ഇന്നു രാവിലെ ഹാജരാകാൻ നോട്ടിസ്; എന്നാൽ ജോർജ് തൃക്കാക്കരയിലേക്ക്

HIGHLIGHTS
  • തൃക്കാക്കരയിൽ ഇന്നു മുഖ്യമന്ത്രിക്കു മറുപടി നൽകുമെന്നു ജോർജ് പറഞ്ഞിരുന്നു
pc-george
പിസി ജോർജ്.
SHARE

തിരുവനന്തപുരം ∙ വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 11 ന് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിൽ ഹാജരാകാൻ മുൻ എംഎൽഎ പി.സി.ജോർജി‍നു പൊലീസ് നോ‍ട്ടിസ് നൽകിയെങ്കിലും അദ്ദേഹം ഹാജരാകില്ല. രാവിലെ 6.30ന് വീട്ടിൽ നിന്ന് തൃക്കാക്കരയ്ക്ക് പുറപ്പെടും. ഇന്ന് എത്താൻ കഴിയില്ല എന്ന് പൊലീസിനെ ജോർ‌ജ് അറിയിച്ചു. ഹൈക്കോടതി നൽകിയ ജാമ്യത്തിൽ വെള്ളിയാഴ്ച വൈകിട്ടു ജയിൽമോചിതനായ ജോർജ് തൃക്കാക്കരയിൽ ഇന്നു ബിജെപിക്കായി ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനു പോകാനിരിക്കെയാണു ഫോർട്ട് അസി.കമ്മിഷണർ എസ്.ഷാജി നോ‍ട്ടിസ് നൽകിയിരുനന്നത്.

തന്നെ ജയിലിൽ ഇട്ട മുഖ്യമന്ത്രി പിണറായി വിജയ‍നുള്ള മറുപടി ഇന്നു തൃക്കാക്കരയിൽ നൽകുമെന്നും പറയാനുള്ളതു പറയുമെന്നും എന്നാൽ നിയമം ലംഘിക്കി‍ല്ലെന്നും പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങിയ ഉടനെ ജോർജ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അതിനു പൊലീസ് തടയിട്ടതാണെന്ന് ആരോപണം ഉയർന്നിരുന്നു.

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗക്കേസിന്റെ ഭാഗമായി കൂടുതൽ ചോദിച്ചറി‍യാനുണ്ടെന്നും അതിനായി ഹാജരാകണ‍മെന്നുമാണു പൊലീസ് അറിയിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ജോർജിന് ഇൗരാറ്റുപേട്ട പൊലീസിന്റെ നോട്ടിസ് ലഭിച്ചു. തൊട്ടുപിന്നാലെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ നിന്നു പൊലീസുകാർ ജോർജിന്റെ വസതിയിലെത്തി നോട്ടിസ് നൽകി.

അന്വേഷണത്തോടു സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും ഉൾപ്പെടെയുള്ള ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതിനാൽ ഇന്നു ഹാജരാ‍കാതിരുന്നാൽ അതു കോടതി നിർദേശത്തിന്റെ ലംഘനമായി അന്വേഷണ ഉദ്യോഗസ്ഥർ കോട‍തിയെ അറിയിക്കും. അങ്ങനെയെങ്കിൽ ജാമ്യം കോടതി റദ്ദാക്കാനും വീണ്ടും അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്കു കടക്കാനും സാധ്യതയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണു ജോർജിനു നോട്ടിസ് നൽ‍കിയതെന്നും മറ്റ് ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഫോർട്ട് പൊലീസ് പറഞ്ഞു.

പി.സി.ജോർജിന്റെ അറസ്റ്റ് വർഗീയ വിഷം പരത്തുന്ന‍വർക്കുള്ള ഫസ്റ്റ് ഡോസ് ആണെന്നും ആട്ടിൻ‍തോലിട്ട ചെന്നായ വരുന്നതു രക്തം കു‍ടിക്കാനാണെന്നും ആട്ടിൻ‍കൂട്ടത്തിന് അതു നന്നായി അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനിടെ തൃക്കാക്കരയിൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയിൽ നടത്തിയ വിവാദ പ്രസംഗത്തെത്തുടർന്നാണ് ജോർജ് അറസ്റ്റിലായത്.

നോട്ടിസ് നൽകിയത് മനഃപൂർവം: ഷോൺ

തിരുവനന്തപുരം ∙ തൃക്കാക്കരയിലെ പ്രചാരണത്തിൽ പി.സി.ജോർജിനെ പങ്കെടുപ്പിക്ക‍രുതെന്ന വാശി‍യോടെയാണു പൊലീസ് നോട്ടിസ് നൽകിയതെന്നു ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു. ഇതു മനഃപൂർവമാണ്. പിണറായി വിജയനു ഭ്രാന്താണ്. ജോർജിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സമയമുണ്ടായിട്ടും പൊലീസ് അതിനു തയാറായില്ല. ഹൈ‍ക്കോടതി ഉത്തരവ് കൃത്യമായി അനുസരിക്കും. നിയമലംഘനം നടത്തില്ല – ഷോൺ പറഞ്ഞു.

English Summary: PC George may give a miss to police questioning on Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA