ADVERTISEMENT

പത്തനംതിട്ട ∙ കോട്ടയം വഴി ഇരട്ടപ്പാത തുറക്കുന്നതോടെ കേരളത്തിനു പുതിയ ട്രെയിനുകൾക്കുള്ള വഴി കൂടിയാണു തുറക്കുന്നത്. ചിങ്ങവനം–ഏറ്റുമാനൂർ ഒറ്റവരിപ്പാത എന്ന കുപ്പിക്കഴുത്തായിരുന്നു ട്രെയിനുകളുടെ സുഗമമായ ഓട്ടത്തിനും പുതിയ ട്രെയിനുകൾ ലഭിക്കുന്നതിനും പ്രധാന തടസ്സമായി റെയിൽവേ ചൂണ്ടിക്കാട്ടിയിരുന്നത്.  

വരുമോ രാജധാനി?

കോട്ടയം വഴി രാജധാനി ട്രെയിൻ എന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി ആഴ്ചയിൽ 3 ദിവസം ആലപ്പുഴ, കൊങ്കൺ വഴിയാണു സർവീസ് നടത്തുന്നത്. സർവീസില്ലാത്ത 3 ദിവസം രാജധാനി കോട്ടയം വഴി ഓടിക്കാൻ എംപിമാർ സമ്മർദം ചെലുത്തണം. ചെന്നൈ, വിജയവാഡ, നാഗ്പുർ റൂട്ടിലാണു പുതിയ രാജധാനി വേണ്ടത്. 2017ൽ കോട്ടയം റൂട്ടിലൂടെ തിരുവനന്തപുരം–കണ്ണൂർ ശതാബ്ദി ഓടിക്കാനായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. പാത ഇരട്ടിപ്പിക്കൽ കഴിഞ്ഞാൽ ഈ സർവീസ് സാധ്യമാണെന്നായിരുന്നു വിലയിരുത്തൽ. 

കൂടുതൽ പ്ലാറ്റ്ഫോമുകൾ വന്നതോടെ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നു കോട്ടയത്തേക്കു ട്രെയിനുകളോടിക്കാൻ കഴിയും. അറ്റകുറ്റപ്പണി സൗകര്യമില്ലെങ്കിലും പ്ലാറ്റ്ഫോം ടേൺ എറൗണ്ട് രീതിയിൽ മറ്റു സ്ഥലങ്ങളിൽ നിന്നു കോട്ടയത്തേക്കു  ട്രെയിനോടിക്കാൻ പറ്റും. വെള്ളം നിറയ്ക്കാനും കോച്ച് വൃത്തിയാക്കാനുമുള്ള സൗകര്യം കോട്ടയത്തുണ്ട്. ശബരിമല സീസണിൽ കൊല്ലത്തിനു പുറമേ കോട്ടയത്തേക്കും സ്പെഷലുകൾ ഉണ്ടാകും.

പ്രഥമ പരിഗണന കോട്ടയത്തിന്

കേരളത്തിനു പുതിയ ട്രെയിനുകൾ അനുവദിക്കുമ്പോൾ കോട്ടയം റൂട്ടിനായിരിക്കും ഇനി പ്രഥമ പരിഗണന. ജൂണിൽ സ്പെഷൽ സർവീസ് ആരംഭിക്കുന്ന എറണാകുളം–വേളാങ്കണ്ണി (കോട്ടയം, കൊല്ലം വഴി) തിരക്കുണ്ടെങ്കിൽ പ്രതിദിനമാക്കുന്നതു പരിഗണിക്കുമെന്നു  റെയിൽവേ അറിയിച്ചിട്ടുണ്ട്. എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ് കോവിഡിനു മുൻപു എറണാകുളത്തു നിന്നു കോട്ടയം പാസഞ്ചറായി രാവിലെ സർവീസ് നടത്തിയിരുന്നു. ഇനി ഇതു കോട്ടയം–കാരയ്ക്കൽ എക്സ്പ്രസായി ഒറ്റ ട്രെയിനായി ഓടിക്കാൻ കഴിയും. 

ബെംഗളൂരു, മുംബൈ ട്രെയിനുകൾ കോട്ടയത്തു നിന്നു വേണമെന്നതും ദീർഘനാളായുള്ള ആവശ്യമാണ്. മുംബൈ എൽടിടി– എറണാകുളം തുരന്തോ എക്സ്പ്രസ് കോട്ടയത്തേക്കു നീട്ടാം. ജനറേറ്റർ കാറിൽ ഇന്ധനം നിറയ്ക്കുന്നതു എറണാകുളത്തിനു പകരം മംഗളരുവിലേക്കു മാറ്റിയാൽ ഇതു ചെയ്യാൻ കഴിയും. പാത ഇരട്ടിപ്പിക്കലിന്റെ പേരിൽ 2 വർഷം മുൻപു ആലപ്പുഴ വഴിയാക്കിയ കൊച്ചുവേളി–യോഗനഗരി ഋഷികേശ്, തിരുവനന്തപുരം–ചെന്നൈ വീക്ക്‌ലി ട്രെയിനുകൾ കോട്ടയം വഴിയാക്കുകയോ പകരം ട്രെയിൻ അനുവദിക്കുകയോ വേണം. മഡ്ഗാവ്–എറണാകുളം പ്രതിവാര ട്രെയിനും പുണെ–എറണാകുളം ട്രെയിനും കോട്ടയത്തേക്കു നീട്ടാൻ പറ്റും.

ഇരട്ടിപ്പിച്ചാൽ മാത്രമായില്ല

കേരളത്തിനു കൂടുതൽ  ട്രെയിനുകൾ കിട്ടണമെങ്കിൽ തിരുവനന്തപുരം ഭാഗത്തു ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം വർധിപ്പിക്കണം. തിരുവനന്തപുരത്തു ട്രെയിൻ നിർത്താൻ പ്ലാറ്റ്ഫോം ഇല്ലാത്ത സ്ഥിതിയാണ്. ഇതിനു പരിഹാരം കാണാനുള്ള 2 പദ്ധതികളും ഒച്ചിഴയുന്ന വേഗത്തിലാണു പുരോഗമിക്കുന്നത്. കൊച്ചുവേളി സ്റ്റേഷനിൽ അഡീഷനൽ പ്ലാറ്റ്ഫോമുകളുടെ നിർമാണം  പണമില്ലാത്തതു കാരണം വൈകുന്നു. നേമം ടെർമിനൽ പദ്ധതിയുടെ എസ്റ്റിമേറ്റിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല.  2019 മാർച്ചിൽ ടെർമിനലിനു തറക്കല്ലിട്ടെങ്കിലും 3 കൊല്ലം കഴിഞ്ഞിട്ടും പദ്ധതിക്കു മേൽ റെയിൽവേ ബോർഡ് അടയിരിക്കുകയാണ്. 

Content Highlight: Chingavanom - Ettumanoor path

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com