തിരുവനന്തപുരം∙ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിനകത്തെ ആവശ്യങ്ങൾക്കുള്ള അപേക്ഷാ ഫോമുകളും സർട്ടിഫിക്കറ്റുകളും മലയാളത്തിൽ മാത്രം മതിയെന്ന് ഔദ്യോഗിക ഭാഷാ സമിതിയുടെ നിർദേശം. ഭാഷ ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ ഒഴിവാക്കി ഇതു നടപ്പാക്കണമെന്നാണു ശുപാർശ.
അസിസ്റ്റന്റ്, ക്ലാർക്ക് തസ്തികയിൽ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർ പ്രബേഷൻ കാലാവധി പൂർത്തിയാകും മുൻപ് മലയാളം ടൈപ്പിങ് പരീക്ഷ കൂടി ജയിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി വി.പി.ജോയ് അധ്യക്ഷനായ സമിതി ശുപാർശ ചെയ്തു. നിലവിലുള്ളവർക്ക് മലയാളം ടൈപ്പിങ്ങിൽ പരിശീലനം നൽകണം.
ശബ്ദതാരാവലി ഔദ്യോഗിക ഭാഷാ വകുപ്പ് തന്നെ ഓൺലൈനായി പുറത്തിറക്കും. സി–ഡിറ്റ്, മലയാളം സർവകലാശാല, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാവും ഇത്. നിലവിൽ സ്വകാര്യ ഏജൻസിയാണു ശബ്ദതാരാവലി ഓൺലൈനായി ലഭ്യമാക്കിയിട്ടുള്ളത്. ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ഓൺലൈൻ നിഘണ്ടുവും പരിഷ്കരിക്കും.
സർക്കാർ വെബ്സൈറ്റുകളിൽ ഇംഗ്ലിഷ് ഭാഷയും ഉപയോഗിക്കാമെങ്കിലും ഡിഫോൾട്ട് പേജുകൾ മലയാളത്തിൽ ആയിരിക്കണമെന്ന മുൻ നിർദേശം നടപ്പാക്കും. പുതിയ ലിപി അനുസരിച്ചുള്ള യൂണികോഡ് ഫോണ്ടുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന വിധത്തിൽ ലഭ്യമാക്കും.
Content Highlights: Application Form, Malayalam