തീക്കാറ്റിൽ തൃക്കാക്കര; ഇന്ന് കലാശക്കൊട്ട്, മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്, യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്, എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്, യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്, എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ
SHARE

കൊച്ചി ∙ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച തീക്കാറ്റിൽ തൃക്കാക്കര ഇളകിമറിയുന്നതിനിടെ പരസ്യ പ്രചാരണം ഇന്നു തീരുന്നു. രണ്ടാം പിണറായി സർ‍ക്കാർ നേരിടുന്ന ആദ്യ ഉപതിരഞ്ഞെടുപ്പിനായി മണ്ഡലം മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്. ജൂൺ മൂന്നിനാണു വോട്ടെണ്ണൽ. 

ഉമ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ. രാധാകൃഷ്ണൻ (എൻഡിഎ) എന്നിവർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിൽ വികസന ചർച്ചകൾക്കായിരുന്നു മുൻതൂക്കമെങ്കിൽ പിന്നീട് അന്തരീക്ഷമാകെ രാഷ്ട്രീയ വാക്പോരിന്റെ കനലുകളെരിഞ്ഞു. സിൽവർലൈൻ ഉൾ‍പ്പെടെയുള്ള വികസന പദ്ധതികൾ മുന്നോട്ടുവച്ച് പ്രചാരണത്തിനു തുടക്കമിട്ട എൽഡിഎഫ്, അപകടം മണത്ത് അൽപം വഴി മാറി. സിൽവർലൈൻ വിരുദ്ധ വികാരം സജീവമാക്കിനിർത്തിയും സ്വന്തം വികസന ചരിത്രം ഓർമിപ്പിച്ചുമായിരുന്നു യുഡിഎഫിന്റെ ബദൽ പ്രചാരണം. 

പോരിന്റെ മൂർധന്യത്തിൽ വിദ്വേഷ രാഷ്ട്രീയം പുറത്തുവന്നതും സ്ഥാനാർഥിക്കെതിരെ വ്യാജ വിഡിയോ പ്രചാരണം നടന്നതും പതിവില്ലാത്ത കാഴ്ചകളായി. വിഡിയോ പ്രചരിപ്പിച്ചവരിൽ ചിലരെ പിടികൂടിയെങ്കിലും അതിനു തുടക്കമിട്ടവരെ കണ്ടെത്താത്തതും ചർച്ചയായി. പി.സി.ജോർജിന്റെ പ്രസംഗങ്ങളും അറസ്റ്റും നാടകമെന്നു യുഡിഎഫ് ആക്ഷേപിച്ചപ്പോൾ സർക്കാരിന്റെ ഉറച്ച നിലപാടിന്റെ തെളിവായി വ്യാഖ്യാനിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുവച്ചുള്ള കള്ളക്കളിയെന്നാണ് എൻഡിഎ അറസ്റ്റിനെ വിശേഷിപ്പിച്ചത്. 

cartoon

മന്ത്രിമാരുടെ നേതൃത്വത്തിൽ സമുദായ അടിസ്ഥാനത്തിൽ വീടുകയറി പ്രചാരണം നടത്തുന്നുവെന്ന ആരോപണം യുഡിഎഫ് ഉയർത്തി. മന്ത്രിമാർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ടു നേടാൻ ശ്രമിക്കുന്നുവെന്നും ആരോപണമുയർന്നു. പരാജയഭീതിയിൽനിന്നാണ് ഇത്തരം ആക്ഷേപങ്ങളെന്നു ഭരണപക്ഷം തിരിച്ചടിച്ചു. 

എന്റോട്ട് എങ്ങോട്ട്? വിഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ....

പി.ടി.തോമസിന്റെ വിയോഗത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമയ്ക്കു സീറ്റ് നിലനിർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. യുഡിഎഫിനു കിട്ടാറുള്ള വോട്ടുകൾ ചിതറിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനെ നയിക്കുന്നത്. എൽഡിഎഫിനും യുഡിഎഫിനും അനായാസം കീഴടങ്ങില്ലെന്ന മുന്നറിയിപ്പാണ് എൻഡിഎയുടേത്. ഇക്കുറി മത്സര രംഗത്തില്ലാത്ത ട്വന്റി 20–ആംആദ്മി സഖ്യത്തിന്റെ വോട്ടുകൾ 3 മുന്നണികളും പ്രതീക്ഷിക്കുന്നുവെന്നതും തൃക്കാക്കരയിലെ കൗതുകം. 

എക്സിറ്റ് പോളിനു വിലക്ക്

തിരുവനന്തപുരം ∙ വോട്ടെടുപ്പ് നടക്കുന്ന 31നു രാവിലെ 7 മുതൽ വൈകിട്ട് 6 വരെ എക്‌സിറ്റ് പോൾ നടത്തുന്നതും എക്‌സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. അഭിപ്രായ സർവേയോ മറ്റു തിരഞ്ഞെടുപ്പു സർവേയോ ഇലക്‌ട്രോണിക് മാധ്യമങ്ങളിൽ ഇന്നു വൈകിട്ട് 6 മുതൽ 31നു വൈകിട്ട് 6 വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Content Highlight: Thrikkakara by-election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS