കോട്ടയം STARS

train-2
ഫയല്‍ ചിത്രം.
SHARE

മലയാളികളുടെ മനസ്സിലേക്കു ചൂളം വിളിച്ചെത്തിയ മിക്ക ട്രെയിനുകളും ഓടുന്നതു കോട്ടയം വഴിയാണ്. ഇവയിൽ പലതും സാഹിത്യത്തിലും സിനിമയിലുമെല്ലാം ഇടംപിടിച്ചിട്ടുമുണ്ട്. രാജ്യത്തു തന്നെ ഏറ്റവും യാത്രാദൈർഘ്യമുള്ള ട്രെയിനും കോട്ടയം വഴി പോകുന്നു. 

മീറ്റർഗേജ് പരിഷ്കരിച്ച് 1975 നവംബർ 24ന് ആണ് ബ്രോഡ്ഗേജ് പാത തുറന്നത്. ഇതോടെ കോട്ടയം വഴിയുള്ള റൂട്ട് കേരളത്തിന്റെ ജീവനാഡിയായി മാറി. അതുവരെ കൽക്കരിയിലും ഇടയ്ക്കു ഡീസലിലും ഓടുന്ന കൊല്ലം– കോട്ടയം, എറണാകുളം– കൊല്ലം തുടങ്ങിയ പാസഞ്ചറുകളും ചരക്കു ബോഗികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2006ൽ ആണു കോട്ടയംപാത വൈദ്യുതീകരിച്ചത്.

ഒരു കൊളംബോ; രണ്ട് മധുര

1956 മുതൽ ഇന്ത്യയുടെ ഏതു ഭാഗത്തേക്കുമുള്ള ട്രെയിൻ ടിക്കറ്റ് കോട്ടയത്തു നിന്നു ബുക്ക് ചെയ്യാമായിരുന്നു.  രാമേശ്വരം വരെ ട്രെയിനിലെത്തി ബോട്ടിൽ ശ്രീലങ്കയിലെ തലൈമന്നാറിലേക്കു പോകുന്ന ബോട്ട് മെയിൽ സംവിധാന പ്രകാരം കോട്ടയത്തു നിന്നു ശ്രീലങ്കയിലേക്കും ടിക്കറ്റ് കിട്ടുമായിരുന്നു. 

വേണാട് 

1973 ഡിസംബർ 14 

തിരുവനന്തപുരം–കോട്ടയം–എറണാകുളം റൂട്ടിൽ ദിവസേനയുള്ള യാത്രാ ട്രെയിൻ ആരംഭിച്ചു. എൽ 746–ാം നമ്പർ ഡീസലൈസ്ഡ് ട്രെയിൻ എന്നായിരുന്നു ആദ്യം ഇത് അറിയപ്പെട്ടത്. അന്നത്തെ ഗതാഗതമന്ത്രി എം.എൻ.ഗോവിന്ദൻ നായരായിരുന്നു ഉദ്ഘാടകൻ. വൈകാതെ കേരളത്തിന്റെ ഹൃദയം കവർന്ന വേണാടായി മാറി ഈ ട്രെയിൻ. 

ജയന്തി ജനത 

1976 ജനുവരി 26 

ജനതാ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ജയന്തി ജനതാ ട്രെയിനുകളിൽ ഒരെണ്ണം കേരളത്തിനും ലഭിച്ചതോടെ 1976 ജനുവരി 26 മുതൽ എറണാകുളം– മുംബൈ റൂട്ടിൽ ജയന്തി ജനത എക്സ്പ്രസ് ആരംഭിച്ചു. 1978 ഏപ്രിൽ ഒന്നു മുതൽ ഇതു തിരുവന്തപുരത്തു നിന്നായി. മദ്രാസ്– കൊച്ചി ട്രെയിനും ഇടയ്ക്ക് ജയന്തി എന്ന പേരു വീണിരുന്നു. 

കേരള എക്സ്പ്രസ് 

1977 ജനുവരി 10 

ഡൽഹിയിലേക്കു കോട്ടയം–ബെംഗളൂരു വഴി ആദ്യ ട്രെയിൻ. കേരള–കർണാടക എക്പ്രസ് എന്ന കെകെ എക്സ്പ്രസ്. തിരുവനന്തപുരത്തു നിന്നു വരുന്ന ട്രെയിനുമായി ബെംഗളൂരുവിൽ നിന്നു വരുന്ന ട്രെയിനിലെ കോച്ചുകൾ ജൊലാർപ്പേട്ടയിൽ വച്ച് കൂട്ടിയിണക്കി ഒരുമിച്ചു ഡൽഹിയിലേക്കു പോകുന്നതിനാലാണു രണ്ടു സംസ്ഥാനങ്ങളെയും ചേർത്തു പേരിട്ടത്. സഞ്ചരിക്കുന്ന വായനശാലയും അന്ന് കെകെയുടെ ഭാഗമായിരുന്നു. 1982 ഒക്ടോബറിൽ കർണാടക കോച്ച് മാറ്റി ബെംഗളൂരു തൊടാതെ കെകെ നേരിട്ടു ഡൽഹിയിലേക്ക് ആക്കി. ഇതോടെ കേരള എക്സ്പ്രസെന്നു പേരുമാറ്റി. അതുവരെ മംഗളൂരു– കൊച്ചി എക്സ്പ്രസിനെയാണ് കേരള എന്നു വിളിച്ചിരുന്നത്. 

പരശുറാം 

1982 മേയ് 

തിരുവനന്തപുരത്തു നിന്ന് രാവിലെ പുറപ്പെട്ടു വൈകിട്ടു മംഗളൂരുവിൽ എത്തിച്ചേരുന്ന ഡേ എക്സ്പ്രസിന്റെ തുടക്കം. ആ വർഷം തന്നെ ഇതിന്റെ പേര് പരശുറാം എന്നാക്കി. കൊച്ചി– മേട്ടുപ്പാളയം റൂട്ടിൽ 1944 മുതൽ ഓടിത്തുടങ്ങിയ ടീ ഗാർഡൻ എക്സ്പ്രസാണ് ഇപ്പോൾ കോട്ടയം വഴിയുള്ള വേളാങ്കണ്ണി സർവീസായി മാറിയിരിക്കുന്നത്. 

മദ്രാസ് മെയിൽ

1976 ഡിസംബർ 5 

മദ്രാസ് മെയിൽ കോട്ടയം റൂട്ടിൽ ഓടിത്തുടങ്ങി. 1944 ൽ കൊച്ചി–മദ്രാസ് റൂട്ടിലാണ് തുടക്കമിട്ടത്. ദക്ഷിണ കേരളത്തിൽ നിന്നുള്ള ആദ്യ ചെന്നൈ ട്രെയിൻ. 922 കിലോമീറ്ററാണ് യാത്രദൂരം. മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ച നമ്പർ 20 മദ്രാസ് മെയിൽ എന്ന മലയാള സിനിമ ഷൂട്ട് ചെയ്തത് ഈ ട്രെയിനിലാണ്. 

ഐലൻഡ്    

1977 സെപ്റ്റംബർ 1 

തുടക്കത്തിൽ ബെംഗളൂരു– കൊച്ചി ആയിരുന്ന ഐലൻഡ് എക്സ്പ്രസ് കോട്ടയം, തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്ക് ഓടാൻ തുടങ്ങി. ഇതിന്റെ മുൻഗാമി ആയിരുന്ന ട്രെയിൻ കൊച്ചി വെല്ലിങ്ടൻ ഐലൻഡിലെ ഹാർബർ ടെർമിനസിലാണ് യാത്ര അവസാനിപ്പിച്ചിരുന്നത് എന്നതിനാലാണ് ഇങ്ങനെ പേരു വീണത്. 1988ൽ പെരുമൺ‍ ദുരന്തത്തിൽ പെട്ടത് ഈ ട്രെയിനാണ്. 

വഞ്ചിനാട് 

1984

എറണാകുളത്തു നിന്നു പുലർച്ചെ തിരുവനന്തപുരത്തേക്കു പുറപ്പെടുന്ന സൂപ്പർ എക്സ്പ്രസായി 1984ൽ ആരംഭിച്ച ട്രെയിൻ സർവീസിന് അടുത്ത വർഷം വഞ്ചിനാട് എന്ന് നാമകരണം ചെയ്യുകയായിരുന്നു. പത്ത് വർഷത്തോളം കോട്ടയം, കൊല്ലം സ്റ്റേഷനുകളിൽ മാത്രമായിരുന്നു സ്റ്റോപ്പ്. 

ഓടിയോടി വിവേക്

ഇന്നു രാജ്യത്തു തന്നെ ഏറ്റവും ദീർഘദൂരത്തിൽ ഓടുന്ന വിവേക് എക്സ്പ്രസും (15905) കോട്ടയം വഴിയാണ്. കന്യാകുമാരി മുതൽ അസമിലെ ദിബ്രുഗഡ് വരെ ഏകദേശം 4234 കിലോമീറ്ററാണ് ഇതിന്റെ സഞ്ചാരദൂരം. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ 15 ട്രെയിനുകളുടെ പട്ടികയിൽ ഇതുൾപ്പെടുന്നു. 

English Summary: Trains through kottayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA