ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു 33% പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ അടിയന്തരമായി പാസാക്കണമെന്നു വനിതാ സാമാജികരുടെ ദേശീയ സമ്മേളനം കേന്ദ്രസർക്കാരിനോടും രാഷ്ട്രീയപാർട്ടികളോടും ആവശ്യപ്പെട്ടു. 26 വർഷമായി ലോക്സഭയിൽ ബിൽ കുടുങ്ങിക്കിടക്കുകയാണ്. 2010 ൽ രാജ്യസഭ പാസാക്കിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലെങ്കിലും ഇതു പാസാക്കാൻ നടപടി വേണമെന്നു മന്ത്രി ആർ.ബിന്ദു അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. 

സ്വകാര്യ, പൊതു, സൈബർ ഇടങ്ങളിൽ അവഹേളനപരവും സ്ത്രീവിരുദ്ധവുമായ പെരുമാറ്റം തടയാനുള്ള നിയമനിർമാണം നടത്തണമെന്നു മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബഹുമാന്യരും മുതിർന്നവരുമായ രാഷ്ട്രീയ നേതാക്കളും ഇരകളാകുന്നുവെന്നു തമിഴ്നാട് എംഎൽഎ എ.തമിഴരശി അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. 

1961 ൽ സ്ത്രീധന നിരോധന നിയമം വന്നെങ്കിലും ഇപ്പോഴും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതു നിയമത്തിലെ പഴുതുകൾ കൊണ്ടാണെന്ന്, സമാപന ദിവസത്തെ സെമിനാറിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ ചൂണ്ടിക്കാട്ടി. സെമിനാറുകളിൽ പശ്ചിമ ബംഗാൾ മന്ത്രി ഡോ.ശശി പഞ്ച, ഡൽഹി ഡപ്യൂട്ടി സ്പീക്കർ രാഖി ബിർല, മു‍ൻ മന്ത്രി പി.കെ.ശ്രീമതി, മുൻ എംഎൽഎ ഇ.എസ്.ബിജിമോൾ, രാജസ്ഥാൻ മന്ത്രി മമത ഭൂപേഷ്, ഹരിയാന എംപി സുനിത ദഗ്ഗൽ, പഞ്ചാബ് എംഎൽഎ ഇന്ദ്രജിത് കൗർ, രാജസ്ഥാൻ മുൻ മന്ത്രി അനിത ഭാട്ടീൽ, ഒ.എസ്.അംബിക എംഎൽഎ എന്നിവർ പങ്കെടുത്തു. 

രണ്ടു ദിവസത്തെ സമ്മേളനത്തിന്റെ സമാപന പരിപാടി സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തിന് എക്കാലവും പ്രധാന നടപടികളെടുത്ത സംസ്ഥാനമെന്ന നിലയ്ക്കാണു രാജ്യത്തെ ആദ്യത്തെ വനിതാ സാമാജിക സമ്മേളനം കേരളം തുടങ്ങിവച്ചതെന്നും മറ്റു സംസ്ഥാന നിയമസഭകളും ഇതു സംഘടിപ്പിക്കണമെന്നും സ്പീക്കർ പറഞ്ഞു. മന്ത്രി ആർ.ബിന്ദു മുഖ്യപ്രഭാഷണം നടത്തി. 

മന്ത്രി വീണാ ജോർജ്, ഛത്തീസ്ഗഡ് മന്ത്രി അനേല ഭേദിയ, ഗുജറാത്ത് മന്ത്രി നിമിഷ ബെൻ, ഒഡീഷ മന്ത്രി പത്മിനി ദിയാൻ, പുതുച്ചേരി മന്ത്രി ചന്ദിര പ്രിയങ്ക, കേരള നിയമസഭ സെക്രട്ടറി എസ്.വി.ഉണ്ണിക്കൃഷ്ണൻനായർ എന്നിവർ പ്രസംഗിച്ചു. 

വനിതാ സാമാജികർക്ക് ഉച്ചയ്ക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിരുന്നൊരുക്കി. ഗവർണറും പത്നി രേഷ്മയും ഒപ്പം ഭക്ഷണം കഴിക്കാനുമെത്തി. ഇന്നു പൊൻമുടി, അഷ്ടമുടിക്കായൽ, കന്യാകുമാരി എന്നിവിടങ്ങളിലേക്കു വിനോദയാത്ര ഒരുക്കിയിട്ടുണ്ട്. 

English Summary: Women representatives conference demands woman reservation bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com