാകെ സമർപ്പിച്ചു. കോടതിയുടെ കസ്റ്റഡിയിലെത്തിയ മെമ്മറി കാർഡിലെ ഫയലുകൾ ആദ്യമായി തുറന്നു പരിശോധിച്ചിട്ടുള്ളത് 2018 ഡിസംബർ 13നാണ്. ഇതിനു ശേഷം പല തവണ ഇതേ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഫൊറൻസിക് റിപ്പോർട്ടാണ് അന്വേഷണ സംഘത്തിനു ലഭിക്കാതെ 2 വർഷത്തോളം ഇരുട്ടിലിരുന്നത്. 

Content Highlight: Malayalam actress attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com