ADVERTISEMENT

തിരുവനന്തപുരം ∙ ഗുണനിലവാര പരിശോധനയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ കരാറുകാരനു മരാമത്ത് പണിയുടെ ബിൽ തുക നൽകാനോ അതിനായി ശുപാർശ ചെയ്യാനോ പാടില്ലെന്ന് ഉദ്യോഗസ്ഥർക്കു മരാമത്ത് ഭരണവിഭാഗം ചീഫ് എൻജിനീയറുടെ സർക്കുലർ. വകുപ്പ് നേരിട്ടു നടത്തുന്ന പരിശോധനയിൽ നിലവാരമില്ലെന്നു കണ്ടെത്തിയാൽ നിർമാണം തുടരണോ, നിർത്തിവയ്ക്കണോ എന്ന് എക്സിക്യൂട്ടീവ് എൻജിനീയർക്കു തീരുമാനിക്കാം. ബിൽ തയാറാക്കുന്നതു പോലും അതിനുശേഷം മതിയെന്നും നിർദേശിക്കുന്നു. ഗുണനിലവാരം ഉ‌‌റപ്പാക്കാൻ പിഡബ്ല്യുഡി മാനുവലിലുള്ള നിർദേശങ്ങളൊന്നും പല ഉദ്യോഗസ്ഥരും പാലിക്കുന്നില്ലെന്ന വിമർശനത്തോടെയാണ് ഈ നിർദേശങ്ങൾ. ഇവ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

പരിശോധന 3 തരത്തിൽ 

നിർമാണവുമായി ബന്ധപ്പെട്ടു 3 തരത്തിലുള്ള ലാബ് പരിശോധനയാണു നിർദേശിക്കുന്നത്. ആദ്യത്തെ പരിശോധന നടത്തേണ്ടതു കരാറുകാരനാണ്. 2 കോടി രൂപയ്ക്കു മുകളിലുള്ള ജോലിയാണെങ്കിൽ നിർമാണ സ്ഥലത്തു തന്നെ കരാറുകാരൻ ലാബ് സജ്ജീകരിക്കണം. കരാർ നൽകുന്ന സ്ഥാപനം ഇത് ഉറപ്പാക്കണം. 2 കോടിക്കു താഴെയാണെങ്കിൽ അംഗീകൃത ലാബിൽ പരിശോധിക്കാം. 

രണ്ടാമത്തെ പരിശോധന മരാമത്ത് വകുപ്പു നടത്തേണ്ടതാണ്. ഇതിൽ അപാകത കണ്ടെത്തിയാൽ മൂന്നാമത്തെ പരിശോധന പുറത്തുള്ള സ്ഥാപനം വഴി നടത്തണം. കോൺക്രീറ്റ് സാംപിളാണു പരിശോധിക്കുന്നതെങ്കിൽ രണ്ടാമത്തെ പരിശോധനയുടെ ഫലം വന്ന് ഒരാഴ്ചയ്ക്കകം തന്നെ മൂന്നാം പരിശോധന നടത്തണം. രണ്ടാമത്തെ പരിശോധനയുടെ സമയത്തു തന്നെ അതിനായി സാംപിൾ ശേഖരിക്കണം. 

ആദ്യ പരിശോധനയുടെ ഫലം കരാറുകാരനിൽ നിന്നു വാങ്ങി റജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടത് ഓവർസീയറുടെയും അസിസ്റ്റന്റ് എൻജിനീയറുടെയും ചുമതലയാണ്. അസി.എക്സിക്യൂട്ടീവ് എൻജിനീയർ മേൽനോട്ടം വഹിക്കുകയും ലാബ് അംഗീകൃതമാണെന്ന് ഉറപ്പാക്കുകയും വേണം. ആദ്യ പരിശോധനാ ഫലം കൂടി ഉൾപ്പെടുത്തി വേണം രണ്ടാമത്തെ പരിശോധനയ്ക്കു സർട്ടിഫിക്കറ്റ് നൽകേണ്ടത്. 

15 ലക്ഷത്തിൽ താഴെയെങ്കിൽ സർട്ടിഫിക്കറ്റ് വേണ്ട

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കു സാങ്കേതികാനുമതി നൽകാൻ കഴിയുന്ന പരിധിക്കു (15 ലക്ഷം രൂപ) താഴെയുള്ള ജോലികളുടെ ബിൽ പാസാക്കാൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. എന്നാൽ, എസ്റ്റിമേറ്റ് ഇതിനു മുകളിലാണെങ്കിൽ ആദ്യത്തെ ഗുണനിലവാര പരിശോധനയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ ബിൽ തുക അനുവദിക്കില്ല. രണ്ടാമത്തെ പരിശോധനയ്ക്കു സാംപിൾ എടുത്തിരിക്കുന്ന ഏതെങ്കിലും നിർമാണം ഈ ബില്ലിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ ആ പരിശോധനാഫലവും കിട്ടിയാലേ ബിൽ പാസാക്കുകയുള്ളൂ. 

English Summary: Public works department chief engineer's circular regarding works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com