പാലക്കാട് ∙ പാർട്ടി പ്രവർത്തകയുടെ വീട്ടിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ വച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി എ.ഷാജഹാനെതിരെയാണു (30) വീട്ടമ്മയുടെ പരാതിയിൽ ടൗൺ സൗത്ത് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. സംഭവത്തെത്തുടർന്നു ഷാജഹാൻ ഒളിവിലാണ്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം തിരിച്ചറിഞ്ഞ വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്തു വീണു. ഫോൺ പരിശോധിച്ചപ്പോൾ ഷാജഹാന്റേതാണെന്നു തിരിച്ചറിഞ്ഞു. തുടർന്നു മൊബൈൽ ഫോൺ സഹിതം വീട്ടമ്മ സൗത്ത് പൊലീസിൽ പരാതി നൽകി. കൂടുതൽ തെളിവു ശേഖരിക്കുന്നതിനായി മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവം വിവാദമായതിനെത്തുടർന്നു ഷാജഹാനെ പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തതായി പുതുശേരി ഏരിയ കമ്മിറ്റി അറിയിച്ചു. ഇയാൾക്കെതിരെ ജില്ലാ കമ്മിറ്റി നടപടിയുണ്ടാകുമെന്നാണു വിവരം.
English Summary: CPM Branch Secretary booked for trying to film woman bathing in Palakkad