ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. മറ്റു വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ തുടർന്നുകൊണ്ട് കോവിഡിനൊപ്പം ജീവിക്കുക എന്നതാണു പ്രധാനമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇതിനൊപ്പം ശക്തമായ ബോധവൽക്കരണവും നടത്തണമെന്ന് ഉന്നത തല യോഗത്തിൽ മന്ത്രി വീണാ ജോർജ് നിർദേശിച്ചു.

കോവിഡ് വ്യാപനം കുറഞ്ഞതോടെ പലരും പ്രതിരോധ വാക്സീൻ എടുക്കാൻ മടിക്കുന്നുണ്ട്. ഇതു ദോഷം ചെയ്യും. വാക്സീനിന്റെ രണ്ടാം ഡോസും കരുതൽ ഡോസും എടുക്കാൻ അർഹരായവർ അതെടുക്കണം. സ്‌കൂൾ തുറന്ന സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും വാക്‌സീനെടുക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കും. പ്രാദേശികമായി വാക്‌സീൻ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്‌സീൻ എടുക്കുന്നു എന്നുറപ്പാക്കാനും ഫീൽഡ് വർക്കർമാരെ ചുമതലപ്പെടുത്തും. കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിവരെ സുരക്ഷിതമാക്കാനുള്ള കരുതൽ നടപടി സ്വീകരിക്കണം. 

കോവിഡ് വ്യാപനം കൂടിയ എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. അനുബന്ധ രോഗങ്ങളുള്ളവർ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ കോവിഡ് പരിശോധന നടത്തി ചികിത്സ തേടണം.

covid

ജാഗ്രതാ നിർദേശവുമായി കേന്ദ്രം

രാജ്യത്തെ കോവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിന് ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ വകുപ്പ്. കർശന നിരീക്ഷണവും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെക്ക് അയച്ച കത്തിൽ നിർദേശിച്ചു.

ഇന്നലെ അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ 31.14 ശതമാനവും കേരളത്തിലാണെന്നും ഇവിടെ ബാധിതരുടെ എണ്ണം മുൻ ആഴ്ചയെക്കാൾ 7.8% ഉയർന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മേയ് 27ന് അവസാനിച്ച ആഴ്ചയിൽ കേരളത്തിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം 4139 ആയിരുന്നത് അടുത്തയാഴ്ച 6556 ആയി. സംസ്ഥാനത്തെ 11 ജില്ലകളിലും രോഗവ്യാപന തോത് ഏറുകയാണ്. അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നാണ് കത്തിലെ നിർദേശം.

ആലുവ ചെങ്ങമനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 15-18 പ്രായക്കാർക്കുള്ള കോവിഡ് വാക്സീനേഷൻ ആരംഭിച്ചതിന്റെ ആദ്യ ദിനത്തിൽ കുത്തിവയ്പെടുക്കുന്ന വിദ്യാർഥി. ചിത്രം: മനോരമ
ആലുവ ചെങ്ങമനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 15-18 പ്രായക്കാർക്കുള്ള കോവിഡ് വാക്സീനേഷൻ ആരംഭിച്ചതിന്റെ ആദ്യ ദിനത്തിൽ കുത്തിവയ്പെടുക്കുന്ന വിദ്യാർഥി. ചിത്രം: മനോരമ

കോവിഡ്; വീണ്ടും ആയിരത്തിന് മുകളിൽ

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിനു മുകളിൽ. ഓരോ ദിവസവും എണ്ണം കൂടുന്നുമുണ്ട്. ഇന്നലെ 1465 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം (479), തിരുവനന്തപുരം (251) ജില്ലകളിൽത്തന്നെയാണ് കൂടുതൽ. ഇന്നലെ 6 മരണം റിപ്പോർട്ട് ചെയ്തു.

English Summary: Covid: No need for any concern, says Kerala Health Minister Veena George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com