ADVERTISEMENT

തിരുവനന്തപുരം ∙ തീര നിയന്ത്രണ മേഖലയിൽ (സിആർസെഡ്) ഇളവ് അഭ്യർഥിച്ചു കേന്ദ്ര പരിസ്ഥിതി സെക്രട്ടറിക്കു സംസ്ഥാന ചീഫ് സെക്രട്ടറി കത്തയച്ചു. 175 പഞ്ചായത്തുകളുടെ സോൺ മാറ്റണമെന്നാണു പ്രധാന ആവശ്യം. കേന്ദ്രം പലതവണ തള്ളിയ കാര്യമാണിത്. കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയെ നേരിൽ കാണാനും ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിർദേശം നൽകി. 

പഞ്ചായത്തുകളുടെ സോൺ മാറ്റത്തിനായി കേരളം മുറുകെപ്പിടിച്ചതോടെ, 2019 ജനുവരിയിലെ സിആർസെഡ് വിജ്ഞാപനം അടിസ്ഥാനമാക്കിയുള്ള തീരപരിപാലന പദ്ധതി തയാറാക്കുന്നത് ഇനിയും വൈകുമെന്നു വ്യക്തമായി. പദ്ധതി തയാറാക്കുന്നതിനു മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയ കാലാവധി ഏപ്രിലിൽ അവസാനിച്ചു. 

സിആർസെഡ് മൂന്നിൽ ഉൾപ്പെടുന്ന 175 പഞ്ചായത്തുകളെ നഗരസ്വഭാവമുള്ള പഞ്ചായത്തുകളാക്കി ഇറക്കിയ വിജ്ഞാപനം അംഗീകരിക്കണമെന്നും ഇവയെ ഇളവുകളുള്ള സിആർസെഡ് രണ്ടിലേക്കു മാറ്റണമെന്നും 6 മാസം മുൻപാണു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, നഗരസഭകളോ നഗരപഞ്ചായത്തുകളോ മാത്രമേ സിആർസെഡ് രണ്ടിൽ വരികയുള്ളൂവെന്നു വ്യക്തമാക്കി കേന്ദ്രം നിരസിച്ചു. തുടർന്ന്, മാർച്ചിൽ സംസ്ഥാന പരിസ്ഥിതി സെക്രട്ടറി വി.വേണു നേരിട്ടും ചീഫ് സെക്രട്ടറി വി.പി.ജോയ്, തദ്ദേശ അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ ഓൺലൈനായും പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും കേന്ദ്രം അയഞ്ഞില്ല.

കൂടുതൽ സമയമെടുത്താൽ പദ്ധതി വൈകുമെന്നതിനാൽ, കേന്ദ്രത്തിന്റെ അന്തിമ മറുപടിക്കായി ഒരു മാസത്തിലേറെ കാത്തിരിക്കേണ്ടെന്നാണു കേരളം അന്നു തീരുമാനിച്ചത്. എന്നാൽ 3 മാസം കഴിഞ്ഞിട്ടും കേന്ദ്രം അനുകൂല മറുപടി നൽകിയില്ല. ഇതിനിടയിൽ കേരളം ഇടപെട്ടുമില്ല. മുഖ്യമന്ത്രിയുടെ അനുവാദത്തിനായി കാത്തിരുന്നുവെന്നാണു വിവരം. കഴിഞ്ഞയാഴ്ച മാത്രമാണ് ചീഫ് സെക്രട്ടറി ആവശ്യം ആവർത്തിച്ചു കേന്ദ്രത്തിനു കത്തയച്ചത്. നഗരസ്വഭാവമുള്ള പഞ്ചായത്തുകളാക്കി വിജ്ഞാപനമിറക്കിയതിന്റെ സാഹചര്യവും നിയമവശവുമെല്ലാം വിശദീകരിച്ചാണു കത്ത്. അഭ്യർഥന വീണ്ടും തള്ളിയാൽ കേരളത്തിനു മറ്റു വഴികളില്ല. നഗരസ്വഭാവമുള്ള പഞ്ചായത്തുകളുടെ സോൺ മാറ്റാതെതന്നെ തീരപരിപാലന പദ്ധതി തയാറാക്കേണ്ടിവരും. 

Content Highlight: Coastal Regulation Zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com