ADVERTISEMENT

തിരുവനന്തപുരം∙ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ പാടേ തള്ളിക്കളയുമ്പോൾ തന്നെ അതിനെതിരെ വൻ രാഷ്ട്രീയ പ്രചാരണ പരിപാടിക്ക് ഒരുങ്ങുകയാണ് സിപിഎം. അതിലെ വൈരുധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, സ്വപ്നയുടെ തുറന്നു പറച്ചിലുകളും അതിനു ലഭിക്കുന്ന മാധ്യമ പ്രചാരണവും തെറ്റിദ്ധാരണകൾ സൃഷ്ടിക്കുമല്ലോ എന്നാണു പാർട്ടിയുടെ മറുപടി. 

പ്രചാരണത്തിന്റെ രൂപഭാവങ്ങൾ നിശ്ചയിക്കാൻ എൽഡിഎഫ് ഉടൻ വിളിച്ചുചേർക്കും. ജില്ലാ തലത്തിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ, ഏരിയ–ലോക്കൽ തലത്തിൽ യോഗങ്ങളും പ്രചാരണ ജാഥകളും എന്നിവയാണു സിപിഎമ്മിന്റെ നിർദേശം. 

സ്വർണക്കടത്ത് കേസ് കത്തിനിൽക്കുമ്പോൾ കേന്ദ്ര ഏജൻസികൾക്കെതിരെ വൻ പ്രചാരണ പരിപാടിയാണു സിപിഎം നടത്തിയത്. എന്നാൽ ഇപ്പോൾ കേന്ദ്രവിരുദ്ധ നീക്കത്തിനു തീരുമാനമില്ല. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള അപവാദ പ്രചാരണവും അതിനു പിന്നിലെ പ്രതിപക്ഷ ഗൂഢാലോചനയും തുറന്നുകാട്ടണമെന്നാണു ധാരണ. സ്വപ്നയുടെ പുതിയ മൊഴി കോടതിയിൽനിന്നു വാങ്ങി കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയാൽ പ്രചാരണത്തിന്റെ ഉന്നം അവരാകും. 

കേന്ദ്ര അന്വേഷണത്തിനു വീണ്ടും ജീവൻ വയ്ക്കാനുള്ള സാധ്യതയും സിപിഎം തള്ളുന്നില്ല. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ പേരു പറഞ്ഞുള്ള സ്വപ്നയുടെ മൊഴി അപകടകരമാണെന്ന് അവർ മനസ്സിലാക്കുന്നു. കേന്ദ്ര ഏജൻസികൾ നേരത്തേ ബിനീഷ് കോടിയേരിക്കെതിരെ നടത്തിയ നീക്കങ്ങളുടെ പ്രത്യാഘാതം പാർട്ടിക്കു ബോധ്യപ്പെട്ടതാണ്. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ സാമ്പത്തികാരോപണങ്ങൾ പ്രചരിപ്പിക്കാൻ മാത്രമാണു പുതിയ ശബ്ദരേഖ സ്വപ്ന ഇന്നലെ പുറത്തുവിട്ടതെന്ന സംശയവും നേതാക്കൾക്കുണ്ട്. 

സ്വപ്ന ജോലി ചെയ്യുന്ന പാലക്കാട്ടെ സന്നദ്ധസംഘടനയ്ക്കു നേതൃത്വം നൽകുന്നവർക്കുള്ള ആർഎസ്എസ് പശ്ചാത്തലം തന്നെയാണു സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ഉയർന്നുവന്നത്. സ്വപ്ന ഉൾപ്പെട്ട സ്വർണക്കടത്തു കേസിലെ മറ്റൊരു പ്രതി സരിത്തിനും അവിടെ ജോലി കൊടുത്തു. ഈ സ്ഥാപനത്തിന്റെ ഒരു പരിപാടിയിൽ പി.സി.ജോർജ് പങ്കെടുത്തിരുന്നു– ഇതെല്ലാം പാർട്ടി വിലയിരുത്തുകയാണ്. മുഖ്യമന്ത്രിയുടെ കൗണ്ട്‌ഡൗൺ തുടങ്ങിയെന്നു തൃക്കാക്കരയിൽ പ്രചാരണത്തിനിടെ ജോർജ് മുന്നറിയിപ്പു നൽകിയത് ഇതുമായി കൂട്ടി വായിക്കുന്നവരുമുണ്ട്. 

തൊട്ടുമുന്നിൽ തിരഞ്ഞെടുപ്പ് ഇല്ലാത്ത ഈ സമയത്തു മുഖ്യമന്ത്രിക്കെതിരെ വൻ നീക്കത്തിനു ബിജെപി എന്തിനു തുനിയണമെന്ന ചോദ്യം പാർട്ടിയുടെ നേതൃതലത്തിലുണ്ട്. പാർട്ടിയുടെ പ്രസക്തി സ്ഥാപിച്ചു നിർത്താനാണെന്നാണ് വിലയിരുത്തൽ. സമരം ചെയ്തിട്ടു നിങ്ങൾക്കു പ്രയോജനമില്ലെന്നും യുഡിഎഫിനാണു ഗുണം ചെയ്യുകയെന്നും കോടിയേരി ബിജെപി നേതൃത്വത്തെ ഉപദേശിച്ചതും ശ്രദ്ധേയം. 

ബിജെപി ക്യാംപിനോടു ചാഞ്ഞു നിൽക്കുന്ന പി.സി.ജോർജിന്റെ പങ്ക് കണക്കിലെടുത്താണു സ്വപ്നയെയും അദ്ദേഹത്തെയും ഒരേ കേസിൽ കുടുക്കിയത്. ദേശവിരുദ്ധ ശക്തികളുമായി ഒരു മുഖ്യമന്ത്രിക്കു ബന്ധമുണ്ടെന്ന് ആരോപിച്ചവർക്കെതിരെ സർക്കാരിന്റെയും പൊലീസിന്റെയും എല്ലാ അധികാരവും ഉപയോഗിക്കാനാണു പാർട്ടി നിർദേശം. 

സ്വപ്നയെ പൂട്ടാൻ മാത്രമല്ല, സമരങ്ങൾ മുൻകൂട്ടി നിയന്ത്രിക്കാൻ വരെ തീരുമാനിച്ചതിനെ തുടർന്നാണു കണ്ണൂരിൽ സംഘർഷം ഉണ്ടാകുമെന്ന പേരിൽ കെപിസിസി പ്രസിഡന്റിനു നോട്ടിസ് നൽകിയത്. സോളർ കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റ് വളഞ്ഞ പാർട്ടി, സ്വന്തം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങൾ നേരിടാൻ സ്വീകരിച്ച ഈ മാർഗം ചർച്ച ചെയ്യപ്പെടും. 

English Summary: CPM to defend allegations against chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com