ചൂളം വിളിക്കും സന്തോഷം; പ്രതിസന്ധികളെല്ലാം മറികടന്ന് കോട്ടയം ഇരട്ടപ്പാത യാഥാർഥ്യം

trains-77
SHARE

കോട്ടയം ∙ ബൈപാസ് ചികിത്സ നടത്തി കേരളത്തിന്റെ ഹൃദയത്തിലെ ആ ‘ബ്ലോക്ക്’ പരിഹരിച്ചു. ഇനി ഇടതടവില്ലാതെ ട്രെയിനോട്ടം. കേരളത്തിലെ റെയിൽ വികസനത്തിലെ ബ്ലോക്ക് ആയിരുന്ന ചിങ്ങവനം–ഏറ്റുമാനൂർ റൂട്ടിലെ 16.7കിലോമീറ്റർ ദൂരം ഇരട്ടപ്പാതയാകുന്നതോടെ കൂടുതൽ റെയിൽ വികസന പദ്ധതികൾ കേരളത്തിലേക്ക് എത്തുമെന്നാണു പ്രതീക്ഷ.

2019 ജൂൺ 11നാണ് കോട്ടയം ഇരട്ടപ്പാതയുടെ അവസാനഘട്ട ‘ശസ്ത്രക്രിയ’ ആരംഭിച്ചത്. അന്നത്തെ കലക്ടർ പി.കെ.സുധീർ ബാബുവുമായി റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലമേറ്റെടുപ്പു സംബന്ധിച്ചു നടത്തിയ ചർച്ചയായിരുന്നു നിർണായകം. അതിരമ്പുഴ, പെരുമ്പായിക്കാട്, മുട്ടമ്പലം വില്ലേജുകളിലെ 170 പേരിൽ നിന്ന് 3.9872 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനുള്ള പദ്ധതി രൂപപ്പെട്ടത് അവിടെയാണ്.  

പ്രതിസന്ധികൾ ഒട്ടേറെ

സ്ഥലമെടുപ്പായിരുന്നു പ്രധാന വെല്ലുവിളി. 2019ൽ കോട്ടയത്തുണ്ടായ പ്രളയം, പിന്നാലെ എത്തിയ കോവിഡ് അടച്ചിടൽ, ലേബർ ക്യാംപുകളിൽ കോവിഡ് പടർന്നത്, 2021ൽ തുടർച്ചയായി പെയ്ത മഴ, ജില്ലയുടെ മലയോര മേഖലയിലെ ഉരുൾ പൊട്ടൽ തുടങ്ങി ഒട്ടേറെ പ്രതിസന്ധികൾ കഴിഞ്ഞ രണ്ടു വർഷത്തിനിടെ താണ്ടിയാണ് ഇരട്ടപ്പാത പൂർത്തിയാകുന്നത്. മുഴുവൻ സ്ഥലവും ഏറ്റെടുത്തുവെന്നു പലവട്ടം പ്രഖ്യാപിച്ചെങ്കിലും ചില സ്ഥലങ്ങളിൽ കുറച്ചു സ്ഥലമെടുപ്പ് ബാക്കിയായി. ഇവയും ഏറ്റെടുത്തതോടെ 2021 ഡിസംബർ 31ന് മുൻപ് പാത കമ്മിഷൻ ചെയ്യുമെന്നു റെയിൽവേ പ്രഖ്യാപിച്ചു. എന്നാൽ,  പൂർത്തിയായില്ല. 

മുട്ടമ്പലം അടിപ്പാതയുടെ സമീപന പാതയ്ക്കുള്ള സ്ഥലം, പൂവന്തുരുത്ത് മേൽപാലത്തിനു സമീപത്തെ സ്ഥലം എന്നിവ ഏറ്റെടുക്കൽ പിന്നീടും വൈകി. ഒടുവിൽ, ഈ മാർച്ചിൽ പാത കമ്മിഷൻ ചെയ്യുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തന്നെ ഉറപ്പു നൽകിയെങ്കിലും നടന്നില്ല.  തുടർന്ന്, തോമസ് ചാഴികാടൻ എംപി വിളിച്ച യോഗത്തിൽ മേയ് 31ന് മുൻപ് പാത തുറക്കാമെന്നു റെയിൽവേ അന്തിമ ഉറപ്പുനൽകി.  

കോട്ടയം ഇനിയും മാറും

ബ്ലോക്ക് മാറ്റി ട്രെയിനോട്ടം സുഗമമാക്കുന്നെങ്കിലും ശസ്ത്രക്രിയ നടത്തിയ പ്രധാന സ്റ്റേഷനായ കോട്ടയം ആരോഗ്യം വീണ്ടെടുക്കാൻ ഇനിയും സമയമെടുക്കും. കോട്ടയം റെയിൽവേ സ്റ്റേഷൻ വികസനം പൂർത്തിയാകണമെങ്കിൽ ഡിസംബർ വരെ കാത്തിരിക്കണം. സ്റ്റേഷന്റെ നവീകരണം, രണ്ടാം കവാടം നിർമാണം തുടങ്ങിയവ ഇനിയും ബാക്കിയുണ്ട്. ഇരട്ടപ്പാത തുറന്നാലും കോട്ടയം യാഡിലെ പണിയും ബാക്കിയുണ്ട്. 

നാഗമ്പടത്ത് എംസി റോഡിലേക്കു തുറക്കുന്ന രീതിയിലാണ് രണ്ടാം കവാടത്തിന്റെ രൂപരേഖ. 150 കാറുകൾ പാർ‍ക്ക് ചെയ്യാൻ സാധിക്കുന്ന പാർക്കിങ് ഏരിയയും പ്രത്യേകതയാണ്. ഒന്നാം കവാടം പുനർനിർമിച്ചിട്ടുണ്ട്. ഇവിടെ എസ്കലേറ്റർ, ലിഫ്റ്റ്, ഒന്നാം പ്ലാറ്റ്ഫോമിലെ ശീതീകരിച്ച വിശ്രമസൗകര്യം തുടങ്ങിയവ പൂർത്തിയാകാനുണ്ട്. റെയിൽവേ സ്റ്റേഷനു ചുറ്റുമുള്ള റോഡുകളും തകർന്നു കിടക്കുകയാണ്. 

ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകൾക്കും പുതിയ മുഖം ലഭിച്ചു. കുമാരനല്ലൂർ ഹാൾട്ട് സ്റ്റേഷനിൽ വരെ ഒരു പ്ലാറ്റ്ഫോം ഉണ്ടായി. ചെറുസ്റ്റേഷനുകളും പിറവം റോഡ്, വൈക്കം റോഡ്, ഏറ്റുമാനൂർ ചങ്ങനാശേരി തുടങ്ങിയ സ്റ്റേഷനുകളും നവീകരിച്ചു. കോട്ടയം സ്റ്റേഷനു സമ്പൂർണ രൂപമാറ്റമായി. 5 പ്ലാറ്റ്ഫോമുകൾ വരുന്നതോടെ കോട്ടയം സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന എക്സ്പ്രസ് ട്രെയിൻ സർവീസുകൾക്കാണ് ഇനി യാത്രക്കാർ കാത്തിരിക്കുന്നത്. 

English Summary: Kottayam railway double line

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA